Home |  History  |  who is who  |  News  |  Pravasi  |  Gallery  |  Kids Corner |  Institutions | Writers 

ചേന്ദമംഗല്ലൂരിലെ പണം കായ്ക്കുന്ന മരങ്ങള്‍‍

കെ. ശാഹിര്‍
shahircmr.blogspot.com
>> വിട പറഞ്ഞപ്പോള്‍
>> മുഖം തിരിച്ചു കിട്ടിയവര്‍
>> പൂള കള്ളന്‍

    പൊതുവെ പ്രബുദ്ധരും വിദ്യാഭ്യാസം നേടിയവരെന്ന് കരുതപ്പെടുന്നവരുമാണ്‌ ചേന്ദമംഗല്ലൂര്‍കാര്‍. മൂല്യങ്ങളില്‍ വിശ്വസിക്കുകയും അത്‌ സംരക്ഷിക്കാന്‍ പ്രയത്നിക്കുകയും ചെയ്യുന്ന നല്ലൊരു ജനസഞ്ചയവും നമുക്കുണ്ട്‌. അവരാണ്‌ മറ്റെന്തിനേക്കാളും ഈ നാടിന്റെ നന്മയുടെ പ്രതീകങ്ങള്‍. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുഗ്രഹീത തണലും നമുക്കുണ്ട്‌. ഭൗതികവും മതപരവുമായ അറിവു നേടാന്‍ ഈ സ്ഥാപനങ്ങള്‍ ചേന്ദമംഗല്ലൂര്‍കാരെ ഒട്ടൊന്നുമല്ല സഹായിച്ചത്‌. ഈ സ്ഥാപനങ്ങളുടെ പെരുമ നമ്മുടെ നാടിന്റെ നാലതിര്‍ത്തികളില്‍ ഒതുങ്ങുന്നുമില്ല. അമ്പത്‌ വര്‍ഷങ്ങള്‍ക്കു മുന്നെ കേരളത്തില്‍ വ്യവസ്ഥാപിതമായൊരു മദ്രസാ സംവിധാനം സ്ഥാപിക്കുകയും, വനിത വിദ്യാഭ്യാസത്തില്‍ ശക്തമായൊരു തുടക്കമിട്ട്‌ കേരളത്തിന്‌ മൊത്തം മാതൃകയാവുകയും നാം ചെയ്തു.
   എന്നാല്‍ കാലപ്രയാണത്തില്‍, നമ്മുടെ രാജ്യത്തെ സാമൂഹ്യ സാഹചര്യങ്ങളുടെ മാറ്റങ്ങളുടെ അനന്തര ഫലമായി ഈ നാട്ടിലും, വ്യക്തി-സമൂഹ ജീവിതത്തില്‍ മൂല്യ ശോഷണം സംഭവിച്ചിട്ടുണ്ട്‌. പ്രത്യേകിച്ചും അടുത്ത കാലങ്ങളിലായി കേരളത്തില്‍ മൊത്തത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി സാമ്പത്തിക തട്ടിപ്പുകളുടെ തനിയാവര്‍ത്തനം നമ്മുടെ നാട്ടിലും നടന്നു എന്നത്‌ ഈ മൂല്യ ശോഷണത്തിന്റെ ഉത്തമോദാഹരണമായി എടുത്തു കാണിക്കപ്പെടുന്നു.
  ഉയര്‍ന്ന ലാഭ ശതമാനം വാഗ്ദാനം ചെയ്ത്‌ നിക്ഷേപങ്ങള്‍ പലരില്‍ നിന്നായി സ്വീകരിച്ച്‌ നിശ്ചിത കാലം ലാഭവിഹിതമെന്ന രൂപത്തില്‍ ഉയര്‍ന്ന സംഖ്യ നല്‍കുകയും ശേഷം നടത്തിപ്പുകാര്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നതാണ്‌ ഈ തട്ടിപ്പിന്റെ രൂപം അല്ലെങ്കില്‍ സഹജാവമായ ദൗര്‍ബല്ല്യങ്ങളാല്‍ ബിസിനസ്സ്‌ പൊളിയുകയും പണം മുഴുവനായി നഷ്ടപ്പെടുകയും ചെയ്യും.

