|
ചേന്ദമംഗല്ലൂരും
ഫുട്ബാളും
എന്‍.ടി. അലി
"ചേന്ദമംഗല്ലൂര്‍ ഫുട്ബാള്‍ ഭ്രാന്തന്മാരുടെ നാടാണ്''.
പലരും പറയുന്നത് കേള്‍ക്കാം. സംഗതി നൂറു ശതമാനവും ശരിയായിരുന്നു.
ചേന്ദമംഗല്ലൂര്‍ ടീം അടുത്തോ ദൂരെയോ ഉള്ള വല്ല ടൂര്‍ണമെന്റിലും
കളിക്കുന്നുണ്‍ടെങ്കില്‍ പ്രായഭേദമന്യേ ഒന്നോ രണ്‍ടോ സ്പെഷ്യല്‍
ബസ്സിലും ഒട്ടേറെ ഇരുചക്രവാഹനങ്ങളിലുമായി കളികാണാന്‍ പോവുന്ന
കാഴ്ച കൌതുകകരമായിരുന്നു.
ചേന്ദമംഗല്ലൂര്‍കാര്‍ ഒരു കാലത്ത് വോളിബോള്‍ കമ്പക്കാരായിരുന്നു.
പിന്നീടാണ് ഫുട്ബാളിലേക്ക് തിരിഞ്ഞത്. ഹൈസ്കൂള്‍ പഠനത്തിനായി
മലപ്പുറത്ത് പോയിരുന്ന കെ.പി. മുഹമ്മദ് ഹാജി പഠനം കഴിഞ്ഞുവരുമ്പോള്‍
ഒരു ഫുട്ബാള്‍ കൊണ്‍ടു വന്നു. അതോടെ ചേന്ദമംഗല്ലൂരില്‍ ഫുട്ബാള്‍
കളി ആരംഭിച്ചു. കളി തുടങ്ങി അധികം കഴിയും മുമ്പേ സമീപപ്രദേശങ്ങളില്‍
ചേന്ദമംഗല്ലൂര്‍ ടീം അറിയപ്പെടാന്‍ തുടങ്ങി. ബ്രദര്‍ ഹുഡ് എന്നായിരുന്നു
അന്ന് ടീമിന്റെ പേര്. സമീപപ്രദേശങ്ങളിലുള്ള ടൂര്‍ണമെന്റുകളിലും
പ്രദര്‍ശനമല്‍സരങ്ങളിലും ടീം പങ്കെടുക്കുകയും പലതിലും വിജയിക്കുകയും
ചെയ്തു. കെ.പി. മുഹമ്മദ് ഹാജി, എ.എം. കുഞ്ഞുമുഹമ്മദ്, ചെറിയ
മുഹമ്മദ്, പുതിയേടത്ത് മുഹമ്മദ്, പി.എം. മുഹമ്മദ്, ഒ.കുട്ടിഹസന്‍,
കറുത്തേടത്ത് അഹമ്മദ്കുട്ടി തുടങ്ങിയവരായിരുന്നു അന്നത്തെ കളിക്കാര്‍.
വോളിബോളില്‍ മലബാറിലറിയപ്പെട്ട കളിക്കാരനായിരുന്ന എ.എം. കുട്ടിഹസന്‍
പിന്നീട് ടീമില്‍ ചേരുകയും ക്രമേണ ടീമിന്റെ ക്യാപ്റ്റനാവുകയും
ചെയ്തു. കുട്ടിഹസന് മാത്രമേ അന്ന് ബൂട്ട് ഉണ്‍ടായിരുന്നുള്ളൂ.
നഗ്നപാദരായാണ് എല്ലാവരും കളിക്കാറ്. അന്ന് ചെറുവാടി പൊറ്റമ്മലും,
കൊടിയത്തൂര്‍ തടായിലും, മുക്കം തടപ്പറമ്പിലും തിരുവമ്പാടിയിലും
നടന്ന ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും
ചെയ്തത് നാടിനു തന്നെ അഭിമാനമായിരുന്നു. ടീമിന്റെ ആദ്യത്തെ ഗോളി
പി.എം.മുഹമ്മദായിരുന്നു. പിന്നീട് എ.കെ. അബൂബക്കര്‍, കെ.പി.
ഉണ്ണിമോയി, വട്ടക്കണ്‍ടത്തില്‍ അബൂബക്കര്‍ എന്നിവരും ഗോളിയായി
നിന്നു. വട്ടക്കണ്‍ടത്തില്‍ അബൂബക്കറാണ് അക്കാലത്ത് ദീര്‍ഘകാലം
ഗോളിയായി വിലസിയത്.
