ചേന്ദമംഗല്ലൂര്‍ ഹയര്‍ സെകണ്ടറി സ്കൂള്‍ വിജയം 95 ശതമാനം (13/5/2009)


   ചേന്ദമംഗല്ലൂര്‍ ഹയര്‍ സെകണ്ടറി സ്കൂള്‍ പ്ലസ്‌ ടു വിജയം ഇത്തവണ 95% ആയി കുറഞ്ഞു.സംസ്ഥാന തലത്തില്‍ തന്നെ വിജയ ശതമാനവും മാര്‍ക്കും കഴിഞ്ഞ തവണത്തേതില്‍ നിന്നു കുറവ്‌ അനുഭവപ്പട്ടതിന്റെ അനുരണനമാണ്‌ ഇവിടേയും എന്നാണ്‌ പൊതു അഭിപ്രായം. ഹുമാനിറ്റീസ്‌, സയന്‍സ്‌ കൊമേര്‍സ്‌ എന്നീ വിഭാഗങ്ങളില്‍ നിന്നായി 17 ഓളം കുട്ടികളാണ്‌ ഇത്തവണ വിജയ രേഖ എത്തും മുമ്പെ ഇടറി വീണത്‌. പരാജയ സാധ്യത ഉള്ളവരെ മുന്നില്‍ കണ്ട്‌ സ്കൂള്‍ അധികൃതര്‍ പരീക്ഷക്ക്‌ മുമ്പ്‌ തന്നെ സ്പെഷല്‍ കോച്ചിംഗ്‌ സംഘടിപ്പിച്ചിരുന്നെങ്കിലും, ഇതില്‍ പങ്കെടുക്കാത്ത കുട്ടികളാണ്‌ പരാജയപെട്ടത്തില്‍ അധികവും. കോഴിക്കോട്‌ ജില്ലാ ശരാശരിയായ 81% ത്തേക്കാള്‍ ബഹുദൂരം മുന്നിലാണെന്നതാണ്‌ ഇത്തവണത്തെ വിജയത്തിലെ അഭിമാനിക്കാവുന്ന വശം.





വേനല്‍മഴയും കാറ്റും: ചേന്ദമംഗല്ലൂരില്‍ വ്യാപക നാശം(9/5/2009)






വേനല്‍മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റ്‌ ചേന്ദമംഗല്ലൂരില്‍ വ്യാപകമായ നാശം വിതച്ചു. വൈദ്യുതി ബന്ധം താറുമാറായി. എന്‍.കെ. ദസ്തഗീര്‍ മാസ്റ്റര്‍, ഇ.അബൂട്ടി. കെ.ടി. അബ്ദുല്‍കരീം, തേവര്‍മണ്ണില്‍ മമ്മദ്‌ എന്നിവരുടെ കുലച്ച വാഴകള്‍ നിലം പതിച്ചു. ലക്ഷങ്ങള്‍ മുടക്കി കൃഷിയിറക്കിയ വാഴകള്‍ അടുത്ത മാസം വിളവെടുപ്പിന്‌ കാത്തിരിക്കെയാണ്‌ കാറ്റ്‌ നാശം വിതച്ചത്‌. നേരത്തെ കാലം തെറ്റി വന്ന മഴകാരണം കൃഷിയുടെ ആരംഭത്തിലും വാഴ കര്‍ഷകര്‍ക്ക്‌ വന്‍ നഷ്ടം സംഭവിച്ചിരുന്നു. അതില്‍നിന്ന്‌ രക്ഷപ്പെട്ടുകൊണ്ടിരിക്കെയാണ്‌ കഴിഞ്ഞ ദിവസം വൈകിട്ട്‌ ആഞ്ഞടിച്ച ശക്തമായ കാറ്റില്‍ വീണ്ടും കര്‍ഷകര്‍ക്ക്‌ ദുരിതം പേറേണ്ടി വരുന്നത്‌.
പെരിങ്ങമ്പുറത്ത്‌ ബഷീറിന്റെ വീടിന്റെ പിറകിലുള്ള തേക്ക്‌ മരം നടുവൊടിഞ്ഞ്‌ തൊട്ടടുത്ത വൈദ്യുതി ലൈനില്‍ വീണ്‌ പോസ്റ്റ്‌ ചരിഞ്ഞിട്ടുണ്ട്‌. തലനാരിഴക്കാണ്‌ പോസ്റ്റ്‌ വീടിന്‌ മുകളില്‍ വീഴാതെ രക്ഷപ്പെട്ടത്‌. വെസ്റ്റ്‌ ചേണ്ടമംഗല്ലൂര്‍ അമ്പലത്തിങ്ങല്‍ കുട്ടിഹസ്സന്‍, കണ്ണങ്ങര രാജന്‍ എന്നിവരുടെ നിരവധി വാഴകള്‍ നശിച്ചു. അരിപ്പനാടി കുഞ്ഞന്‍ മുഹമ്മദിന്റെ വീടിന്‌ മുകളില്‍ തേക്ക്‌ വീണ്‌ വീട്‌ ഭാഗികമായി നശിച്ചു.പ്രദേശത്തെ പലയിടങ്ങളിലെ വീടിന്റെയും ഹൈസ്കൂളിന്റെയും ഓടും ഷീറ്റും കാറ്റില്‍ പാറിപ്പോയി.

