ആവേശക്കാഴചയായി ഫ്ലഡ്ലിറ്റ് ബാഡ്മിന്റണ്‍(12/12/2010)


നാട്ടില്‍ ഫ്ലഡ്ലിറ്റ് ശോഭയില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആദ്യമായി വിരുന്ന് വന്നപ്പോള്‍ അത് പഴയ പല കേമന്മാര്‍ക്കും കൈതരിപ്പ് മാറ്റാനുള്ള വേദിയായി. ഒപ്പം ചില ഉജ്ജ്വല പ്രതിഭകളുടെ മിന്നല്‍ പ്രകടനങ്ങള്‍ തൂവെള്ള വെളിച്ചത്തിന് മാറ്റേകുകയും ചെയ്തു. ഇരുപത്രണ്ട് ടീമുകളാണ് ഡബിള്‍സില്‍ മാറ്റുരക്കാനെത്തിയത്. അതില്‍ പതിനെട്ടും നാട്ടുകാര്‍ തന്നെ. അത്ര തന്നെ പോരാളികള്‍ സിംഗിള്‍സിലും കളത്തിലിറങ്ങി. നാട്ടില്‍ ബാഡ്മിന്റണ്‍ രംഗത്ത് നല്ല സാധ്യത ഉറപ്പു വരുത്തുന്ന പ്രകടനങ്ങള്‍ പതിനഞ്ച് വയസ്സുകാര്‍ മുതലുള്ളവരില്‍ കാണാനായി.

ഏകപക്ഷീയമായ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ക്കൊടുവില്‍ ആവെശം മൂര്‍ദ്ധന്യത പ്രാപിച്ചത് സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളിലായിരുന്നു. അത്യുജ്ജ്വലമായിരുന്നു ഡബിള്‍സ് ഫൈനല്‍. അഗസ്ത്യന്മുഴി സഹൃദയ ക്ലബ്ബിന് വേണ്ടി കളത്തിലിറങ്ങിയ നൗഫല്‍-ഷബീബ് ചേന്ദമംഗല്ലൂര്‍ ടീം കിരീട സാധ്യത കല്പിക്കപ്പെട്ടിരുന്ന നസീബ് കെ ടി-അസീസ് ജോഡിയെ കനത്ത പോരാട്ടത്തിനൊടുവില്‍ കീഴടക്കുകയായിരുന്നു. ആദ്യ സെറ്റ് 19-21 ന് നസീബ്-അസീസ് ജോഡികള്‍ വിജയിച്ചപ്പോള്‍ രണ്ടാം സെറ്റ് അതേ സ്കോറിന് ഷബീബ്-നൗഫല്‍ ജോഡി സ്വന്തം പേരിലാക്കി. അവസാന സെറ്റ് കൂടുതല്‍ വിയര്‍ക്കാതെ 21-14ന് ഷബീബ്-അസീസ് ജോഡി വിജയിച്ചതോടെ കപ്പ് ചേന്ദമംഗല്ലൂരിന്റെ പിന്തുണയോടെ അഗസ്ത്യന്മുഴിയിലേക്ക്.

നേരത്തെ നടന്ന ഒന്നാം സെമിയില്‍ ബ്രൈറ്റ് ക്ലബ്ബ് പുല്പറമ്പിന് വേണ്ടി രംഗത്തിറങ്ങിയിരുന്ന നസീബ്-അസീസ് ടീം, നൗഫല്‍-സത്താര്‍ ടീമിനെ പരാജയപ്പെടുത്തിയപ്പോള്‍ രംണ്ടാം സെമിയില്‍ അഗസ്ത്യന്മുഴിക്കാരായ മുജീബ്-നാസര്‍ ജോഡിയെയാണ് വിജയ ജോഡികള്‍ പരാജയപ്പെടുത്തിയത്.

സിംഗിള്‍സ് ഫൈനലില്‍ നാടിന്റെ കരുത്തായ നസീബ് കെ ടി അഗസ്ത്യന്മുഴിയില്‍ നിന്നെത്തിയ നൗഫലുമായി ഏറ്റുമുട്ടിയപ്പോള്‍ വിജയം നൗഫലിനൊപ്പം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് നൗഫല്‍ വിജയിച്ചത്.സെമിയില്‍ നസീബ്, സത്താറിനെ പരാജയപ്പെടുത്തിയപ്പോള്‍; നൗഫല്‍ സ്വന്തം നാട്ടുകാരനായ നാസറിനെ കീഴടക്കിയാണ് ഫൈനലില്‍ പ്രവേശിച്ചത്. മല്‍സരങ്ങള്‍ക്ക് ഹസനുല്‍ ബന്ന, സമീര്‍ കെ പി, സാജിദുള്ള കാസിം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





 
 
2010 cmr on web Chennamangallur News chennamangaloor GMUP school