  ഇത്തരം നിക്ഷേപങ്ങള്‍ സ്വീകരികാന്‍ വിവിധ ഏജന്റ്‌മാരുണ്ടായിരിക്കും. അവരുടെ മോഹനവാഗ്ദാനങ്ങളില്‍ വിശ്വസിച്ചോ, പണം സമ്പാധിക്കാനുള്ള അമിതോല്‍സാഹത്താലോ ആണ്‌ പലരും ഈ തട്ടിപ്പിന്‌ വിധേയരാവുന്നത്‌‌. ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിക്കപ്പെടുന്ന എന്തെങ്കിലും ബിസിനസ്സിന്റെ പേരിലായിരിക്കും ആളുകളില്‍ നിന്ന് പണം സ്വീകരിച്ചിട്ടുണ്ടായിരിക്കുക. ഏതാനും മാസങ്ങള്‍ ലാഭ വിഹിതം നല്‍കിയ ശേഷം അവസാന കണ്ണി മുങ്ങുന്നതോടെ ഈ നിക്ഷേപ തട്ടിപ്പിന്റെ പൂച്ച്‌ പുറത്താകും. പണം നല്‍കിയ നിക്ഷേപകരും സ്വീകരിച്ച ഏജന്റ്‌മാരും മാത്രം സമൂഹമധ്യെ അവശേഷിക്കുകയും യഥാര്‍ത്ത കുറ്റവാളി ഒരിക്കലും പിടിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു.
   ഇത്തരം നിരവധി നിക്ഷേപ തട്ടിപ്പുകള്‍ക്ക്‌ നാട്ടുകാര്‍ ഇതിനകം സാക്ഷികളായി കഴിഞ്ഞിരിക്കുന്നു. ഓരോ നാടകങ്ങളിലും ഒരു കൂട്ടം വഞ്ചിതരായ 'നിക്ഷേപകരും ഏജെന്റ്മാരും' സൃഷിടിക്കപ്പെടുമ്പോഴും അടുത്ത തട്ടിപ്പിന്റെ ഒരുക്കങ്ങള്‍ മറ്റൊരു രൂപത്തില്‍ നമ്മുടെ നാട്ടില്‍ അണിയറയില്‍ സജീവമായിട്ടുണ്ടാവും. വീണ്ടും വലയില്‍ വീഴാന്‍ ഈയ്യാം പാറ്റകളായി 'പ്രബുദ്ധരായ' നാം തയ്യാറാകുന്നു എന്നതാണ്‌ ഈ പ്രശ്നത്തിലെ മര്‍മ്മം. കാക്ക കണ്ടറിയുമ്പോള്‍ കൊക്ക്‌ കൊണ്ടറിയും എന്നാണ്‌. ഏന്നാല്‍ ഒന്നും രണ്ടും തവണ കൊണ്ടാലും അറിയാത്തവര്‍ കൊക്ക്‌ പോലും ആവാനുള്ള യോഗ്യത ഇല്ലാത്തവരാണ്‌.

  ലോക സാമ്പത്തിക മേഖല കടുത്ത മാന്ദ്യത്തിലകപ്പെട്ട്‌ നിശിതമായ സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിച്ചു കൊണ്ട്‌ വറുതി കാലം കഴിച്ചു കൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തിമ്പോഴും ഒരര്‍ഥത്തിലും വറുതി ബാധിച്ചിട്ടില്ലാത്തവരാണ്‌ ഈ തട്ടിപ്പുകാര്‍. മുന്‍പ്‌ നമ്മുടെ വീട്ടു മുറ്റങ്ങളില്‍ വളര്‍ത്തിയിരുന്ന മാസം മാറി ചെടിയെ ഓര്‍മിപ്പിക്കും വിധം പല സമയങ്ങളില്‍ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ട്‌ വലിയ സംഖ്യകള്‍ തട്ടിപ്പു നടത്തി വിദഗ്ദ്മായി മുങ്ങുന്ന സാമ്പത്തിക തട്ടിപ്പു വീരന്മാരാണവര്‍.
   അവര്‍ക്കു തട്ടിപ്പു നടത്താന്‍ ക്ഷേമകാലമെന്നോ ക്ഷാമകാലമെന്നോ ഭേദമില്ല. സമൂഹ മനസ്സിന്റെ അടിസ്ഥാന ന്യൂനതകളെ സമര്‍ഥമായി ഉപയോഗപ്പെടുത്താനവര്‍ക്കറിയാം.ജീവിതത്തിന്റെ വസന്ത കാലം മുഴുവന്‍ അന്യ നാട്ടില്‍ ചിലവഴിച്ചവരെയോ, ഗവണ്‍മന്റ്‌ സര്‍വീസില്‍ നിന്ന് വിരമിച്ച്‌ സ്വസ്ഥമായൊരു വിശ്രമകാലം സ്വപനം കാണുന്നവരെയോ ആണ്‌ പ്രധാനമായും ഇത്തരം തട്ടിപ്പുകാര്‍ നോട്ടമിടുക എന്ന് അത്യധികം ദുഖകരമായ വസ്തുതകൂടിയുണ്ട്‌ ഇതിനു പിറകില്‍.
