മാതൃവിദ്യാലയത്തിന്‍െറ മനസ്സറിഞ്ഞ് ധനസമാഹരണത്തിന് കുരുന്നുകളും (29-03-2012)

സ്ഥലപരിമിതിമൂലം വികസനം വഴിമുട്ടിയ ചേന്ദമംഗലൂര്‍ ജി.എം.യു.പി സ്കൂളിന്‍െറ വാടകക്കെട്ടിടങ്ങള്‍ വിലക്കെടുക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ധനസമാഹരണത്തിന് കൈത്താങ്ങുമായി വിദ്യാര്‍ഥികളും രംഗത്ത്. സ്വന്തം സ്ഥലം ഇല്ലാത്തതിനാല്‍ കെട്ടിടമുള്‍പ്പെടെ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാതായ സ്കൂളിന് സര്‍ക്കാര്‍ ഫണ്ടും ലഭിക്കാതെ വന്നപ്പോഴാണ് 75 ലക്ഷം രൂപക്ക് പി.ടി.എ 45 സെന്‍റ് സ്ഥലം വിലക്കെടുത്തത്. ധനസമാഹരണത്തിനായി അരയുംതലയും മുറുക്കി നാട്ടുകാര്‍ രംഗത്തിറങ്ങിയപ്പോള്‍ വിദ്യാര്‍ഥികളും അവരെ സഹായിക്കാന്‍ ഒപ്പമെത്തി. 950 കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിന് 10 ലക്ഷത്തോളം രൂപ ഇതിലൂടെ പിരിക്കാനാവുമെന്നാണ് പ്രതീക്ഷ.
പ്രവാസിയായ പൂര്‍വവിദ്യാര്‍ഥിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ സ്വീകരിച്ച്സി.മോയിന്‍കുട്ടി.എം.എല്‍.എ ധനസമാഹരണം ഉദ്ഘാടനം ചെയ്തു. മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അദ്ദേഹത്തിന്‍െറ ഒരു മാസത്തെ ഹോണറേറിയം ഫണ്ടിലേക്ക് വാഗ്ദാനം ചെയ്തു. വാര്‍ഡ് മെംബര്‍മാരായ ഫാത്തിമ കൊടപ്പന, ഷംസുദ്ദീന്‍ നേര്‍ക്കാട്ടിപ്പൊയില്‍, എം.കെ.മീന, ഹെഡ്മാസ്റ്റര്‍ കെ. സുരേന്ദ്രന്‍, കെ.പി.അഹമ്മദ്കുട്ടി, കെ.സമദ് മാസ്റ്റര്‍, കെ.ഖമറുദ്ദീന്‍, എം.കെ.മുഹമ്മദ്കുട്ടി, ഷഫീഖ് മാടായി, പി.അബ്ദുല്‍ഖാദര്‍, ബന്ന ചേന്ദമംഗലൂര്‍, ടി.ഉണ്ണിമോയി എന്നിവര്‍ സംസാരിച്ചു.

News : Sameer KP


Tags : Chennamangallur, GMUP School, Chennamangaloor, School students

 
 
2012 Chennamangaloor on Web