|
പഠനമെന്നത് ഇന്ന് വിരസമായ ഒരു പ്രക്രിയയല്ല.
പാഠപുസ്തകത്തിന് അനുപൂരകമായി ചുറ്റുപാടില്‍നിന്നുള്ള അനുഭവങ്ങള്‍
കൂടി ചേര്‍ക്കപ്പെടുമ്പോള്‍, അറിവിന്റെ ചക്രവാളം വിശാലമാകുന്നത്
അവര്‍ അറിഞ്ഞു. ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ
കൊക്കൂണ്‍ നാച്വര്‍ ഗ്രൂപ്പ് തങ്ങളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തെ
കുറിച്ച് ചര്‍ച്ച ചെയ്യുന്ന ജനറല്‍ മീറ്റിംഗില്‍ ഉയര്‍ന്നു
വന്ന വിവിധ നിര്‍ദേശങ്ങളില്‍നിന്ന് 'അനുഭവ സമ്പത്തുള്ള' പുതിയയൊരു
പരിപാടിയാണ് തെരഞ്ഞെടുത്തത്. കൂട്ടായ നെല്‍കൃഷി. പ്രിന്‍സിപ്പലിന്റെ
പൂര്‍ണപിന്തുണ ആവേശമായി. കെ.സി. മൊയ്തീന്‍കോയ തന്റെ പാടം പാട്ടത്തിന്
വിട്ടുതന്നു. 'പാഠങ്ങളില്‍നിന്ന് പാടങ്ങളിലേക്ക്' എന്ന തലക്കെട്ടും
കുട്ടികള്‍ തന്നെ കണ്ടെത്തി.
'ഭക്ഷ്യപ്രതിസന്ധി: നമുക്കെന്ത് ചെയ്യാനാകും?'
എന്ന സെമിനാറോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വിഷയത്തെ
ആഴത്തില്‍ പ്രതിപാദിക്കുന്ന പ്രബന്ധങ്ങളും ചര്‍ച്ചകളും നടന്നു.
പാടത്തേക്കിറങ്ങാന്‍ മനസ്സുകള്‍ സജ്ജമായി. വിതയുത്സവം, വയലൊരുക്കം,
ഊര്‍ച്ച, കളനീക്കം, കൊയ്ത്ത്, മെതി, കാറ്റത്തിടല്‍... ഓരോ ഘട്ടത്തിനും
പ്രാദേശിക പദങ്ങള്‍ തന്നെ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
വിത്തുകള്‍ മുക്കിവെച്ച് മുളപ്പിച്ച് പ്രത്യേകം തയാറാക്കിയ
ബെഡുകളില്‍ വിതറി മുളപ്പിച്ചു. വാഴക്കള്ളികള്‍ നിറഞ്ഞ പാടങ്ങള്‍
നിരത്തി ഞാറു നടാന്‍ യോഗ്യമാക്കി. പിന്നെ കാളപ്പൂട്ടു മല്‍സരം
നടത്തി- അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും ഒത്തുചേര്‍ന്ന
ഒരു ഉല്‍സവ പ്രതീതി. "ഊര്‍ച്ച'യാണ് കുട്ടികളുടെ കൃഷി നാട്ടില്‍
പാട്ടാക്കിയത്. ഞാറുകള്‍ നന്നായി നട്ടു. ഹരിതാഭമാര്‍ന്ന നെല്‍വയല്‍
രൂപപ്പെട്ടു. കുട്ടികള്‍ വിവിധ ഗ്രൂപ്പുകളായി വയലിലെത്തി നെല്‍ച്ചെടികള്‍ക്കിടയിലെ
കളകള്‍ നീക്കി. കരുത്തുള്ള നെല്‍ച്ചെടികള്‍ തലപൊക്കി.
കാര്‍ഷിക പ്രതിസന്ധി കൂടി കുട്ടികള്‍ അറിയണമല്ലോ.
അവിചാരിതമായി മഴയും വെള്ളപ്പോക്കവും വന്നു.വെള്ളം സാധാരണ പോലെ
ഒഴിഞ്ഞുപോകുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, വയലിലേക്ക് ഒഴുകിവന്ന
ആഫ്രിക്കന്‍ പായല്‍, യൂട്രിക്കുലേറിയ എന്ന ഇരപിടിയന്‍ ചെടികള്‍
എന്നിവ നെല്‍ച്ചെടിയില്‍ ചുറ്റിലും മുകളിലൂടെ ഒഴുകിയും നെല്‍ച്ചെടികളെ
മുഴുവന്‍ തകര്‍ത്തു കളഞ്ഞു. ഒപ്പം വര്‍ധിച്ച തോതില്‍ കളകള്‍.
കുറേയേറെ നെല്ലുകള്‍ ചീഞ്ഞുപോയി. കളകള്‍ ക്രമാതീതമായ തോതില്‍
വളരാന്‍ തുടങ്ങി. വീണ്ടും തളിര്‍ത്തു. കതിരിടാറായി. അപ്പോഴതാ
പുതിയ പുഴുക്കളുടെ ആക്രമണം. എങ്ങനെയാണ് കര്‍ക്ഷകര്‍ നിരാശരാകുന്നതെന്ന്
കുട്ടികള്‍ അനുഭവത്തിലൂടെ അറിഞ്ഞു.
