ഉത്തരവുണ്ടായിട്ടും മംഗലശ്ശേരി തോട്ടം നിവാസികള്‍ക്ക് പട്ടയമില്ല; നടപടി വേണമെന്ന് സോളിഡാരിറ്റി(1/11/2011)
മുക്കം: പട്ടയം കിട്ടാത്തതിന്‍െറ പേരില്‍ ആനുകൂല്യങ്ങളില്‍ നിന്ന് തഴയപ്പെട്ട് ദുരിതമനുഭവിക്കുന്ന ചേന്ദമംഗലൂര്‍ മംഗലശ്ശേരി തോട്ടം നിവാസികളുടെ പ്രശ്നത്തില്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1980ല്‍ സര്‍ക്കാര്‍ നിക്ഷിപ്ത വനപ്രദേശം ഭൂരഹിതര്‍ക്കായി പതിച്ചുകൊടുത്തതാണ്. അന്ന് പതിച്ചുകിട്ടിയവര്‍ക്ക് പട്ടയം ഈടിന്മേല്‍ ചുറ്റുമതില്‍ കെട്ടാനായി വായ്പയനുവദിച്ചു. പലരും തിരിച്ചടിച്ചിരുന്നില്ല. ഈ സ്ഥലങ്ങള്‍ പിന്നീട് കൈമാറ്റം ചെയ്യപ്പെട്ടു. വാങ്ങിയവര്‍ക്കാകട്ടെ, പട്ടയം അന്യമാകുകയും ചെയ്തു. ഇ.എം.എസ് ഭവനനിര്‍മാണപദ്ധതി, റേഷന്‍കാര്‍ഡ്, വൈദ്യുതി കണക്ഷന്‍ തുടങ്ങി വിവിധ ആനുകൂല്യങ്ങളില്‍നിന്ന് ഇവര്‍ തഴയപ്പെടുകയാണ്.
50 ഓളം നിര്‍ധന കുടുംബങ്ങളാണിവിടെ താമസിക്കുന്നത്. ഭൂരിഭാഗവും പട്ടികജാതിക്കാരാണ്. പ്രശ്നം സങ്കീര്‍ണമായപ്പോള്‍ നടത്തിയ ജനകീയ ഇടപെടലിന്‍െറ ഫലമായി 2010 ജനുവരി ആറിന് നടന്ന കേരള മന്ത്രിസഭയുടെ 4123ാം നമ്പര്‍ തീരുമാനമനുസരിച്ച് മംഗലശ്ശേരി തോട്ടം നിവാസികള്‍ പട്ടയത്തിനുള്ള അര്‍ഹതനേടി. 15/2010 നമ്പര്‍ പ്രകാരമുള്ള റവന്യൂ ഉത്തരവ് രണ്ടു വര്‍ഷം പിന്നിട്ടിട്ടും നടപ്പാക്കിയില്ല. മുമ്പ് പതിച്ചുകിട്ടിയവര്‍ വ്യവസ്ഥ ലംഘിച്ചു എന്നതിന്‍െറ പേരില്‍ 50 ഓളം നിര്‍ധന കുടുംബങ്ങള്‍ നിത്യദുരിതമനുഭവിക്കുന്നത് നീതീകരിക്കത്തക്കതല്ല. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ നിര്‍ബന്ധിതരായിത്തീരുമെന്നും അവര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് മെംബര്‍ ഫാത്തിമ കൊടപ്പന, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.ജുമാന്‍, മുക്കം ഏരിയാ പ്രസിഡന്‍റ് കെ. സാലിഹ്,അമീന്‍ ജൗഹര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

News : Sameer KP 


 
 
2011 cmr on web Chennamangallur News chennamangaloor GMUP school