ഒരു ഗ്രാമം വരക്കുകയാണ്

Hashim KT

മുഹ്സിന്‍ മുട്ടയത്ത്
>> അവധിക്കാലം കൂടി

Orisa

   നാളികേരവും മാവും നെല്‍കൃഷിയും പ്ളാവും ഒക്കെ സമൃദ്ധമായ കേരളത്തെ ഓര്‍മിക്കും വിധം ഭാര്‍ഗവി നദീ തീരത്തുളള ഒരു സുന്ദരമായ ഗ്രാമം. പ്രകൃതി ഈ ഗ്രാമത്തെ അലങ്കരിച്ച് സുന്ദരിയാക്കുമ്പോള്‍ ഇവിടുത്തെ ഗ്രാമീണര്‍ വരച്ചുകൊണ്ട് ഈ ഗ്രാമത്തിന്റെ മനോഹാരിത ഉയര്‍ത്തുകയാണ്. അവരുടെ ഊണും ഉറക്കവും കലയാണ്. പ്രകൃതിയുടെ വരദാനമെന്നോണമാണ്‌ ഈ ഗ്രാമീണ സൃഷ്ടികള്‍.

ഒറീസ്സയിലെ പുരി ജില്ലയിലാണ് മഹത്തായ കലാപാരമ്പര്യം കൊണ്ട് സമൃദ്ധമായ രഗുരാജ്പൂര്‍ എന്ന ഈ കൊച്ചു ഗ്രാമം. പുരി നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ യാത്രചെയ്താല്‍ ചെമ്മണ്ണ് പാകിയ ഒരു റോഡ് നിങ്ങളെ സ്വാഗതം ചെയ്യുന്നത് രംഗുരാജ്പൂരിലേക്കായിരിക്കും. ഈ ഗ്രാമത്തിന്റെ പടിവാതില്‍ക്കലുളള ഗേറ്റ് കടന്നാല്‍ നിങ്ങളെത്തുക മനോഹരമായ ലോകത്തേക്കായിരിക്കും. 'ഇന്ത്യന്‍ ഗ്രാമണീതയെ ആസ്വദിക്കൂ' എന്ന പ്രവേശന അഭിവാദ്യങ്ങള്‍ സ്ഥാപിച്ചു കൊണ്ട് ഒറീസ്സന്‍ ടൂറിസം വകുപ്പ് ഈ ഗ്രാമത്തെ ഏറ്റെടുത്തിരിക്കുകയാണ്.
ഒരു ലഘുകാവ്യം പോലെയാണ് ഈ ഗ്രാമത്തിന്റെ ഘടന. കിഴക്കുനിന്നും പടിഞ്ഞാറോട്ടേക്ക് നീണ്ടുകിടക്കുന്ന രണ്ട് നിരകളാണ് ഈ ഗ്രാമത്തിലെ വീടുകള്‍ നിലകൊളളുന്നത്. പഞ്ചായത്തീരാജ് സംവിധാനമാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. 'ലൂണ്‍ ഭഗവത് ആംഗി' എന്നാണ് ഈ ഗ്രാമത്തിന്റെ നടുവിലുളള മീറ്റീംഗ് സ്ഥലം അറിയപ്പെടുന്നത്. ഈ ഗ്രാമത്തിന്റെ നടുവില്‍ നിരവധി കൊച്ചു അമ്പലങ്ങളും നിരന്ന് കിടക്കുന്നുണ്ട്. ഈ അമ്പലങ്ങളെല്ലാം 'ബുആസുനി' (ഗ്രാമദേവി), ഗ്രാംദേവതി, രാധാമോഹന്‍, ഗോപിനാഥ്, രംഗുനാഥ്, ലക്ഷമിനാരായണ്‍, ഗൌരംഹ് എന്നീ ദൈവങ്ങള്‍ക്ക് അര്‍പ്പിച്ചതാണ്.