വി. അബ്ദുല്ല, കെ.അഹമ്മദ്കുട്ടി, കെ.രായിന്‍കുട്ടി, കെ.പി. ഉസ്സന്‍കുട്ടി,
കെ.പി.സി മുഹമ്മദ്, കെ.അബ്ദുസ്സലാം എന്നിവരും അവരുടെ പിറകെ ടീമിലെത്തിയവരാണ്.
പിന്നീട് എന്‍. കോയസ്സന്‍, കെ.പി. അബ്ദുറഹ്മാന്‍, എം.വാസു, ടി.കെ.
അബ്ദുറഹ്മാന്‍ (മാന്‍ടി) എന്നിവരും തുടര്‍ന്ന് കാനക്കുന്നത്ത്
അബ്ദുല്ല, ടി.കെ. അബ്ദുല്‍ കരീം, പാണക്കോട്ടില്‍ അബ്ദുറഹ്മാന്‍,
ചക്കാലംകുന്നന്‍ അബ്ദുറഹ്മാന്‍, ഷുക്കൂര്‍ കളത്തിങ്ങല്‍ എന്നിവരും
ടീമിലെത്തി. ഇടക്ക് ടീമിന്റെ പേര്‍ 'ടൌണ്‍ ടീം' എന്നായി മാറി.
അന്നൊക്കെ കളിക്കാന്‍ പോകുമ്പോള്‍ ടീമിനെ പെട്ടെന്ന് സംഘടിപ്പിക്കുകയെന്നല്ലാതെ
വ്യവസ്ഥാപിതമായി ടീമുണ്‍ടായിരുന്നില്ല. അതുണ്‍ടായത് ബ്രസീല്‍
ചേന്ദമംഗല്ലൂര്‍ എന്ന പേരോടുകൂടിയാണ്. സിതാര ക്ളബിന്റെയും സരണി
സര്‍ഗവേദിയുടെയും ജഴ്സിയാണ് അന്ന് ബ്രസീല്‍ ടീം ഉപയോഗിച്ചിരുന്നത്.
ബ്രസീല്‍ അന്ന് പൂളക്കോട്, മാവൂര്‍, വാഴക്കാട്, തിരുവമ്പാടി,
കൂടരഞ്ഞി, ചെറുവാടി, കീഴുപറമ്പ് എന്നിവിടങ്ങളില്‍ നടന്ന ടൂര്‍ണമെന്റുകളില്‍
പങ്കെടുത്ത് കപ്പ് കരസ്ഥമാക്കിയിരുന്നു. പുതിയോട്ടില്‍ സലാം,
ഉമര്‍ഖാന്‍, കെ.പി. കുഞ്ഞിമൊയ്തീന്‍, സി.ടി. ഖാദര്‍, കെ.സി.
അബ്ദുറഹ്മാന്‍, കെ.പി. ഫൈസല്‍, ടി.കെ. കരീം, എം.പി അബ്ദുറഹ്മാന്‍,
അയ്യൂബ് (ഗോളി) എന്നിവരായിരുന്നു അന്ന് ടീമില്‍ കളിച്ചിരുന്നത്.
കളിച്ചിടങ്ങളിലെല്ലാം ജയിക്കാനും, നാടിന് നല്ലൊരു പേരുണ്‍ടാക്കിക്കൊടുക്കാനും
ടീമിന് സാധിച്ചിരുന്നു. കെ.ടി. നജീബും അന്നത്തെ കളിക്കാരിലൊരാളാണ്.
പുതിയോട്ടില്‍ സലാം ബ്രസീലിലൂടെ വളര്‍ന്ന് കേരളാ സ്റ്റേറ്റിനും
ബാംഗ്ളൂരിലെ ലീഗിലെ പ്രശസ്തരായ മധുരാ കോട്സിനും വേണ്‍ി കളിച്ച
വ്യക്തിയാണ്. കോഴിക്കോട് ലീഗില്‍ യംഗ് ഇന്ത്യന്‍സിനെയും ബാംഗ്ളൂര്‍
ലീഗില്‍ മധുരാ കോട്സിനെയും ചാമ്പ്യന്‍ പദവിയിലെത്തിക്കാന്‍ മുഖ്യ
പങ്ക്വഹിച്ചതും സലാമാണ്. പല അഖിലേന്ത്യാ ടൂര്‍ണമെന്റിലും കളിക്കാനും
സലാമിന് സാധിച്ചിട്ടുണ്‍ട്.
