|
|
ആതിഥ്യത്തിന്റെ നാട്
മൊയ്തു മൗലവി
ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചു.
നാട് സ്വതന്ത്രം. കുട്ടിയസ്സനധികാരി, പരീക്കുട്ടിയധികാരി, മൂസക്കുട്ടിയധികാരി
മുതലായവരുടെ തിരുവാഴ്ചക്ക് ഉലച്ചില്‍ തട്ടി. കൊയപ്പത്തൊടി, ഉണ്ണിക്കമ്മു
ഹാജി, മായിന്‍ ഹാജി, മുക്കത്ത് മൊയ്തീന്‍, മോയിഹാജി മുതലായവരുടെ മുസ്ലിം
മുതലാളിത്തവും ഉലഞ്ഞുതുടങ്ങി. എങ്കിലും മുസ്ലിം പുരോഹിത പ്രമുഖരുടെ
മേല്‍ക്കോയ്മയില്‍ അന്ധവിശ്വാസാനാചാരങ്ങളും പഴഞ്ചന്‍ സമ്പ്രദായങ്ങളും
സമുദായത്തില്‍ കൊടികുത്തി വാഴുകയായിരുന്നു. 1950കളുടെ തുടക്കത്തില്‍
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആഗമനത്തോടെ കേരളത്തില്‍ അതിനെതിരില്‍ ചില
പുതിയ ചലനങ്ങള്‍ ദൃശ്യമായി.
അതുമായി ബന്ധപ്പെട്ട് ഞാന്‍ ചേന്ദമംഗല്ലൂരിലുണ്ടെന്നറിഞ്ഞ
കുട്ടിയസ്സനധികാരി ആളെ അയച്ചു. "നാളത്തെ പ്രാതല്‍ എന്റെ കൂടെ''.
ഞാന്‍ ക്ഷണം സ്വീകരിച്ചു. കാലത്ത് കൊടിയത്തൂരിലുള്ള വീട്ടില്‍ ചെന്നു.
തറവാടിത്വത്തിന്റെ മാനങ്ങള്‍ തിങ്ങിവിങ്ങി നില്‍ക്കുന്ന ഒരു രാജകീയ
മുഖം. ഇരുന്നു നമസ്കരിക്കുന്ന, വടികുത്തി നടക്കുന്ന പ്രതാപത്തിന്റെ
ഗതകാല സ്മരണകള്‍ അയവിറക്കിക്കൊണ്ട് നിമിഷങ്ങള്‍ എണ്ണുന്ന ഒരൊറ്റയാന്‍.
മത സാംസ്ക്കാരിക രംഗങ്ങളില്‍ തന്റെ നല്ല കാലത്ത് നടന്ന
പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളെപ്പറ്റിയാണ് അദ്ദേഹത്തിന് സംസാരിക്കാനുള്ളത്.
എം.സി.സി. അബ്ദുറഹ്മാന്‍ മൌലവിയും, പറവണ്ണ കെ.പി.എ. മുഹ്യിദ്ദീന്‍
കുട്ടി മുസ്ല്യാരും തമ്മില്‍ തറാവീഹിന്റെ റകഅത്ത് ഇരുപതാണോ അതല്ല എട്ടോ
എന്ന വിഷയത്തില്‍ കൊടിയത്തൂരില്‍ തന്റെ നേതൃത്വത്തില്‍ നടന്ന വാദപ്രതിവാദം.
വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വന്നതും,
വരുത്തിയ പരിഷ്കരണങ്ങളും അതേ തുടര്‍ന്ന് തനിക്ക് സ്ഥലം വിടേണ്ടിവന്നതുമായ
കഥകള്‍.
ഖിബ്‌ലത്തര്‍ക്കവും, അതില്‍ പങ്കെടുത്ത മഹാരഥന്മാരും.
പെരിഞ്ചാപ്പാടി ആലി മുസ്ല്യാര്‍, കാസര്‍ഗോഡ് ഖാദി അബ്ദുല്ല ഹാജി മുസ്ല്യാര്‍,
മഖ്ദൂം കുഞ്ഞിബാവ മുസ്ല്യാര്‍, അറക്കല്‍ പരി മുസ്ല്യാര്‍ എന്നിവരുമായി
ബന്ധപ്പെട്ട സംഭവങ്ങള്‍.