ഓരോ ഗ്രാമങ്ങള്‍ക്കുമെന്ന പോലെ ഈ ഗ്രാമത്തിനും അതിന്റെതായ വ്യക്തിത്വമുണ്ട്. എന്നാല്‍ ഒരു വ്യത്യസ്തമായ ഗ്രാമത്തെ കാണാനല്ല ടൂറിസ്റുകള്‍ രംഗുരാജ്പൂരിലേക്ക് വരുന്നത്. മറിച്ച് ഒറീസ്സന്‍ കലയെ ഒരിടത്തുനിന്നും ഒറ്റയിരുപ്പില്‍ കണ്ടു തീര്‍ക്കാനാണ്‌. പദചിത്ര, ടാല്‍പാത്ര, കോക്കനറ്റ് പെയിന്റിംഗ്, ലക്കറി പെയിന്റിംഗ്, പേപ്പര്‍ മാര്‍ട്സ്, ടുബര്‍ പെയിന്റിംഗ്,സ്റോണ് ക്രേവിംഗ്, വുഡണ്‍ ക്രേവിംങ്ങ് തുടങ്ങിയവയാണ് ഇവര്‍ നിര്‍മ്മിക്കുന്ന ഇനങ്ങള്‍. ഗ്രാമത്തിലെ ഓരോരുത്തരും കരകൌശല നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്ന ഇന്ത്യയിലെ ഏകഗ്രാമവുമാണ് രംഗുരാജ്പൂര്‍. 123 ഓളം വീടുകളിലായി 376 ഓളം കലാകാരന്മാരാണ് ഈ ഗ്രാമത്തിലുളളത്. ഓരോ വീട്ടില്‍നിന്നും മൂന്നുപേരെങ്കിലും കരകൌശല വിദ്യയിലേര്‍പ്പെടുന്നു. മൊത്തം ജനസംഖ്യയില്‍ 206 പുരുഷന്മാരും 170 സ്ത്രീകളുമാണുളളത്. സ്ത്രീകള്‍ പുരാണകഥകളുമായി ബന്ധപ്പെട്ട വരകളില്‍ ഏര്‍പ്പെടുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇവരിലെ മിക്ക കലാകാരന്മാരും ദേശീയ അവാര്‍ഡ് ജേതാക്കളുമാണ്. ഒറീസ്സന്‍ കലയുടെ മികച്ചതും വൈവിധ്യവുമായ പൈതൃകം ഈ പെയിംന്റിംഗുകളില്‍ നമുക്ക് കാണാവുന്നതാണ്. പഴയ കരകൌശല വിദഗ്ധനായിരുന്ന ജഗന്നാദ് മഹാപാത്രയെപ്പോലുളളവരുടെ പരിശ്രമ ഫലമായാണ് ഇവരുടെ കല ഇന്ത്യക്കകത്തും പുറത്തും പ്രശസ്തമായത്.
ചിത്രകാരന്മാരായിരുന്നു രംഗുരാജ്പൂരിലേക്ക് ആദ്യം കുടിയേറിയവര്‍. 12-ാം നൂറ്റാണ്ടില്‍ പുരി ശ്രീജഗന്നാഥ ക്ഷേത്രം സ്ഥാപിച്ച അതേ കാലത്ത് തന്നെയാണ് ഈ ഗ്രാമത്തിലേക്ക് ചിത്രകാരന്മാര്‍ കുടിയേറിയതെന്നാണ് കരുതപ്പെടുന്നത്. കരകൌശലവും പെയിന്റിംഗും ഈ ഗ്രാമീണര്‍ക്ക് പാരമ്പര്യ സ്വത്താണ്. ഒരു മാസംകൊണ്ട് ഇവര്‍ 2 പെയിന്റിംഗുകളെങ്കിലും തീര്‍ത്തിരിക്കും. വലിയ പെയിന്റിഗുകള്‍ പൂര്‍ത്തിയാക്കാന്‍ 15 മുതല്‍ 20 ദിവസങ്ങളെടുക്കന്ന ഇവര്‍ പ്രകൃതി ദത്ത നിറങ്ങളാണ് ഉപയോഗിക്കുന്നതെന്നുളളത് ഇവരുടെ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നു. ഓരോ മാസവും 4000 രൂപയോളം സമ്പാദിക്കുന്നു. 350 മുതല്‍ 1500 വരെയാണ് പെയിന്റിഗുകളുടെ വില. കല്‍ക്കത്ത, മുബൈ, ഡല്‍ഹി എന്നിവടങ്ങളിലേക്ക് ചിത്രങ്ങള്‍ കയറ്റി അയക്കാറുമുണ്ട്. ഇത്തരം പെയിന്റിഗുകള്‍ ഒറീസ്സയേയും അതിന്റെ സംസ്കാരത്തെയുമാണ് സൂചിപ്പിക്കുന്നതെന്ന് പാം ലീഫ് ആര്‍ട്ടിസ്റായ ഗോപാല്‍ ദാസ് പറയുന്നു.