  ഒറ്റപ്പെട്ട സംഭവങ്ങളായി ഗണിച്ചിരുന്ന ഇത്തരം തട്ടിപ്പുകള്‍ ഈയടുത്തായി വ്യാപകമാവുകയും ആര്‍ക്കും ആരെയും വഞ്ചിക്കാമെന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ മാറി വരുകയും ചെയ്തിട്ടുണ്ട്‌.ഇത്തരം തട്ടിപ്പുകളില്‍ പെടുന്ന ആളുകള്‍ പ്രധാനമായും ആറു തരമാണ്‌.
1. ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ പണം നിഷ്ക്രിയമാക്കി വെക്കാതെ വരുമാന സാധ്യതയുള്ള മേഖലകളിലേക്ക്‌ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരും എന്നാല്‍ സ്വന്തമായി അത്തരം സംവിധാനങ്ങള്‍ നടത്തി കൊണ്ടു പോകാന്‍ കഴിവില്ലാത്തവരും.
2. സ്വന്തമായി അധ്വാനിക്കനുള്ള കഴിവുള്ളവരും എന്നാല്‍ മെയ്യനങ്ങാതെയും അധിക റിസ്ക്‌ എടുക്കാതെയും കൂടുതല്‍ വരുമാന സാധ്യത തേടുന്നവര്‍.
3. കയ്യിലുള്ള പണം സമീപ ഭാവിയില്‍ ആവശ്യമുള്ളവരും എന്നാല്‍ ബാങ്കുകളില്‍ നിക്ഷേപിക്കുക വഴി പലിശയുമായി സഹകരിക്കേണ്ടി വരുമെന്ന ഭയം കാരണത്താലും കച്ചവടം പോലുള്ള നിഷിദ്ധമല്ലാത്ത മേഖലയിലേക്ക്‌ തിരിച്ചു വിടാന്‍ ആഗ്രഹിക്കുന്നവര്‍.
4. എങ്ങിനേയും കൂടുതല്‍ പണം നേടണം എന്ന ആഗ്രഹത്താല്‍ കൂടുതല്‍ ശരി തെറ്റുകളെകുറിച്ച്‌ ആലോചിക്കാതെ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവര്‍.
5. പൂര്‍ണമായും നിഷ്കളങ്കരാണ്‌ പക്ഷെ പലരാലും വഞ്ചിക്കപ്പെടുന്നവര്‍.കടമായോ വ്യക്തി ബന്ധത്തിന്റെ പേരിലോ പണം നല്‍കി വഞ്ചിക്കപ്പെടുന്നവരാണിവര്‍.
6. സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ മാത്രം പണമില്ലാത്തതിനാല്‍ കൂട്ടു വ്യവസായങ്ങളെ ആശ്രയിക്കേണ്ടി വരുന്നവര്‍.
  കേവലമായ ആര്‍ത്തി മാത്രമല്ല പലരേയും തട്ടിപ്പുകള്‍ക്ക്‌ വിധേയരവാന്‍ പ്രേരിപ്പിക്കുന്നത്‌. മറിച്ച്‌ പലിശ, ചൂതാട്ടം പോലുള്ള നിഷിദ്ധമെന്ന് കരുതപ്പെടുന്ന സാമ്പത്തിക രീതികളില്‍ നിന്ന് ഒഴിഞ്ഞു നില്‍കാനുള്ള ശ്രമത്തിനിടെ സംഭവിക്കുന്ന ബുദ്ധിശൂന്യതയാണ്‌.