തുടര്‍ന്ന് അദ്ദേഹത്തിന്റെ ശൌര്യം അസ്തമിച്ചുകൊണ്ടിരിക്കുമ്പോള്‍ ചേന്ദമംഗല്ലൂരില്‍
കെ.ടി.സി. ബീരാന്‍ മുതല്‍ ചെറുപ്പക്കാരുടെ ശ്രമഫലമായി മുളച്ചുപൊന്തിക്കൊണ്ടിരിക്കുന്ന
ചില നല്ല കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ
സംതൃപ്തിയും, അതുമായി ബന്ധപ്പെട്ട് തന്നെ ഞാന്‍ അവിടെ എത്തിപ്പെട്ടതിലുള്ള
അതിയായ സന്തോഷവും ഒക്കെയായിരുന്നു പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കെ ഞങ്ങളുടെ
കുശലം.
ഞാന്‍ കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടിയില്‍ നിന്ന് ഇ.കെ.
അബൂബക്കര്‍ മുസ്ല്യാരുടേയും, പാലോട്ട് മൂസക്കുട്ടി ഹാജിയുടേയും മറ്റും
ഫത്വയ്ക്ക് വിധേയനായി ബഹിഷ്കരിക്കപ്പെട്ടു. മുട്ടത്തുവെച്ച് ഇ.കെ.
തന്നെ വീണ്ടും എന്നെ കൊല്ലാന്‍ വിധിച്ചു. ബഹുജനം എനിക്കെതിരില്‍ ഇളകിമറഞ്ഞു.
നാട്ടിലേക്കോടി. അവിടെയും സലാം പറയാനോ, മടക്കാനോ, കുശലം പറയാനോ, തുടര്‍ന്ന്
നമസ്ക്കരിക്കാനോ ആളില്ലാതെ ഒറ്റപ്പെട്ടു. ചെമ്മങ്കടവിലും, കോട്ടപ്പടിയിലും,
കൂട്ടിലങ്ങാടിയിലും അലഞ്ഞുനടന്നു. തലയില്‍ മുണ്ടുപുതച്ച് തലതാഴ്ത്തി
കീഴ്പോട്ടു നോക്കി തിരിഞ്ഞും മറഞ്ഞും നോക്കാതെ മൂക്കിനു നേരെ നടക്കുന്ന
പ്രകൃതക്കാരനായി മാറി. ഞാന്‍ ഇങ്ങനെത്തന്നെയാണോ, എന്റെ ഈ അവസ്ഥയില്‍
ഒരിക്കലും മാറ്റം വരില്ലേ പടച്ചവനെ എന്ന് സ്വയം പറഞ്ഞുപോയ സന്ദര്‍ഭം.
ഈ സന്ദര്‍ഭത്തിലാണ് ചേന്ദമംഗല്ലൂര്‍ അല്‍ മദ്രസത്തുല്‍
ഇസ്ലാമിയയുടെ സദര്‍ മുദര്‍രിസ് സ്ഥാനം ഏറ്റെടുക്കണമെന്ന ജ: കെ.സി.
അബ്ദുല്ല മൌലവിയുടെ കത്ത്. ഞാനൊന്ന് ഞെട്ടി. ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണോ?
ഞാനതിന് പറ്റുമോ? എങ്കില്‍ ആവാം എന്നായിരുന്നു എന്റെ മറുപടി. പറ്റും
പറ്റും ഉടനെ പുറപ്പെടുക, കെ.സി. വീണ്ടും.
