യാത്രയയപ്പ് നല്‍കി(24/10/2009)

Al-madrasathul Islamiya


അല്‍മദ്റസത്തുല്‍ ഇസ്ലാമിയ്യയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച എന്‍.ടി. ആലി മാസ്റ്റര്‍, കൂടന്‍ മുഹമ്മദ്, കെ.ടി. ഹസന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് പി.ടി.എയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ബ പി.ടി.എ പ്രസിഡന്റ് പി.ടി. അബൂബക്കര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ടി.സി വീരാന്‍, ഒ.അബ്ദുല്‍ അസീസ്, കെ. സ്വാലിഹ്, എസ്. ഖമറുദ്ദീന്‍, സി. ഇസ്ഹാഖ്, വിദ്യാര്‍ഥികളായ ബഹ്നാം, ജസ്ന എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. പിരിഞ്ഞുപോകുന്ന അധ്യാപകര്‍ മറുപടി പ്രസംഗം നടത്തി. മുപ്പത് വര്‍ഷത്തിലധികമുള്ള ആത്മ ബന്ധം ഈ മദ്രസയുമായി തനിക്കുള്ള കാര്യം ആലിമാസ്റ്റര്‍ പ്രസംഗ മധ്യേ പരാമര്‍ശിച്ചു. മറ്റുള്ളവരും തങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട സേവന കാലയളവിനെ കൂടി നിന്ന സദസ്യര്‍ക്ക് മുമ്പാകെ അനുസ്മരിച്ചു. സദര്‍ കെ.സി.ആര്‍. അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു.









 


പന്നിപ്പനി : ഭീതി അനാവശ്യം(23/10/2009)


പന്നിപ്പനിയെ ചൊല്ലി നാട്ടിലില്ലാത്ത ഭീതി പുറം നാടുകളില്‍ പ്രചരിച്ചതില്‍ അസ്വാഭാവികതകളുണ്ടെന്നും, അനാവശ്യ പ്രചരണങ്ങളില്‍ നിന്നു വിട്ടു നില്‍കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അറിയിച്ചു കൊണ്ട് പള്ളി കമ്മിറ്റി സെക്രടറി അറിയിച്ചു. കഴിഞ്ഞ മാസങ്ങളില്‍ നാട്ടിലെ ഒരു ചെറുപ്പക്കാരന്‌ പന്നിപ്പനി ബാധിച്ചതായി പ്രചരണം ഉണ്ടായിരുന്നെങ്കിലും പ്രചരണം അസ്ഥാനത്തായിരുന്നെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.
   സ്കൂള്‍ ഹോസ്റ്റലിലുള്ള മൂന്ന് കുട്ടികള്‍ക്ക് പന്നിപ്പനി ബാധ ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍, സ്ഥാപനം സ്വീകരിച്ച കര്‍ശന മുന്‍‌കരുതലുകള്‍ ശ്ലാഖനീയമായിരുന്നെന്നും അത് രോഗം കൂടുതല്‍ പകരാതിരിക്കാന്‍ സഹായകമായി എന്നു ആരോഗ്യ വകുപ്പ് അറിയിച്ചു. ആരോഗ്യ വകൂപ്പിന്റെ നേരീട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു രോഗ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നത്. വകുപ്പിന്റെ പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും പ്രദേശത്ത് ലഭ്യമായിരുന്നു. മറിച്ചുള്ള പത്ര വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് ഇസ്‌ലാഹിയ അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു. പന്നിപ്പനിയെ തടയാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ വിശദീകരിച്ചു കൊണ്ട് വിവിധ പള്ളികളില്‍ ഇന്ന് ജുമുഅക്ക് ശേഷം ആരോഗ്യ വകുപ്പിന്റെ കുറിപ്പുകള്‍ വായിച്ചിരുന്നു. അങ്ങാടിയുടെ വിവിധ ഭാഗങ്ങളില്‍ മുന്‍‌കരുതലുകള്‍ ബോഡുകളും സ്ഥാപിച്ചുട്ടുണ്ട്.
പന്നിപ്പനി ബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍, കുട്ടികളെ സ്കൂളില്‍ അയക്കാതെ ഹോസ്റ്റലില്‍ തന്നെ താമസിപ്പിക്കുകയും പള്ളി പോലുള്ള പൊതു സ്ഥലങ്ങളില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു. ഇസ്‌ലാഹിയ കോളേജില്‍ സ്റ്റഡി ലീവുകള്‍ പുന:സം‌വിധാനിച്ച് കുട്ടികളെ നാട്ടിലേക്കയക്കുകയും ചെയ്തിരുന്നു. പന്നിപ്പനി ബാധിക്കുന്നത് വാര്‍ത്തകളില്‍ നിറയുന്നത് ജനങ്ങളില്‍ കൂടുതല്‍ ആശങ്കകള്‍ ഉണ്ടാവാന്‍ കാരണമാവും എന്നതിനാല്‍ പ്രചരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു.