  ഗള്‍ഫുമലയാളികളുടെ അധ്വാനത്തിന്റെ ഫലം നാട്ടിലെ ബന്ധു മിത്രാദികളുടെ ദൂര്‍ത്തില്‍ നശിച്ചു പോകുന്നതിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദശകങ്ങളിലെ ചര്‍ച്ച. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നാട്ടില്‍ കെട്ടിപ്പൊക്കുന്ന രമ്യ ഹര്‍മ്മങ്ങല്‍ മാത്രമാവുകയും അനിവാര്യമായ മടക്ക യാത്രയില്‍ വെറും കയ്യോടെ മടങ്ങേണ്ടി വരുമ്പോള്‍ ജന്മ നാട്ടിലെ ജീവിത യാഥാര്‍ത്യങ്ങളെ നേരിടാനാവാതെ പ്രയാസപ്പെടുന്നവരുടെ സങ്കടക്കഥകള്‍ ഒരുപാട്‌ പറയപ്പെട്ടതിന്റെയും ഒക്കെ പരിണിത ഫലമായിരിക്കാം ഭാവിയിലേക്ക്‌ കരുതി വെക്കുന്നത്‌ ഇന്ന് ഒരോ പ്രവാസിയുടെയും മുന്‍ഗണനാക്രമത്തില്‍ പ്രഥമസ്ഥാനീയമായത്‌.
  അത്‌ പോലെ മക്കളുടെ വിവാഹം പോലെയുള്ള അതിപ്രധാന കാര്യങ്ങള്‍ക്ക്‌ വന്‍ ചിലവ്‌ ആവശ്യമായി വരുന്നതും, അതിനാവശ്യമായ സംഖ്യകള്‍ സ്വരൂപിക്കേണ്ടത്‌ ഒരോരുത്തരുടെയും 'ജീവിത ലക്ഷ്യം' പോലും ആവേണ്ടി വരുന്നതും ഈ പണ നിക്ഷേപങ്ങള്‍ക്ക്‌ പിന്നിലെ ചേതോ വികാരമാണ്‌. റിയല്‍ എസ്റ്റേറ്റ്‌ ലോബിയുടെ കളികള്‍ക്കിടെയില്‍ സ്ഥല വില അമിതമായി കുതിച്ചുയരുകയും സാധാരണക്കാര്‍ക്ക്‌ അമിത വില കൊടുത്ത്‌ വീടിന്ന് സ്ഥലം കണ്ടെത്താന്‍ പറ്റാതിരിക്കുകയും ചെയ്യുന്നു. ഒരു മിഡില്‍ ക്ലാസ്സ്‌ കുടുംബനാഥന്‌ സ്വന്തം വരുമാനം മതിയാകാതെ വരുമ്പോള്‍ കൂടുതല്‍ പണ ലഭ്യതയുടെ സ്രോതസ്സ്‌ തേടേണ്ടി വരുന്നു.
  അതിലധികം സമൂഹ്യ വ്യവസ്ഥയില്‍ അടുത്ത കാലത്തായി കാണപ്പെട്ടുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കൂടി ഇത്തരം തട്ടിപ്പുകളുടെ ബാഹുല്ല്യത്തിന്‌ കാരണമാവുന്നുണ്ട്‌.
  പൊതു ജീവിതത്തിലെ സാമ്പത്തിക ബാലന്‍സ്‌ തെറ്റുന്നതാണ്‌ ഒരു കാരണം. സാമൂഹ്യ ജീവിതത്തിന്റെ താളം തകരും വിധം പണമുള്ളവരും പണം ഉണ്ടെന്ന് നടിക്കുന്നവരും പെരുമാറുമ്പോള്‍ അവര്‍കൊത്ത്‌ ഉയരാന്‍ തിടുക്കപ്പെട്ട മിഡില്‍ ക്ലസ്സുകാരായ ഭൂരിപക്ഷത്തിലെ ഒരു വിഭാഗം ഹൈപര്‍ ആക്റ്റിവ്‌ ആയി ചിന്തിക്കുകയും ഇത്തരം നോട്ടിരട്ടിപ്പുകളില്‍ പെട്ടു പോവുകയും ചെയ്യുന്നു. ജീവിത സുഖങ്ങളെ കുറിച്ച കാഴ്ചപ്പാട്‌‌ ഈയാളുകള്‍ക്ക്‌ തങ്ങളുടെ പരിമിതിക്കുമപ്പുറത്താവുന്നതും, കൂടുതല്‍ സൗകര്യങ്ങളെ കുറിച്ച്‌ മാത്രം ചിന്തിക്കുകയും ചെയ്യുന്നതാണ്‌ യഥാര്‍ഥ പ്രശ്നം. ഒരര്‍ത്ഥത്തിലും കൂടുതല്‍ സമ്പത്ത്‌ നേടുന്നതിനെ നിരുത്സാഹപ്പെടുത്തുകയല്ല, മറിച്ച്‌ ക്രമപ്രവൃദ്ധമല്ലാത്ത വളര്‍ച്ച ഗുണകരമായിരിക്കില്ല എന്നതാണ്‌ നമ്മുടെ അനുഭവം എന്ന് സൂചിപ്പിക്കുകയാണ്‌.