ഞാന്‍ കോഴിക്കോട്ടെത്തി. ബസ് സ്റാന്റില്‍ ഒരു മധ്യവയസ്കനുമായി
കണ്ടുമുട്ടി. നിങ്ങളെവിടേക്കാണ്? ഞാന്‍ ചേന്ദമംഗല്ലൂരിലേക്ക്. ബസ്സിന്
ടിക്കറ്റ് കിട്ടാന്‍ വളരെ പ്രയാസമുള്ള കാലമാണ്. അതിന്നൊരു സമരം തന്നെ
നടത്തേണ്ടതുണ്ട്. ആ കാര്യം അദ്ദേഹമങ്ങ് ഏറ്റെടുത്തു. കാശ് കൊടുക്കലും,
സീറ്റില്‍ ഇരുത്തലും, ചെത്ത് കടവിലെ ചങ്ങാടം കടത്തലും, മണാശ്ശേരിയിലിറക്കലും
മുതല്‍ ചേന്ദമംഗല്ലൂരിലെത്തുംവരെയുള്ള യാത്രയുടെ എല്ലാ ബാധ്യതകളും
അദ്ദേഹം ഏറ്റെടുത്തു. ആളെ പിന്നീടാണ് പിടികിട്ടിയത്. എളമ്പിലാശ്ശേരി
രായിന്‍ ഹാജി. എന്റെ പ്രിയ ശിഷ്യന്‍ ഇ. മുഹമ്മദിന്റെ പിതാവ്!! അദ്ദേഹത്തിന്റെ
ആ പെരുമാറ്റമാണ് ആ നാട്ടിനെ എന്റെ മനസ്സില്‍ കുടിയിരുത്തിയത്.
അന്ന് മുതല്‍ എന്റെ സ്വഭാവമൊക്കെയങ്ങ് മാറി. ബിച്ചണ്ണന്‍, ചന്തു വൈദ്യര്‍,
പുള്ളിച്ചി അഹ്മദ്, തട്ടാന്‍ ആലി മുതല്‍ ഉണ്ണിക്കമ്മു ഹാജി എന്ന വലിയ
മനുഷ്യന്‍ വരെയുള്ള സമൂഹത്തിലെ എല്ലാകിടയിലുമുള്ളവര്‍ക്ക് ഞാന്‍ വേണം.
സഗീര്‍ മൌലവി, ഉമ്മര്‍ ഹാജി, കെ.സി.ആര്‍, കെ.ടി.കെ, കത്താലി, കൊയ്യപ്പുറത്ത്
കുഞ്ഞഹമ്മദ് ഹാജി എല്ലാവരും നിത്യസന്ദര്‍ശകര്‍, സഹപ്രവര്‍ത്തകര്‍,
ഇടക്ക് കെ.സി.യുടെ നിര്‍ദ്ദേശങ്ങളും, എന്റെ മൂകത പറ്റെയങ്ങ് പമ്പ കടന്നു.
യു.കെ, കെ.എം. അബ്ദുറഹീം, എന്‍.കെ. അബ്ദുല്‍ ഖാദിര്‍ മൌലവി,
കെ.വി. അബ്ദുറഹ്മാന്‍ മൌലവി, ഇസ്മായില്‍ മൌലവി, അത്തോളി മാസ്റര്‍,
കെ.ടി.സി. മുതല്‍ നല്ലൊരു അദ്ധ്യാപക വൃന്ദം എന്റെ കൂടെ. മദ്രസ താമസ
യോഗ്യമല്ലാത്ത ഒരു ഷെഡ് മാത്രമായിരുന്നു. പുന്ന ഉണ്ണിമ്മോയിയുടെ ചായക്കടയുടെ
മുകളിലായിരുന്നു താമസം. ബില്‍ഡിംഗ് ഉമ്മര്‍ഹാജിയുടേത്. പുക പൊങ്ങിവരുന്നുണ്ടെങ്കിലും
ആ അവസ്ഥയില്‍ അതൊരു ശല്യമായി തോന്നിയില്ല. മുകളിലേക്ക് കോണി കയറി വരാന്‍
പ്രയാസമായതിനാല്‍ സന്ദര്‍ശകര്‍ ചുവട്ടില്‍ കാത്തുനില്‍ക്കുകയായിരുന്നു.
രാത്രി ഭക്ഷണം തെയ്യത്തും കടവത്ത് ഉണ്ണിമ്മോയി ഹാജിയുടെ
വീട്ടില്‍. മുഹമ്മദ്കുട്ടിയും, രായിനും മറ്റു കുടുംബാംഗങ്ങളും അതിവേഗം
പ്രസ്ഥാനത്തിന്റെയും സ്ഥാപനത്തിന്റെയും ആള്‍ക്കാരായി മാറുവാന്‍ അത്
കാരണമായി. ഉച്ചഭക്ഷണം കെ.ടി. അഹ്മദ്കുട്ടിയുടെ വീട്ടില്‍. കുഞ്ഞാലന്‍
കുട്ടിയും, ഉണ്ണിമ്മോയിയും ആ കുടുംബത്തിലെ മറ്റംഗങ്ങളും എന്റെ ഉറ്റവര്‍.