പാലം:കോണ്‍ക്രീറ്റ്‌ തുടങ്ങി(24/10/2009)

Theyyathum kadavu

Theyyathum kadavu

Theyyathum kadavu

തെയ്യത്തും കടവ്‌ പാലം പണി അതിവേഗം നടന്നു കൊണ്ടിരിക്കുന്നു. പില്ലര്‍ കോണ്‍ക്രീറ്റ്‌ ജോലികള്‍ ഇന്നലെ ആരംഭിച്ചു. വര്‍ക്കിന്റെ ഔദ്യോഗികോദ്ഘാടനം വാര്‍ഡ്‌ മെംബര്‍ ടി.കെ അബ്ദുറഹിമാന്‍ മെറ്റല്‍ മിക്സിംഗ്‌ യന്ത്രത്തിലേക്കിട്ടുകൊണ്ട്‌ നിരവഹിച്ചു. PWD അസിസ്റ്റന്റ്‌ എഞ്ചിനിയര്‍ മൊയ്ദീന്‍, സ്റ്റാഫ്‌ പ്രകാശന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രദേശം യന്ത്രങ്ങളുടെ മുരള്‍ച്ച കൊണ്ട് മുഖരിതമാണിപ്പോള്‍. തെയ്യത്തും കടവ് ഭാഗത്ത് നിന്നാണ്‌ പില്ലറിന്റെ ജോലികള്‍ ആരംഭിച്ചിട്ടുള്ളത്. ബോറിങ് ജോലി കഴിഞ്ഞ ആഴ്ച് തുടങ്ങിയിരുന്നു. അതിനിടക്ക്, യന്ത്ര ഭാഗം പൊട്ടി അല്പ സമയം ബോറിങ്ങ് തടസപെട്ടിരുന്നു. അടുത്ത ആഴച മുതല്‍ പുഴക്ക് നടുവില്‍ പില്ലര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സൈറ്റ് എഞ്ചിനിയര്‍ അറിയിച്ചു.



ബാഡ്‌മിന്റണ്‍ ക്ലബ്‌ രൂപീകരിക്കുന്നു. (26/10/2009)

ചേന്ദമംഗല്ലുരിലെ ബാഡ്‌മിന്റണ്‍ കളിക്കുന്നവരുടെയും ഇഷ്ടപ്പെടുന്നവരുടെയും കൂട്ടായ്മ രൂപപ്പെടുത്തുന്നു. കളിയുടെ സര്‍വ്വതോന്മുഖമായ വികസനം ലക്ഷ്യമാക്കിയാണ്‌ ക്ലബ്‌ രൂപീകരിക്കുന്നത്‌.വിശദമായ യോഗം വെള്ളിയാഴ്ച നടത്താന്‍ തീരുമാനിച്ചു. ഇപ്പോള്‍ യു പി സ്കൂള്‍ ഗ്രൗണ്ടിലും, വട്ടക്കണ്ടം ഭാഗത്തും പുറമെ വെസ്റ്റ്, നോര്‍ത്ത് ഭാഗങ്ങളിലും മറ്റുമായി ചിതറി കിടക്കുന്ന കളിക്കാരെ ഒറ്റ കുടക്കീഴില്‍ അണി നിരത്താനാണ്‌ ആച്ചുവിന്റെ നേതൃത്തത്തില്‍ നൗഫലും, സാജിദും രംഗത്തിറങ്ങിയിരിക്കുന്നത്.

 
 
2009 cmr on web Chennamangallur News chennamangaloor GMUP school