Photos: Unni cheku Chennamangallur




എസ്‌ എസ്‌ എല്‍ സി വിജയം 99 ശതമാനം (9/5/2009)


   ചേന്ദമംഗല്ലൂര്‍ ഹൈസ്കൂള്‍ എസ്‌ എസ്‌ എല്‍ സി വിജയം ഇത്തവണ 99 ശതമാനം. ഒരു കുട്ടിയുടെ പരാജയമാണ്‌ വിജയ ശതമാനത്തിലെ സ്വപ്ന സംഖ്യയില്‍ നിന്ന് ഒന്നു കുറയാന്‍ ഇടയാക്കിയത്‌. കഴിഞ്ഞ വര്‍ഷം സ്കൂളിന്‌ 100 ശതമാനം വിജയം ഉണ്ടായിരുന്നു.




സുന്നിയ്യ രസിഡന്‍ഷ്യല്‍ സെന്റര്‍ വാര്‍ഷികം(5/5/2009)


   സുന്നിയ കോളേജിന്റെ അനുബന്ധ സ്ഥാപനമായ ദര്‍സ് (രസിഡന്‍ഷ്യല്‍ സെന്റര്‍) ഒന്നാം വാര്‍ഷികം മേയ്
1, 2, 3 തിയ്യതികളിലായി വിപുലമായി ആഘോഷിച്ചു. മത പ്രഭാഷണം, കഥാപ്രസങം, ദിക്ര് ദുആ മജ്‌ലിസ്, വിദ്യാഭ്യാസ സമ്മേളനം എന്നിങനെ വിവിധ സെഷനുകളിലായി പ്രമുഖര്‍ പങ്കെടുത്തു. 1979 ഇലാണ്‌ സുന്നിയ്യ അറബിക്‍ കോളേജ് ചേന്ദമംഗല്ലൂരില്‍ സ്ഥപിതമാകുന്നത്. 1995 ഇല്‍ ഗവണ്മന്റ് അംഗീകാരവും ലഭിച്ചു.
പാണക്കാട് അബ്ബാസലി തങള്‍ ഉല്‍ഘാടനം ചെയ്ത വാര്‍ഷികത്തില്‍ എം ഐ ഷാനവാസ്, പികെ കുഞാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തീരുന്നു. ശനിയാഴ്ച്ച നടന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ ഒ.അബ്ദുള്ള, ഹമീദ് ചേന്നമംഗല്ലൂര്‍, ഡൊ. കൂട്ടില്‍ മുഹമ്മദലി, സി ടി അബ്ദു റഹീം, ഷാജി കെ വയനാട് , അബൂബക്കര്‍ ഫൈസി എന്നിവര്‍ പങ്കെടുത്തു.

 
 
2009 cmr on web Chennamangallur News chennamangaloor GMUP school