ആകയാല്‍ താമസവും ഭക്ഷണവും ഹൃദ്യമായിരുന്നു. കെ.ടിയുടെ വീട്ടിലെ പിലിമ്പിക്കറി
ഇന്നും ഞാന്‍ മറന്നിട്ടില്ല. ജ: ഉമ്മര്‍ ഹാജിയുടെ വീട് ഞങ്ങളുടെ സ്വന്തം
വീട് എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
പ്രസ്ഥാന പ്രവര്‍ത്തനവുമായി ഞാന്‍ എവിടെ ചെന്നാലും നല്ല
സ്വാഗതവും സ്വീകരണവുമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ചേന്ദമംഗല്ലൂരിലേതുപോലെ
സ്ത്രീ പുരുഷ ഭേദമന്യെ ആബാലവൃദ്ധം ഒരുപോലെ സ്വാഗതം ചെയ്ത അനുഭവം വേറെയുണ്ടായിട്ടില്ല.
ആ സ്നേഹബന്ധം മായാതെ ഇപ്പോഴും എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു.
നാട്ടിലുടനീളം എന്തെന്നില്ലാത്ത ചലനം. കോയസ്സന്‍ ജാബിറും,
കോയാമ്മുട്ടി റഷീദും, കോയാമു സഈദും, ഉണ്ണിമോയി അബ്ദുശുക്കൂറും, ഉമ്മാച്ച
ഉമ്മു ആയിശയും ഉണ്ണീമ റുഖിയയ്യും ആയി മാറിക്കൊണ്ടിരിക്കുന്നു. അബൂനജീബും
ഉമ്മു നജീബും ഉണ്ടായി. കുട്ടികള്‍ക്ക് എന്തെന്നില്ലാത്ത ആവേശം. പഠനത്തിന്
മാത്രമായിരുന്നില്ല മാര്‍ക്ക്. അച്ചടക്കത്തിനും കൃത്യനിഷ്ഠക്കും, പോക്കിനും,
വരവിനും എല്ലാമെല്ലാം മാര്‍ക്ക്. മാര്‍ക്കിനു വേണ്ടിയുള്ള മല്‍സരം.
കുട്ടികള്‍ സമയത്തിന് വീട്ടിലേക്കോടും. കൃത്യസമയം തിരിച്ചെത്തും. ഭക്ഷണം
കിട്ടിയോ? ആര്‍ക്കറിയാം. ദാരിദ്യ്രം കൊടുമ്പിരിക്കൊള്ളുന്ന കാലം. നാട്ടിലെ
കൃഷിയിടങ്ങളെല്ലാം അയല്‍നാടുകളിലെ മുതലാളിമാരുടേത്. കശുവണ്ടി മാത്രമാണ്
നാട്ടിലെ നാണയവിള. അതും വളരെ തുഛം.
കൊയപ്പത്തൊടിക്കാര്‍ക്ക് കൂലിപ്പണി, എരുന്ത് പെറുക്കല്‍,
വിറക് വെട്ടി വില്‍ക്കല്‍, പടുമരക്കച്ചവടം, മറ്റു ചെറുതും വലുതുമായ
കച്ചവടങ്ങള്‍. ചിലര്‍ കോഴിക്കോട് ടൌണില്‍ കല്ലായിയുമായി ബന്ധപ്പെടുന്നു.
അതിനിടയില്‍ ചിലര്‍ കുറച്ചൊക്കെ സമ്പാദിക്കുകയും ജീവിക്കുകയും ചെയ്യുന്നുണ്ടാവാം.
പൊതുവില്‍ കടുത്ത ദാരിദ്യം. എനിക്ക് സദ്ര്‍ എന്ന നിലയില്‍ വലിയ ശമ്പളം
40 രൂപ. ദാരിദ്യം കടിച്ചിറക്കിയും ഐശ്വര്യം പ്രകടിപ്പിച്ചും ജീവിക്കാനുള്ള
അസാധാരണ പാടവം.