  വര്‍ഷങ്ങളോളം അക്ഷീണം പ്രയത്നിച്ച്‌ പണം സമ്പാദിച്ച കുറച്ച്‌ പണക്കാരല്ല യഥാര്‍ഥത്തില്‍ പ്രതി പ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്‌ വരുന്നത്‌. നിഷിദ്ധമല്ലാത്ത രീതിയില്‍ അദ്ധ്വാനിക്കാനും പണമുണ്ടാക്കാനും, അങ്ങിനെ സമ്പാദിച്ച പണം സ്വന്തം സമൂഹത്തെ പ്രയാസപ്പെടുത്താത്ത രൂപത്തില്‍ ചിലവഴിക്കാനും ആര്‍ക്കും അവകാശമുണ്ട്‌.
  എന്നാല്‍ ഈ ധനികരെ അവരുടെ അദ്ധ്വാന കാലത്തെ കുറിച്ച്‌ ഒന്നുമറിയാതെ,ഒരു ദിവസം കൊണ്ട്‌ നേടിയെടുത്ത സൗഭാഗ്യങ്ങളായി മാത്രം കരുതി വിലയിരുത്തുന്ന, അമിത മോഹങ്ങള്‍ മനസ്സില്‍ കടന്നു കൂടിയ ചില ആളുകള്‍ എത്രയും പെട്ടെന്ന് ധനികരാവാന്‍ സ്വപ്നം കാണുന്നതാണ്‌ പ്രശ്നത്തിന്റെ മറ്റൊരു ഹേതു.
  ഇത്തരം നിക്ഷേപ-സംരംഭങ്ങളിലേക്ക്‌ പണം നല്‍കുമ്പോള്‍ പ്രാഥമികമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ താഴെ:
1. തങ്ങളുടെ പണം ചിലവഴിക്കപ്പെടുന്നത്‌ എന്ത്‌ ബിസിനസ്സിലാണ്‌ എന്ന് ചോദിച്ചറിഞ്ഞിരിക്കണം. കച്ചവട വസ്തുവിനെക്കുറിച്ച്‌ നല്ല ധാരണ ഉണ്ടായിരിക്കണം
2. തങ്ങളുടെ മറ്റ്‌ പാര്‍ട്‌ണര്‍മാരെ കുറിച്ച്‌ വ്യകതമായ വിവരം ഉണ്ടായിരിക്കണം.അവര്‍ സത്യസന്ധരാണോ ഏന്ന് അന്വേഷിക്കുക
3. തങ്ങളുടെ വിഹിത ശതമാനം വ്യക്തമായി അറിഞ്ഞിരിക്കണം.
4. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുക. കാര്യങ്ങള്‍ മനപ്പൂര്‍വം അന്വേഷിക്കാതെ വിടരുത്‌. വല്ല കാരണവശാലും തങ്ങള്‍ക്ക്‌ അനുഗുണമല്ലാത്ത കാര്യങ്ങള്‍ അറിയേണ്ടി വരുമെന്ന ഭയത്താല്‍ അധികം ചോദിക്കാതെ പണം നല്‍കുന്നത്‌ കാപട്യമാണെന്ന് അറിയുക.
5. രേഖകള്‍ സൂക്ഷിക്കണം
6. രണ്ട്‌ സാക്ഷികളെ നിര്‍ബന്ധമായും സന്നിഹിതരാക്കണം.
7. നിശ്ചയിക്കപ്പെട്ട അവധികളില്‍ താന്താങ്ങള്‍ നിക്ഷേപിച്ച പണത്തിന്റെയും ബിസിനസ്സിന്റെയും സ്റ്റാറ്റസ്‌ ആറിയാനുള്ള സംവിധാനം ഉറപ്പു വരുത്തണം.

  ഒരു കാര്യം ഉറപ്പാണ്‌,കുറ്റവാളി മനസ്സുമായി പലരും തങ്ങള്‍ക്ക്‌ ചുറ്റും എല്ലാ സമയവും ഉണ്ടായിരിക്കും. തങ്ങള്‍ സമ്പാദിച്ച പണം സുരക്ഷിതമാക്കി വെക്കേണ്ട ചുമതല പ്രാഥമികമായി തന്താങ്ങളില്‍ തന്നെ നിക്ഷിപ്തമാണ്‌.

 

  20 / 1 /20089
2009 cmr on web shahir chennamangallur allcmr.com all cmr, cmr all