സലഫി മസ്ജിദ് ഉല്‍ഘാടനം ചെയ്തു(5/6/2010)


Chennamangallur salafi masjid

ചേന്ദമംഗല്ലൂര്‍: മതത്തെ ജാതീയവും സാമുദായികവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതാണ്‌ സമകാലിക സമൂഹം നേരിടുന്ന വെല്ലുവിളിയെന്ന് ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജെന:സെക്രട്ടറി ഡോ:ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു.മംഗലശ്ശേരി തോട്ടത്തില്‍ പുതുതായി നിര്‍മ്മിച്ച സലഫി മസ്ജിദില്‍ അസര്‍ നമസ്കാരത്തിന്‌ നേതൃത്വം കൊടുത്ത ശേഷം ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദിനേനയുള്ള അഞ്ചുനേരത്തെ നമസ്കാരത്തിന്‌ കേവലം അരമണിക്കൂര്‍ മതിയെന്നിരിക്കെ ശേഷിക്കുന്ന 231/2 മണിക്കൂര്‍ ജീവിതത്തിലും നാം അല്ലാഹുവിന്റെ കല്പനകള്‍ അനുസരിച്ച് ജീവിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഉണര്‍ത്തി. അല്ലാഹു ആദം സന്തതികളെ ആദരിച്ചിരിക്കെ മനുഷ്യസമൂഹത്തെ മുഴുവന്‍ ആദരിക്കേണ്ടത് മുസ്ലിമിന്റെ കടമയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സി.ടി അബ്ദറഹീം അധ്യക്ഷത വഹിച്ചു. സി.പി ഉമ്മര്‍, ആര്‍. ജമീല്‍, പി.സി അബ്ദുറഹിമാന്‍ എന്നീ മുജാഹിദ് സംഘടനാ നേതൃത്വവും, മലബാര്‍ ഗ്രൂപിലെ എം.പി അഹമ്മദും ആശംസകള്‍ അര്‍പ്പിച്ചു.കെ.പി അബ്ദുസ്സലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എ.കെ.ഖമറുദ്ദീന്‍, സാദിഖ് കക്കാട്, കെ.പി അഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു.

മംഗലശ്ശേരി മൈതാനത്തിന്റെ വടക്കു ഭാഗത്താണ്‌ പുതിയ പള്ളി നിലവില്‍ വന്നത്. തോട്ടം നിവാസികള്‍ക്കും, മൈതാനത്തിലെ കളിക്കാര്‍ക്കും ആരാധനകള്‍ക്ക് പുതിയ സം‌വിധാനം ഉപകാരപ്പെടും. ഇപ്പോള്‍ ആവശ്യം ശക്തമായി കൊണ്ടിരിക്കുന്ന, ചേന്ദമംഗല്ലൂര്‍ കാക്കാട് പാലം, ഇതു വഴി ആയാല്‍ നിരവധി യാത്രക്കാര്‍ക്കും ഈ പള്ളി ഉപകാരപ്പെടും എന്നു കരുതപ്പെടുന്നു.

Salafi masjid mangalassery

News : O Shareefudheen


വൈകല്യം മറന്ന് നട്ടെല്ല് രോഗികള്‍; പുനരധിവാസത്തിന് ഗ്രേയ്‌സ്(30/5/2010)



