ഹയര്‍ സെകണ്ടറിക്ക് എന്‍ എന്‍ കക്കാട് അവാര്‍ഡ്.(26/6/2010)

എറ്റവും നല്ല ലൈബ്രറിക്കുള്ള എന്‍ എന്‍ കക്കാട് അവാര്‍ഡ് ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കണ്ടറിക്ക്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എറ്റവും നല്ല ലൈബ്രറി ആയാണ്‌ ഹയര്‍ സെക്കണ്ടറി ലൈബ്രറി തെരഞ്ഞെടുക്കപ്പെട്ടത്. നാലായിരത്തിലധികം പുസ്തകങ്ങളുള്ള ഈ ഗ്രന്ഥശാല, ഈ അടുത്തായി പൂര്‍‌വ്വ വിദ്യാര്‍ഥികളുടെ കൂടി പിന്തുണയോടേ പരിഷ്കരിച്ചിരുന്നു. വായനയെ പ്രോല്‍സാഹിപ്പിക്കാനായി ആസ്വാദന മല്‍സരങ്ങളും മറ്റും സംഘടിപ്പിക്കുക വഴി സ്കൂളിലെ വിദ്യാര്‍ഥികളുടെ സവിശേഷമായ ആകര്‍ഷണ കേന്ദ്രമാവാന്‍ ഹയര്‍ സെക്കണ്ടറി ലൈബ്രറിക്ക് സാധിച്ചതിന്റെ കൂടി അംഗീകാരമാണ്‌ ഈ അവാര്‍ഡ്.കെ പി സി ഇബ്രാഹിം മാസ്റ്ററാണ്‌ ലൈബ്രറിയുടെ ചുമതല വഹിക്കുന്നത്.

News : Shareefudheen O


ഭീമന്‍ മല്‍സ്യം പിടിയില്‍(15/6/2010)



പുല്‍പറമ്പ് പാടത്ത് ഭീമന്‍ മല്‍സ്യം വലയില്‍ അകപ്പെട്ടു. ഇന്നലെ രാവിലെ പാഴൂര്‍ മുക്കുവന്‍കടവത്ത് ഇസ്ഹാഖും അമാനുള്ളയും വിരിച്ച തണ്ടാടി വലയിലാണ് ഈ അപൂര്‍വ ഇനം മല്‍സ്യം കുടുങ്ങിയത്. 15 കിലോഗ്രാം തൂക്കമുള്ള ഈ മല്‍സ്യം ഈ പ്രദേശത്ത് ആദ്യമായാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ ഇത് ഏത് ഇനത്തില്‍ പെട്ടതാണെന്ന് പഴയ മീന്‍പിടുത്തക്കാര്‍ക്കുപോലും മനസ്സിലായിട്ടില്ല. വളര്‍ത്തുമല്‍സ്യമായ കട്‌ലയാണെന്ന് ചിലര്‍ പറയുന്നു. വലയില്‍ അകപ്പെട്ട ഈ അതിഥിയെ കാണാന്‍ വന്‍ ജനാവലിയാണ്‌ പുല്‍പറമ്പ് അങ്ങാടിയില്‍ തടിച്ചുകൂടിയിട്ടുള്ളത്.



Photo : Shuhaib CMR Cables


കക്കോടി അക്രമണം : മുഹമ്മദ് കുട്ടിക്ക് പരിക്ക്(13/6/2010)


Kakkodi CPM Attack on JI convension

കക്കോടിയില്‍ ജനകീയ വികസന മുന്നണി കണ്‍‌വെന്‍ഷനില്‍ അക്രമണമഴിച്ചു വിട്ട സി പി എം ഗുണ്ടായിസത്തില്‍ പരിക്കു പറ്റിയവരില്‍ ചേന്ദമംഗല്ലൂര്‍കാരനും. കണ്‍‌വെന്‍ഷനില്‍ പ്രസംഗിക്കേണ്ട ഹൈസ്കൂള്‍ അദ്ധ്യാപകന്‍ പ്രമോദ് സമീറിനെയും കൊണ്ട് ചേന്ദമംഗല്ലുരില്‍ നിന്നും പോയ ടാക്സി കാറിന്റെ ഡ്രൈവറായിരുന്ന പാലിയില്‍ മുഹമ്മദ് കുട്ടിയാണ്‌ അക്രമണത്തില്‍ സാരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ ആയത്.