യു.കെയുടെ മലയാള ഗാനങ്ങളും എന്റെ അറബി കവിതകളും യുവതീ
യുവാക്കളുടെ ചുണ്ടുകളില്‍ തത്തിക്കളിച്ചു. സമ്മേളന കാലങ്ങളില്‍ പ്രത്യേകിച്ചും.
ബഹുജനങ്ങള്‍ക്ക് വേണ്ടി ക്ളാസ്സ്, പ്രസംഗം, വഅദ്, പള്ളിയില്‍ അഞ്ച്
നേരവും സജീവ സ്റ്റഡി സര്‍ക്കിള്‍, പ്രസംഗ പരിശീലനം, സുപ്രഭാതം മുതല്‍
കുട്ടികളുടെ കയ്യെഴുത്ത് പത്രങ്ങള്‍ സജീവം. ഇടക്ക് സല്‍ക്കാരം-എല്ലാവര്‍ക്കും
എല്ലാവരുടേയും സല്‍ക്കാരം. യു.കെയുടെ ഭാഷയില്‍ പൊരിച്ച കോഴി കിടന്ന്
നാണം കെടുന്ന ജാതി സല്‍ക്കാരം. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് കല്യാണം,
റിലീഫ് പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പരിശീലനം, ദൂരദിക്കുകളുമായി കച്ചവട
ബന്ധങ്ങള്‍, വിവാഹ ബന്ധങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് അയല്‍നാടുകളില്‍
പരിപാടികളും പ്രസംഗങ്ങളും. അങ്ങനെ പോകുന്നു ചലനങ്ങള്‍. കൂട്ടത്തില്‍
എന്റെ താമസം കൊയ്യപ്പുറത്ത് ബില്‍ഡിംഗിന്റെ മുകളിലേക്ക് മാറി.
അതിന്നിടയില്‍ ഞങ്ങളെ തീരാദുഃഖത്തിലാഴ്ത്തിയ ഒരു സംഭവമുണ്ടായി.
ഒ. ഉമര്‍ എന്ന വിദ്യാര്‍ത്ഥിയുടെ മരണം. ഒ. അബ്ദുല്ലയുടേയും അബ്ദുറഹ്മാന്റേയും
ജ്യേഷ്ഠസഹോദരന്‍ പെട്ടെന്ന് മരിച്ചു. അത്യുത്സാഹം, രസികത്വം, നല്ലബുദ്ധി
അതായിരുന്നു ഉമര്‍. മഞ്ഞപ്പിത്തം ആരുമറിയാതെ അവനെ തട്ടിക്കൊണ്ടുപോയി.
അല്‍ മദ്രസത്തുല്‍ ഇസ്ലാമിയയുടേയും പിന്നീട് ഇസ്ലാഹിയാ
കോളേജിന്റെയും വാര്‍ഷിക സമ്മേളനങ്ങള്‍ക്ക് ജമാഅത്ത് വൃത്തത്തിലും പുറത്തും
വലിയ പ്രാധാന്യം കല്‍പിക്കപ്പെട്ടിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍
നിന്നായി ധാരാളം ആളുകള്‍ അവയില്‍ സംബന്ധിക്കാറുണ്ട്. കെ.സിയുടെ വ്യക്തിത്വമാണ്
അതില്‍ മുഖ്യ പങ്കുവഹിച്ചത്. ഒരു യോഗത്തില്‍ റൌളത്തുല്‍ ഉലൂം അറബി
കോളേജിന്റേയും ഫാറൂഖ് കോളേജിന്റേയും സ്ഥാപകന്‍ മൌലാനാ അബുസ്സബാഹ് അഹമ്മദലി
അദ്ധ്യക്ഷം വഹിച്ചു. മറ്റൊന്നില്‍ കൊച്ചിയിലെ ജ: കിക്കി സേട്ടായിരുന്നു
അദ്ധ്യക്ഷന്‍. ഒരു യോഗത്തിലെ കലാപരിപാടികളില്‍ ആകൃഷ്ടനായതാണ് പി.എം.ബാവാച്ചി
ഹാജി കുറ്റ്യാടി ഇസ്ലാമിയാ കോളേജ് സ്ഥാപിക്കാന്‍ കാരണമായത്.