ചേന്ദ‌മംഗല്ലൂര്‍: ദീര്‍ഘകാലമായി നട്ടെല്ലിനു ക്ഷതമേറ്റുകഴിയുന്ന കാരശ്ശേരിയിലെ മുഹമ്മദലിയും കാഞ്ഞിരമുഴിയിലെ സുലൈമാനും ചേന്ദമംഗല്ലൂരിലെ ഷമീറും കോഴിക്കോട് ഇന്‍സ്റ്റി‌റ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനില്‍ നിന്നും കുടനിര്‍മ്മണത്തില്‍ പരിശീലനം നേടി തിരിച്ചെത്തിയപ്പോള്‍ അവര്‍ക്ക് നിര്‍മ്മാണ യൂനിറ്റ് തുടങ്ങാനും വിപണി കണ്ടെത്താനും ഗ്രേയ്സ് പാലിയേറ്റിവ് കെയര്‍ രംഗത്തെത്തിയത് അനുഗ്രഹമാകുന്നു. വിപണിയുടെ കൊള്ളലാഭത്തില്‍ നിന്നും ഗുണഭോക്താക്കളെ രക്ഷിക്കാന്‍ പാരപ്ലീജിയ രോഗികളുടെ ഈ കൂട്ടായ സംരംഭത്തിലൂടെ സാധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.ഒപ്പം പ്രദേശത്തെ കിടപ്പിലായ രോഗികളുടെ പുനരധിവാസവും.കിട്ടാവുന്നതില്‍ ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കള്‍ ശേഖരിച്ചാണ് കുടനിര്‍മ്മാണ യൂനിറ്റ് തുടങ്ങിയിട്ടുള്ളത്. ഗ്രേയ്സ് പാലിയേറ്റിവ് കെയര്‍ അങ്കണത്തില്‍ സലാം നടുക്കണ്ടി യൂനിറ്റ് ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ നൂറുല്‍ അമീന്‍ അധ്യക്ഷത വഹിച്ചു. ഒ. ശരീഫുദ്ദീന്‍, എം.സി മുഹമ്മദ്, മുഹമ്മദലി, പി. അബ്ദുല്‍ ഖാദര്‍, പി.കെ മുഹമ്മദ് പാഴൂര്‍ എന്നിവര്‍ സംസാരിച്ചു.



ഭീമന്‍ നിശാ ശലഭം.(31/5/2010)



കാഴചക്കാരില്‍ അമ്പരപ്പ് സമ്മാനിച്ച് ഭീമന്‍ നിശാ ശലഭം വിരുന്നെത്തി. 13 സെന്റിമീറ്റര്‍ നീളവും 11 സെന്റിമീറ്റര്‍ വീതിയുമുള്ള ഈ ശലഭം അപൂര്‍‌വ്വമായി മാത്രം കാണപ്പെടുന്നവയാണ്‌. ചിറകിന്റെ മുന്‍ഭാഗത്ത് വലത് വശത്തിന്‌ പാമ്പിന്‌ തലയോട് സാദൃശ്യമുണ്ട്. ചിറ്റടി നസരുള്ളയുടെ വീട്ടിലാണ്‌ കഴിഞ്ഞ ദിവസം ഈ ശലഭം വിരുന്ന് വന്നത്. മഴക്കാലം തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാലാവസ്ഥ മാറ്റങ്ങള്‍ കാരണം ഇത്തരത്തിലുള്ള ശലഭങ്ങളുടെ വരവ് പതിവായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്.

News & Photo : Unnicheku chennamangallur


ഉപരി പഠനം ഡല്‍ഹിയില്‍(30/5/2010)



ബിരുദ പഠനം ഡല്‍ഹി യുനിവേഴ്സിറ്റിയില്‍ നടത്താന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്
ഈ വര്‍ഷം +2 പൂര്‍ത്തിയാക്കിയവര്‍ക്ക് ചേന്ദമംഗല്ലൂര്‍ സോളിഡാരിറ്റി യൂനിറ്റ് ഒറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യുനിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി യും, ഇറ്റലിയില്‍ നിന്ന് പോസ്റ്റ് ഡോക്ടറര്‍ ഫെലോഷിപ്പും നേടി ഇപ്പോള്‍ കാലിക്കറ്റ് യുനിവേഴ്‌സിറ്റിയില്‍ അസ്സിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലി ഹെയ്യുന്ന Dr.ഷാഹിന്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഡല്‍ഹി യുനിവേഴ്സിറ്റി വിദ്യാര്‍ഥികളായ അസ്ലം, ജിഹാദ്, ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകര്‍ എസ്. കമറുദ്ദീന്‍, Dr. ശഹീദ് റമദാന്‍, സോളിഡാരിറ്റി യൂനിറ്റ് പ്രസിഡന്റ് യു.പി മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.സുഹൈര്‍.ഇ ഖിറാ‌അത്ത് നടത്തി. പതിനഞ്ചോളം വിദ്യാര്‍ഥീ വിദ്യാര്‍ഥിനികൾ ഡല്‍ഹിയില്‍ പഠിക്കാന്‍ തയ്യാറായി മുന്നോട്ട്‌ വന്നിട്ടുണ്ട്..

 
 
2010 cmr on web Chennamangallur News chennamangaloor GMUP school