സമാധാനപരമായി നടന്നു വന്നിരുന്ന കണ്‍‌വെന്‍ഷനിലേക്ക് അതിക്രമിച്ചു കയറിയ മാര്‍കിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമണമഴിച്ചു വിടുമ്പോള്‍ ഹാളിന്‌ താഴെ കാറില്‍ ഇരിക്കുകയായിരുന്നു മുഹമ്മദ് കുട്ടി. ഹാളിലെ അക്രമണത്തിന്‌ ശേഷം, താഴെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ നശിപ്പിക്കുന്നതിന്റെ കൂട്ടത്തിലാണ്‌ ഇദ്ദേഹത്തെ പാര്‍ട്ടി ഗുണ്ടകള്‍ അക്രമിച്ചത്. കാറിന്റെ ചില്ലുകള്‍ മുഴുവനായി തകര്‍ക്കുകയും വാഹനം കേടു വരുത്തുകയും ചെയ്തിട്ടുണ്ട്.

ഇദ്ദേഹത്തെ മാരകമായി അക്രമിക്കുന്നതിനിടെ മൊബൈല്‍ മോഷ്ടിക്കുകയും കാറിന്റെ താക്കോല്‍ വലിച്ചെറിയുകയും ചെയ്തു. കൊടപ്പന സാലിഹിന്റേതാണ്‌ തകര്‍ക്കപ്പെട്ട ടാക്സി കാര്‍.



ഖത്തര്‍ ഇസ്‌ലാഹിയ: പഠനോപകരണ വിതരണം നടത്തി(12/6/2010)


Qatar Islahiya Association

ഖത്തര്‍ ഇസ്‌ലാഹിയ അസൊസിയേഷന്റെ സേവന മേഖലകള്‍ സമീപ പ്രദേശങ്ങളില്‍ കൂടി വ്യാപിപ്പിക്കുന്നു. അഗതി സം‌രക്ഷണം, ആതുര ശുശ്രൂഷ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, വീട് നിര്‍മ്മാണം എന്നീ മേഖലകളിലെ സഹായ പദ്ധതികളാണ്‌ സമീപ പ്രദേശങ്ങളില്‍ കൂടി വിപുലപ്പെടുത്തുന്നത്.

ഇതിന്റെ ഭാഗമായി, കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണ ഉല്‍ഘാടനം അസോസിയേഷന്‍ പ്രതിനിധി മുഹമ്മദ് മുത്താപ്പുമ്മല്‍ നിര്‍വഹിച്ചു. കെ മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. കോളനി നിവാസികളായ രാജേന്ദ്രന്‍, ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് എ പി സ്വാഗതം പറഞ്ഞു.

കച്ചേരി എ എല്‍ പി സ്കൂളിലെ 55 വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂണിഫോമുകള്‍ അസോസിയേഷന്‍ മുന്‍‌പ്രസിഡന്റ് കെ മുഹമ്മദ് കുട്ടി ഹെഡ്മിസ്ട്രസ് സന്താനവല്ലിക്ക് കൈമാറിക്കൊണ്ട് ഉല്‍ഘാടനം ചെയ്തു. മുക്കം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കരണങ്ങാട്ട് ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് പ്രകാശന്‍, ലിസിത, യു കെ സുധീര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹസനുല്‍ ബന്ന് ഇ പി സ്വാഗതവും, സ്റ്റാഫ് സെക്രടറി ബാല്‍ രാജ് നന്ദിയും പറഞ്ഞു..

Qatar Islahiya Association

വാര്‍ത്തയും ചിത്രവും : ഉണ്ണിച്ചേക്കു

 
 
2010 cmr on web Chennamangallur News chennamangaloor GMUP school