ഇത്തരം സമ്മേളനങ്ങള്‍ക്ക് ആ നാട്ടിന്റെ വളര്‍ച്ചയില്‍
നല്ല പങ്കുണ്ട്. കെ.സിയും മുജാഹിദ് പണ്ഡിതന്മാരും തമ്മില്‍ ഒരു വാദപ്രതിവാദം
നിശ്ചയിക്കുകയും അത് നടക്കാതിരിക്കുകയും ചെയ്തിരുന്നു. പഴയ നേതാവ്
കുട്ടിയസ്സനധികാരി മുജാഹിദ് പക്ഷക്കാരന്‍. എം.സി.സിയാണ് കെ.സി.ആറിന്റെ
സഹോദരീ ഭര്‍ത്താവ്. സഗീര്‍ മൌലവി, കബീര്‍ മൌലവി, എന്‍.കെ. മുഹമ്മദ്
മൌലവി എന്നിവര്‍ മുജാഹിദുകള്‍. കെ. മുഹമ്മദ് മൌലവിയും, കെ.ടി. മുഹമ്മദ്
മൌലവിയും പുളിക്കല്‍ പഠിച്ചവര്‍. എല്ലാവര്‍ക്കും അരീക്കോടുമായി നല്ല
ബന്ധം. സാധാരണക്കാരില്‍ ചിലരും തഥൈവ. ബാക്കി നാട്ടിലധികപേരും സുന്നികളോ,
ഒന്നിലും പെടാത്തവരോ. എന്നാല്‍ നാല് കൊല്ലത്തെ സേവനത്തിനുശേഷം 1958-
ല്‍ ഒരു ശവ്വാല്‍ മാസം ഞാന്‍ വിട പറയുമ്പോഴേക്കും മേല്‍പ്പറഞ്ഞവരെല്ലാം
ഏതു മനസ്സുകാരായിരുന്നുവെങ്കിലും നല്ല കാര്യങ്ങളില്‍ പരസ്പരം സഹകരിക്കാം
എന്നേടുത്തോളം ഉയര്‍ന്നുകഴിഞ്ഞിരുന്നു. കുറച്ചുപേര്‍ മാത്രമേ അതിന്നപവാദമായുണ്ടായിരുന്നുള്ളു.
ആ മനോഭാവമാണ് പൊതുവില്‍ വളര്‍ച്ചയുടെ അടിത്തറ. കോമുക്കുട്ടി
മുല്ലാക്കായുടെ മദ്രസ മുമ്പെ നടന്നുവരുന്നു. കുട്ടികളെല്ലാം അവിടെയാണ്
പഠിച്ചിരുന്നത്. എന്നാല്‍ നമ്മുടെ മദ്രസ തുടങ്ങിയതു മുതല്‍ അദ്ദേഹത്തിന്റെ
മക്കളുടെ പഠനം ഇവിടെയാണ്. മോയിന്‍ മുസ്ല്യാര്‍ അദ്ദേഹത്തിന്റെ മക്കളേയും
ഇവിടെതന്നെ ചേര്‍ത്തു. ഇവരായിരുന്നു ഈ നാട്ടിന്റെ പൂര്‍വ ഗുരുവര്യന്മാര്‍.
പുന്ന ഉണ്ണിമോയ് മുതല്‍ ചിലര്‍ സംഭാവന ചെയ്ത ഒറ്റമുക്കാലുകളുടെ മൂലധനത്തില്‍
തുടങ്ങിയ സ്ഥാപനമാണ് ഈ കാണുന്ന മഹാസ്ഥാപനങ്ങളുടെ സമുച്ചയമായി വളര്‍ന്നത്.
സംഘടനാശക്തിയും സ്ഥിരോത്സാഹവുമാണ് ഇതിന്റെ പിന്നില്‍. കുട്ടിയസ്സനധികാരിയുടെ
പ്രതാപവും സ്വാധീനവുമെല്ലാം കാലക്രമത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്
വഴിമാറിക്കൊടുക്കുകയായിരുന്നു. ഇതില്‍ പരാമര്‍ശിച്ചവരില്‍ ഭൂരിഭാഗവും
മരണപ്പെട്ടുപോയിരിക്കുന്നു. അവരെയെല്ലാം അല്ലാഹു മഅ്ഫിറത്തും മര്‍ഹമത്തും
നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
|