അതിനുശേഷം പല കളിക്കാരും ചേന്ദമംഗല്ലൂരിലുണ്‍ടായെങ്കിലും ജനശ്രദ്ധയാകര്‍ഷിക്കാന്‍
കഴിഞ്ഞത് സിദ്ദീഖിനാണ്. പല ടൂര്‍ണമെന്റുകളിലും നല്ല കളിക്കാരനുള്ള
മെഡല്‍ നേടാന്‍ സിദ്ദീഖിന് കഴിഞ്ഞിട്ടുണ്‍ട്.
ബ്രസീല്‍ ഇന്ന് പരക്കെ അറിയപ്പെടുന്ന ഒരു ടീമാണ്. പല ജില്ലകളിലും
നടക്കുന്ന അഖിലകേരള സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയും
പലതിലും കപ്പ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്‍ട്. പ്രശസ്ത ടീമുകളെ
പലയിടത്തും പരാജയപ്പെടുത്താനും ടീമിനു കഴിഞ്ഞിട്ടുണ്‍ട്. ഗൂഡല്ലൂരിലും
അതിനടുത്ത പ്രദേശത്തും നടന്ന അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റുകളില്‍
രണ്‍ടു തവണ ട്രോഫി കരസ്ഥമാക്കാന്‍ സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള
ബ്രസീലിനു കഴിഞ്ഞിട്ടുണ്‍ട്. നിസാമുദ്ദീര്‍, റഫീഖ് ചെറുകാരി
(അമ്മാണി), പി. ഇബ്രാഹിം, ഉമ്മന്‍പുറത്ത് മുഹമ്മദലി, കെ. നാസര്‍,
ഖാസിം, കെ.പി. ശംസുദ്ദീന്‍, സാലിഹ്, അനീസ്, സിദ്ദീഖ്, അഷ്റഫ്,
വഹാബ്, റിയാസ് പാണക്കോട്ടില്‍, എ.കെ. ബഷീര്‍ തുടങ്ങിയ ഒരുപാട്
പേര്‍ ടീമില്‍ കളിക്കുകയും വിജയത്തില്‍ പങ്കാളികളാവുകയും ചെയ്തിട്ടുണ്‍ട്.
ചേന്ദമംഗല്ലൂരില്‍ ചെറുതും വലുതുമായ ഒട്ടേറെ ടൂര്‍ണമെന്റുകള്‍
നടന്നിട്ടുണ്‍ട്. ഇപ്പോഴും ലോക്കല്‍ ടൂര്‍ണമെന്റുകള്‍ നടക്കാറുണ്‍ട്.
അതില്‍ ആദ്യകാലത്ത് വൈ.എം.എ അങ്ങാടിക്കടുത്ത വയലില്‍ സംഘടിപ്പിച്ച
രണ്‍ടു ടൂര്‍ണമെന്റുകളും സി.എഫ്.എ സംഘടിപ്പിച്ച തുടര്‍ച്ചയായ
മൂന്ന് ടൂര്‍ണമെന്റുകളും ഗ്രന്ഥാലയം ദര്‍സിയില്‍ സംഘടിപ്പിച്ച
ടുര്‍ണമെന്റും പ്രശസ്ത കളിക്കാരുടെ സാന്നിധ്യം കൊണ്‍ട് ശ്രദ്ധേയമായിരുന്നു.
മംഗലശ്ശേരി മൈതാനിയില്‍ വെച്ചുനടന്ന ആദ്യ കലക്ഷന്‍ ടൂര്‍ണമെന്റില്‍
കേരളത്തിലെ അറിയപ്പെടുന്ന ധാരാളം കളിക്കാര്‍ പങ്കെടുത്തു. കേരളം,
കര്‍ണാടകം, മഹാരാഷ്ട്ര സ്റ്റേറ്റുകള്‍ക്ക് വേണ്‍ടി അണിനിരന്ന
പല കളിക്കാരും നമ്മുടെ ഗ്രൌണ്‍ടില്‍ വന്നു കളിച്ചിട്ടുണ്‍്.
പണ്‍ടത്തെപ്പോലെ ഒന്നിച്ചൊരു ടീം വളര്‍ന്നു വരാത്തതിന്റെ കാരണം
ഗ്രൌണ്‍ടിന്റെ അഭാവമാണ്. മംഗലശ്ശേരി ഗ്രൌണ്‍ടിലെത്തിപ്പെടാനുള്ള
പ്രയാസം കളിയെ സാരമായി ബാധിക്കുന്നു. നേരത്തെ വയലുകള്‍ മുഴുവന്‍
ഗ്രൌണ്‍ടായി പ്രായഭേദമന്യെ കളിച്ചിരുന്നതും ഇന്ന് അന്യമായി.
അതോടെ കളിക്കാരും കുറഞ്ഞുകുറഞ്ഞുവന്നു.
|