ഇവര്‍ക്കുളള സാമ്പത്തിക ഗ്രാന്റുകള്‍ ഒറീസ്സ ഗവണ്‍മെന്റ് നല്‍കുന്നുണ്ടെങ്കിലും ഈ ഗ്രാമത്തില്‍ ഏഴാം ക്ളാസ് വരെയുളള പഠനത്തിനേ സൌകര്യമുളളൂ. തുടര്‍പഠനത്തിന് അയല്‍ഗ്രാമങ്ങളെയാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. കൂടാതെ ഭുവനേശ്വറിലുളള ഗോണ്ടാമുണ്ടാ ട്രൈനിംഗ് സെന്റര്‍, കാംപ്ളക്സ് ട്രൈനിംഗ് സെന്റര്‍ എന്നിവയും ഇവര്‍ക്ക് പെയിന്റിംഗില്‍ പരിശീലനം നല്‍കുന്നു. ഇത്തരം പരിശീലനങ്ങള്‍ കൂടിയാകുമ്പോള്‍ സഹജാവമായ ഇവരുടെ അഭിരുചികളെ പൊന്നിന്റെ മാറ്റുള്ളതാക്കുന്നു.
ലോര്‍ഡ് ജഗന്നാഥ ടെമ്പിളിലെ രഥയാത്രയില്‍ രംഗുരാജ്പൂരിലെ കലാകാരന്മാരുടെ സംഭാവന ശ്രദ്ധേയമാണ്. രഥയാത്രക്ക് വേണ്ടി പ്രത്യേകമായി നിര്‍മ്മിക്കുന്ന വസ്ത്രങ്ങളില്‍ പെയിന്റിംഗ് നടത്തുന്നത് ഈ കലാകാരന്മാരാണ്. ഗോദിവുവ(പഴയ ഒഡീസി ഡാന്‍സ്) രംഗുരാജ്പൂരുകാരുടെ സംഭാവനയാണ്. പത്മവിഭൂഷണ്‍ ഗുരുകേളുചരണ്‍ മഹാപാത്രയുടെ ഗോദിവുവ ഡാന്‍സിലെ സംഭാവന ഇത് പ്രശസ്തമാക്കുന്നതില്‍ നിര്‍ണ്ണായമായിരുന്നു. ദാസദുജഗോദിവുവ ഒഡീസി നൃത്ത പരിഷത്ത് എന്ന അദ്ദേഹത്തിന്റെ ഗുരുകുലത്തില്‍ വെച്ച് ഗ്രാമത്തിലെ കുട്ടികള്‍ക്ക് ഈ കല പഠിപ്പിച്ചിരുന്നു. ഈ കുട്ടികള്‍ ദേശീയ പരിപാടികള്‍ നിറസാന്നിധ്യവുമായിരുന്നു.

Orisa

കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുളള ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലെ വിദ്യാര്‍ത്ഥികളായ ഞങ്ങളെ, സ്ഥാപനമാണ് കലാകാരന്മാരുടെ അത്ഭുത ഗ്രാമത്തിലെക്ക് എത്തിച്ചത്. ഇന്ത്യയിലെ റൂറല്‍ ടൂറിസത്തിന് ഒരു മാതൃകയാണ് ഈ ഗ്രാമം. ഗ്രാമത്തിന്റെ സൌന്ദര്യവും വൈവിധ്യവും ഇനിയും ഞങ്ങളുടെ മനസ്സില്‍ നിന്ന് മായുന്നില്ല. വിട ചൊല്ലിപ്പിരിഞ്ഞെങ്കിലും ആ ഗ്രാമം ഞങ്ങളെ വീണ്ടും വീണ്ടും മാടി വിളിക്കുകയാണ്. ഒഡീസിയുടെ കലാ പൈതൃക ചാരുതയിലേക്ക്...

നിങളുടെ അഭിപ്രായങള്‍
Unable to connect to mysql server: localhost