മറ്റൊരു ചെടിക്കുമില്ലാത്ത, മറ്റൊരു കൃഷിക്കുമില്ലാത്ത
മേന്മ, നമ്മുടെ മുഖ്യ ഭക്ഷണമായ നെല്ലിനുണ്ട്. അത് പ്രാതികൂല്യങ്ങളെ
അതിജീവിക്കുന്നു. പ്രയാസങ്ങളെയൊക്കെ അതിജീവിച്ച പാടം കൊയ്തു.
പരീക്ഷച്ചൂടിനിടയിലും കുട്ടികള്‍ തങ്ങളുടെ പാടത്തെത്തി. ഏറെ
അനുഭവങ്ങളുള്ളതായിരുന്നു ഈ പരിപാടിയെന്ന് കൊക്കൂണ്‍ പ്രവര്‍ത്തകര്‍
പറയുന്നു.
പലരും തങ്ങുടെ അനുഭവങ്ങള്‍, വികാരങ്ങള്‍ ഡയറിക്കുറിപ്പുകളാക്കി.
ജീവിതത്തിലാദ്യമായി വയലിറങ്ങിയത്, പാടത്തെ ചെളിയുടെ മീഥൈന്‍
മണം, നെല്‍ച്ചെടികള്‍ക്കിടയിലെ അസോള, കുളവാഴ, യൂട്രിക്കുലേറിയ
തുടങ്ങി വൈവിധ്യമാര്‍ന്ന സസ്യങ്ങള്‍, നമ്മുടെ ചോറ്/ അരി രൂപ
രൂപപ്പെട്ടുവരുന്നത് എങ്ങനെയെന്ന അറിവ്, കാര്‍ഷികവൃത്തിയിലെ
നാടന്‍ പദപ്രയോഗങ്ങള്‍, കൃഷിയിലെ നാട്ടറിവുകള്‍, അങ്ങനെ പലതും.
പി.ടി.എ പ്രസിഡന്റ് പി.കെ. അബ്ദുറസാഖ് പച്ചക്കറി
കൃഷി കൂടി അടുത്ത വര്‍ഷം സ്കൂള്‍ കോമ്പൗണ്‍ടില്‍ ആരംഭിച്ച്
ഈ പദ്ധതി വിപുലമാക്കുമെന്ന് ഉറച്ച തീരുമാനത്തിലാണ്. എല്ലാ
തലത്തിലുമുള്ള പിന്തുണയാണ് അദ്ദേഹം നല്‍കിയത്. ജില്ലാ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി, പഞ്ചായത്ത് പ്രസിഡന്റ് കല്യാണിക്കുട്ടി,
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മുംതാസ് ജമീല എന്നിവര്‍
എല്ലാ ഘട്ടങ്ങളിലും കുട്ടികളോടൊപ്പമുണ്‍ടായിരുന്നു. അധ്യാപകരായ
എസ്. ഖമറുദ്ദീന്‍ (പ്രമോട്ടര്‍, കൊക്കൂണ്‍ നാചര്‍ ക്ലബ്),
ജവാദുറഹ്മാന്‍ എം.ടി (പ്രോഗ്രാം ഓഫീസര്‍, എന്‍.എസ്.എസ്) യു.പി
മുഹമ്മദലി, മൊയ്തു ശരീഫ്, ഹസനുല്‍ ബന്ന എന്നിവരും കുട്ടികള്‍ക്ക്
നേതൃത്വം നല്‍കി.
മുന്‍ വര്‍ഷങ്ങളില്‍ ഓടത്തെരുവ് മാലിന്യ മുക്തമാക്കാനും
എന്‍ഡോസള്‍ഫാന്‍ ദുരന്തഭൂമി സന്ദര്‍ശിച്ച് പഠനം നടത്താനും അവര്‍ക്കാശ്വാസം
പകരാനും പഠന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനും
നമ്മുടെ പ്രദേശത്തെ കൃഷിഭൂമിയിലെ കീടനാശിനി കളനാശിനി പ്രയോഗങ്ങളെക്കുറിച്ച്
പഠിക്കാനും ശ്രമം നടത്തിയ കൊക്കൂണ്‍, സ്വന്തമായി നെല്‍ക്ര്ഷി
നടത്തിക്കൊണ്ട് പുതിയൊരു ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നു.
സത്യത്തിലിത്, പ്രവര്‍ത്തന നൈരന്തര്യത്തിലെ വികാസമാണ്. പുതുമയാര്‍ന്ന
ആശയങ്ങള്‍ കുട്ടികളില്‍ വിതച്ച് അവരില്‍നിന്ന് ഉത്തരവാദിത്വമുള്ള
പൗരന്മാരെ കൊയ്തെടുക്കുന്ന വിദ്യ.
|