|
പെരുന്നാള്‍ ആഘോഷങ്ങള്‍(26/11/2009)
ഈദ് ദിനാഘോഷത്തിന്റെ പെരുമ അക്ഷരം പ്രതി ശരി വെക്കുന്നതായിരുന്നു ഇത്തവണത്തെ പെരുന്നാള്‍. ബലി പെരുന്നാളും വെള്ളിയാഴ്ചയും ഒത്തു വന്നിട്ടും നാട്ടില്‍ ആഘോഷങ്ങള്‍ ഗംഭീരമായി തന്നെ നടന്നു. വൈകുന്നേരം 6:30ന് കമ്പവലി മല്‍സരത്തോടെ തുടങ്ങിയ 'സോളിഡാരിറ്റി പെരുന്നാള്‍ പെരുമ-09'ന് രാത്രി വൈകിട്ട് കോല്‍കളിയോടെ തിരശ്ശീല വീഴുമ്പോള്‍ സുന്ദരമായൊരു നാടകവും, മാപ്പിളപ്പാട്ടിന്റെ ഇശലും, ഗാന സൗന്ദര്യവും എല്ലാം പെയ്തൊഴിഞ്ഞിരുന്നു. കഴിഞ്ഞ ചെറിയ പെരുന്നാളിന്റെ രാത്രിയെ ഓര്‍മിക്കുന്ന തരത്തിലായിരുന്നു ഇന്നലത്തെ ആഘോഷങ്ങള്‍. കമ്പവലിയില്‍ കഴിഞ്ഞ തവണത്തേതിന്റെ കണക്കു തീര്‍ക്കാന്‍ ഒരുങ്ങിയായിരുന്നു പഞ്ചാബ് ടീം വന്നത്. പുല്പറമ്പിന്റെ ബ്ലാക്ക് ടീം പുതിയ നിയമാവലിയെ പരമാവധി ഉപയോഗപ്പെടുത്തി ഈങ്ങാപുഴയില്‍ നിന്നും മറ്റുമായി മൂന്ന് മല്ലന്മാരെ തന്നെ ഒരുക്കി നിര്‍ത്തിയിരുന്നു. പഞ്ചാബിന്റെ പ്രതിനിധികളായി ഇത്തവണ മൂന്ന് ടീമുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിനു പുറമെ ഈസ്റ്റ് ചേന്ദമംഗല്ലൂരില്‍ നിന്ന് എവര്‍ഗ്രീനും ടീമിനെ കൊണ്ടു വന്നിരുന്നു. കഴിഞ്ഞ തവണത്തെ രണ്ടാ സ്ഥാനക്കാരായ അനാര്‍ക്ക് ബില്‍ഡേര്‍സ് ഇത്തവണ ഒരുങ്ങി തന്നെയായിരുന്നു വന്നത്. ആവേശം മുറ്റി നിന്ന പെരുന്നള്‍ സന്ധ്യയില്‍ പക്ഷെ, ബ്ലാക്ക് പുല്പറംമ്പിന്റെ മാസ്മരിക പ്രകടനത്തില്‍ സ്ഥിരം വിജയികളെ തന്നെയായിരുന്നു പ്രഖ്യാപിച്ചത്.വിജയികളായ ബ്ലാക്ക് പുല്പറമ്പിനും രണ്ടാം സ്ഥാനക്കാരായ പഞ്ചാബിന്റെ കൊടക്കാട് ക്രെസ്പോക്കുമുള്ള സമ്മാനങ്ങള്‍ ഇബ്രാഹിംക്കയായിരുന്നു വിതരണം ചെയ്തത്.
