നൂറ്റാണ്ടിന്റെ ഓര്‍മ്മയില്‍ പാലത്തുമണ്ണില്‍ തറവാട് . (02-12-2012)


ചേന്ദമംഗല്ലൂരിലെ ആദ്യകാല തറവാടു വീടുകളില്‍ ഏറ്റവും ആദ്യത്തേത് എന്ന് പറയപ്പെടുന്ന പാലത്തുമണ്ണില്‍ തറവാട് ഡിസംബര്‍ ആദ്യവാരത്തില്‍ പൊളിച്ച്മാറ്റി ആധുനിക കാലത്തോടൊപ്പം സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 1903 ല്‍ പരേതനായ പാലത്തുമണ്ണില്‍ ഉണ്ണിക്കമ്മു ഹാജിയാണ് ഈ വീട് പണിതത്. ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമുഅത്തുപള്ളി ആദ്യ പ്രസിഡണ്ടായ മര്‍ഹൂം ഉണ്ണിക്കമ്മുഹാജി അറിയപ്പെട്ട മരവ്യവസായിയും പൗരപ്രമുഖനും ധനികനും ഉദാരമനസ്കനുമായിരുന്നു. ചേന്ദമംഗല്ലൂരിലെ മുസ്ളിം അമുസ്ളിം ഭേദമന്യേ കുടുംബങ്ങള്‍ ഈ വീടിനെ ആശ്രയിച്ച് ജീവിച്ചു പോയ ഒരുപാട് ഓര്‍മ്മകള്‍ ഇന്നും പലരും പറയുന്നത് ഞങ്ങള്‍ സന്തോഷത്തോടെ കേട്ടിട്ടുണ്ട്.
109 വര്‍ഷത്തിന്റെകേടുപാടുകള്‍ വീടിന്റെഉറപ്പിനെ ബാധിച്ചിട്ടില്ലായെങ്കിലും പഴയ വീടുകള്‍ നിലനിര്‍ത്തിക്കൊണ്ടു പോകുക പുതിയ തലമുറക്ക് കഴിയില്ലായെന്ന ആധിയിലാണ് നവീകരണത്തിന് തീരുമാനിച്ചത്. 1921ലെ മാപ്പിള ലഹള ഓര്‍മ്മിപ്പിക്കുന്ന അടയാളങ്ങള്‍ ഇന്നും വീടിന്റെകോലായി ചേറ്റടിയില്‍ നിര്‍ത്തിയ രണ്ട് മര തൂണുകളിലും കാണാമെന്നത് ചരിത്രപരമായ ഈ വീടിന്റെപ്രാധാന്യമാണ്.
മാപ്പിള ലഹളയില്‍ പങ്കെടുത്ത വീടുകള്‍ പൊളിച്ച് മാറ്റാന്‍ അടയാളപ്പെടുത്തിയ വീടുകള്‍ തെരഞ്ഞ് കയറിയ ബ്രിട്ടീഷ് പട്ടാളം വാളുകൊണ്ട് വെട്ടിയതാണ് രണ്ടു തൂണുകളിലായി കാണുന്ന മൂന്ന് വെട്ടുകള്‍ എന്ന് ബാപ്പ പറഞ്ഞതാണ് എന്റെഅറിവ് കൊടിയത്തൂര്‍ പള്ളിയില്‍ കയറി അതു വഴി പുഴ കടന്നാണ് ചേന്ദമംഗല്ലൂരിലേക്ക് വന്നതെന്നും പഴമക്കാര്‍ ഓര്‍ക്കുന്നു.
ഉണ്ണിക്കമ്മുഹാജി മക്കളായ പി.എം മുഹമ്മദ്, പി.എം കുഞ്ഞോക്കു, പി.എം ആലിക്കുട്ടി, പി.എം ആയിശക്കുട്ടി അവരുടെ മക്കളും ജനിച്ച് വളര്‍ന്ന വീട് മൂന്നാം തലമുറയിലെത്തിനില്‍ക്കുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ മനസ്സില്‍ താലോലിച്ച് ഞങ്ങളുടെ മരിച്ചുപോയ പിതാക്കളുടെ സമ്മതത്തോടെ പുനര്‍നിര്‍മ്മാണത്തിന് തുടക്കമിടുകയാണ്.

നൂറ്റാണ്ട് പിന്നിട്ട ഈ വീടുമായി നിങ്ങളുടെ ഓര്‍മ്മകള്‍ ഞങ്ങളുമായി ഇവിടെ പങ്കിടണമെന്ന അഭ്യര്‍ത്ഥനയോടെ.

പാലത്തുമണ്ണില്‍ സാദിഖ് അലി ,സാജിദ് അലി

Unable to connect to mysql server: localhost