പെരുന്നാള്‍ സന്തോഷം.(10/9/2010)



തിമര്‍ത്തു പെയ്ത മഴ പെരുന്നാളിന്റെ ആഘോഷത്തില്‍ ഇത്തിരി നേരം നിഴല്‍ വീഴ്തിയെങ്കിലും, ചേന്ദമംഗല്ലൂര്‍കാര്‍ക്ക് അധികം ക്ഷമിക്കാനാവുമായിരുന്നില്ല. സ്നേഹാന്വേഷണങ്ങളും കൂട്ടം പറച്ചിലുമായി മഴയുടെ വിരസതയെ അവര്‍ തള്ളി നീക്കി. ഇന്നലെ രാത്രി തന്നെ മഴ തുടങ്ങിയിരുന്നെങ്കിലും പെരുന്നാള്‍ ദിനം മഴ ഒഴിഞ്ഞു നില്‍കുമെന്ന പ്രതീക്ഷ അസ്ഥാനത്തായിരുന്നു. രാവിലെ നേരത്തെ തുടങ്ങിയ മഴ നമസ്കാരത്തിന്റെ ഇത്തിരി നിമിഷങ്ങളില്‍ അവധിയിലായിരുന്നത് അല്പം ആശ്വാസമായി.
അങ്ങാടിയില്‍ കാസിമും പനങ്ങോടനും ഫിറോസും ഐറ്റംസും കുട്ടികള്‍ക്ക് ബലൂണുകളും കളിപ്പാട്ടങ്ങളും നിരത്തിയിരുന്നെങ്കിലും കച്ചവടം നനഞ്ഞു തന്നെയായിരുന്നു. മഹല്ല് ഈദ് ഗാഹ് നിറഞ്ഞു കവിഞ്ഞൊഴികിയുരുന്നു. ഇ എന്‍ അബ്ദുള്ള മൗലവിയായിരുന്നു നമസ്കാരത്തിന് നേതൃത്തം നല്‍കിയത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമായി ഈദ് ഗാഹിന് ഹൃദ്യമായ അനുഭൂതിയായിരുന്നു. കമ്മിറ്റിയുടെ വക പായസ വിതരണം കൂടിയായപ്പോള്‍ മധുരത്തിന് ഇരട്ടി മധുരം.നമസ്കാരാനന്തരം പലരും കബറിസ്താനുകള്‍ സന്ദര്‍ശിച്ച് ഉറ്റവര്‍ക്കായി പ്രാര്‍ഥിക്കുന്ന ഹൃദയം നനപ്പിക്കുന്ന കാഴച കാണാമായിരുന്നു.
ഇടക്കിടെ പുതു വസ്ത്രങ്ങള്‍ അപ്പാടെ മഴയില്‍ നനച്ച് പെരുന്നാളിനെ നെഞ്ചിലെറ്റിയ കുസൃതികുട്ടികള്‍ റോഡിന് അക്കരെ ഇക്കരെ ഓടുന്നതും, മഴയുടെ ശമനം കാത്തിരിക്കുന്ന ഇന്തിയാസിന്റെ ജൂസ് കച്ചവടവും എല്ലാം ചേര്‍ന്നതായി ഇത്തവണത്തെ പെരുന്നാള്‍. സലഫി മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ പള്ളിയില്‍ വെച്ച് നടന്ന ഈദ് നമസ്കാരത്തിന് സലഫി മസ്ജിദ് ഖത്തീബ് ഫൈസല്‍ നന്മണ്ട നേതൃത്തം നല്‍കി. നമസ്കാരാനന്തരം പായസ വിതരണം ഉണ്ടായിരുന്നു.















 
 
2010 cmr on web Chennamangallur News chennamangaloor GMUP school