നിരവധി യുവജനോല്‍സവ വേദികളില്‍ വിജയക്കൊടി പാറിച്ച നാടക ടീം ആയ പയിമ്പ്ര ഗവണ്മെന്റ് സ്കൂളിലെ കുട്ടികളുടെ നാടകമായ 'നയിക്കാതെ ബെയിക്കരുത്' എന്ന നാടകം കാണികളുടെ മുഴുവന്‍ മനസ്സും കവര്‍ന്നു. ഉപജില്ല കലോല്‍സവത്തിലെ വിജയികളായ ചേന്ദമംഗല്ലൂര്‍ ഹയര്‍ സെകണ്ടറി സ്കൂളിലെ കോല്‍കളി ടീം അവതരിപ്പിച്ച കോല്‍കളിയും ശ്രദ്ധപിടിച്ചു പറ്റിയ മറ്റൊരു ഇനമായിരുന്നു. ശംനു ലുക്കുമാനും പട്ടുറുമാല്‍ താരവും മീഡിയ അക്കാദമി വിദ്യാര്‍ഥിയുമായ ഫവാസ് താത്തൂരും കൂട്ടരും അവതരിപ്പിച്ച ഗാനമേളയും സുന്ദരമായിരുന്നു. മുഹ്സിന്‍, മുസ്തഫ, ലൈസ്, അന്‌വര്‍, ഷകീബ്, സാബിഖ്, അമീന്‍ ജൗഹര്‍, മുജീബ് അമ്പലക്കണ്ടി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്തം നല്‍കി
പെരുന്നാള്‍ ഒരുക്കങ്ങള്‍(26/11/2009)
ബലിപെരുന്നാളിന്റെ ഒരുക്കങ്ങളിലാണ് ചേന്ദമംഗല്ലൂര്‍. ഇത്തവണയും ഒതയമംഗലം മഹല്ല് വക ഈദ് ഗാഹ് ചേന്ദമംഗല്ലൂര്‍ അങ്ങാടിയില്‍ യു പി സ്കൂള്‍ മൈതാനത്ത് വിപുലമായ തോതില്‍ സംഘടിക്കുന്നുണ്ട്. പള്ളിക്കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പാലിയില്‍ നാസിറിന്റെ നേതൃത്തത്തില്‍ ഈദ് ഗാഹ് കമ്മിറ്റിയാണ് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത്. ഗുഡ് ഹോപ്പ് മൈതാനത്ത് മുജാഹിദ് പള്ളിയുടെ ഈദ് ഗാഹിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു. അബ്ദുല്‍ ഗഫൂര്‍ ഫാറൂഖിയാണ് ഇവിടെ നമസ്കാരത്തിന് നേതൃത്തം വഹിക്കുന്നത്. ഒതയമംഗലം ഈദ് ഗാഹിന് ഹമീദ് വാണിമ്മേല്‍ നെതൃത്തം നല്‍കുന്നു. വെസ്റ്റ് ചേന്ദമംഗല്ലൂരിലെ മസ്ജിദുല്‍ ഫാറൂഖിലും മസ്ജിദുല്‍ അന്‍സാറിലും ഈദ്ഗാഹിന് പകരം പള്ളിയില്‍ വെച്ച് തന്നെയാണ് പെരുന്നാള്‍ നമസ്കാരം ഒരുക്കുന്നത്.
ഈദ് ദിനത്തില്‍ വെസ്റ്റ് ചേന്ദമംഗല്ലൂരിലും അങ്ങാടിയിലും വിപുലമായ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ സോളിഡാരിറ്റിയുടെ നേതൃത്തത്തില്‍ ഒരുക്കുന്നുണ്ട്. തെരുവു ഗായകരുടെ സംഗീത നിശയാണ് വെസ്റ്റ് ചേന്ദമംഗല്ലൂരിലെ ആകര്‍ഷണം. അങ്ങാടിയില്‍ കമ്പവലിയും, ഗാനമേളയും നാടകവും കോല്‍കളിയും ചേര്‍ന്ന വിപുലമായ കലാസന്ധ്യ തന്നെയാണ് അരങ്ങിന് പിന്നില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. പെരുന്നാള്‍ പെരുമയെന്നാണ് ഇതിന്റെ പേരിട്ടിരിക്കുന്നത്. ഗാനമേളയില്‍ ഷഹദ് കൊടിയത്തൂരും ടീമും ഒരുങ്ങുമ്പോള്‍ പയിമ്പ്രയില്‍ നിന്നാണ് 'നയിക്കാതെ ബെയിക്കരുതെന്ന' നാടകം വരുന്നത്. കമ്പവലിയില്‍ ഇത്തവണ നാട്ടിന് പുറത്തു നിന്നും ആളുകളെ പങ്കെടുപ്പിക്കാനുള്ള അനുമതിയുള്ളത് മല്‍സരം കൂടുതല്‍ വീറുറ്റതാക്കുമെന്ന് കരുതുന്നു.
| |