ലേഖനങ്ങള്‍
 
>> ഗ്രാമത്തിന്റെ കഥ
>> ചേന്ദമംഗല്ലൂരിന്റെ ശില്പി
>> കുടമണി കെട്ടിയ ഗ്രാമം
>> ചേന്ദമംഗല്ലൂരും ഫുട്ബാളും
>> ഇരുവഴിഞ്ഞിപ്പുഴ കവിഞ്ഞൊഴുകുമ്പോള്
  

ഇരുവഴിഞ്ഞിപ്പുഴ കവിഞ്ഞൊഴുകുമ്പോള്‍

ഒ. അബ്ദുല്ല

  ചേന്ദമംഗല്ലൂര്‍ ഗ്രാമത്തെ സംബന്ധിച്ചിടത്തോളം ഇരുവഴിഞ്ഞിപ്പുഴ നര്‍ത്തകിയുടെ അരക്കെട്ടിലെ അരഞ്ഞാണ്‍ പോലെയാണ്. വേനല്‍ക്കാലത്ത് അതവിടെ വെറും ഒരു കണ്ണീരായി പറ്റിപ്പിടിച്ചുകിടക്കും. മഴക്കാലമായാല്‍ അതു നൃര്‍ത്തനൃത്ത്യങ്ങള്‍ക്കായി ഉണരും. അന്നേരം ഉന്‍മേഷാവൃതമായ അതിന്റെ മാറിടത്തിലൂടെ മലരുകളും മലമ്പാമ്പുകളും നിര്‍ബാധം ഒഴുകും. അങ്ങകലെ വെള്ളരിമലയില്‍ നിന്നൊഴുകിയെത്തുന്ന മരമുട്ടികള്‍ മാത്രമല്ല അടിതെറ്റി ഒഴുക്കില്‍പെട്ടു ചത്തുമലച്ച ആനകള്‍പോലുമുണ്ടാവും അന്നേരമതിന്റെ പ്രവാഹത്തില്‍. അന്നു പുഴയുടെ താഴെ ഡാമുണ്ടായിരുന്നില്ല. അതിനാല്‍ നദി അതിന്റെ വെള്ളത്തെ സ്വയം നിയന്ത്രിച്ചു. വേനലില്‍ വേലിയേറ്റനേരത്താണ് അതിന്റെ ഉച്ഛാസവും നിശ്വാസവും. ചാലിയാറിന്റെ പോഷകനദിയാണ് ഇരുവഴിഞ്ഞി. വേലിയേറ്റനേരത്ത് ഇരുവഴിഞ്ഞിയെ വയര്‍വീര്‍പ്പിച്ചു നിര്‍ത്തുക ചാലിയാറിന്റെ സ്ഥിരം വിനോദങ്ങളിലൊന്നാണ്. ഈ നേരത്ത് ഇരുവഴിഞ്ഞിയുടെ ഒഴുക്ക് ഒരു പകവീട്ടല്‍ പോലെയത്രെ. അത്രയും നേരം താഴോട്ടൊഴുകിയ നദി വേലിയേറ്റത്തില്‍ മേലോട്ട് ഒഴുകുന്നു. ആ സമയം അതിന്റെ പരപ്പില്‍ കരയില്‍ നിന്നകറ്റി അടര്‍ത്തിയെടുത്ത മണല്‍തരികള്‍ പരസ്പരം വേര്‍പിരിയാന്‍ കൂട്ടാക്കാതെ ഒഴുകുന്നുണ്ടാവും. മണല്‍വെള്ളത്തില്‍ താഴാതെ ജലപ്പരപ്പില്‍ പൊന്തിനടക്കുന്നതു കാണുക ഒരത്യപൂര്‍വ കാഴ്ചയാണ്. വേലിയേറ്റത്തില്‍ വിയര്‍ത്തു തുടിച്ചുനില്‍ക്കുന്ന ഇരുവഴിഞ്ഞിയെ അതേനിലയില്‍ പിടിച്ചുവയ്ക്കാന്‍ ഞ്ഞങ്ങള്‍ കുട്ടികള്‍ അക്കാലത്ത് ഏറെ ശ്രമിച്ചിട്ടുണ്ട്.

ഈ സമയത്ത് ഞ്ഞങ്ങള്‍ ഇരുവഴിഞ്ഞിയെ പൂര്‍ണമായും ഏറ്റവാങ്ങും ഇരുവഴിഞ്ഞി ഞ്ഞങ്ങളേയും. ഇരുവഴിഞ്ഞിക്കു എത്ര വളവുകളും തിരിവുകളും ഉണ്െടന്നും അതിന്റെ വളവുകളില്‍ ഓരോന്നിലും എത്ര ആളുടെ വെള്ളമുണ്െടന്നും ഞ്ഞങ്ങള്‍ക്കു കാണാപാഠം.

എങ്ങനെ അല്ലാതിരിക്കും? നാട്ടില്‍ കളിക്കാന്‍ മൈതാനങ്ങളില്ല. കൊയ്തൊഴിഞ്ഞ വയലുകളില്‍ ഏതാനും മാസങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും കൃഷിയിറക്കലും നടലുമെല്ലാം ആരംഭിക്കും.

മഴ ഒന്നു പെയ്താല്‍ വയലുകളത്രയും വെള്ളത്തിന്നടിയിലായി. ഇരുവഴിഞ്ഞിയാണ് ഇവിടെ വില്ലന്‍. ആകാശത്തിനൊന്നു ജലദോഷം പിടിക്കുകയേ വേണ്ടൂ. ഇരുവഴിഞ്ഞി അതൊരു നിമിത്തമായെടുക്കും. രണ്ടു മഴ തുടര്‍ച്ചയായി കനപ്പിച്ചുപെയ്താല്‍ ഗ്രാമത്തിന്റെ നേര്‍ക്കുള്ള ഇരുവഴിഞ്ഞിയുടെ പരാക്രമം ആരംഭിക്കുകയായി. അതിന്റെ മുമ്പില്‍ ഒരപ്പീലുമില്ല. വയലുകളുടെ വയറുകളെ വെള്ളം നിറച്ചു നിര്‍ത്തിയ ശേഷം അതു വീടുകളുടെ മുറ്റത്തേക്കു പാഞ്ഞുകയറും. അകത്തു കയറണോ വേണ്ടയോ എന്ന സംശയം കവിഞ്ഞാല്‍ ഒരു പകലും രാത്രിയുമേ കാണൂ. കാലത്തുണരുമ്പോള്‍ സംശയങ്ങളെല്ലാം വെള്ളത്തിലാവും. നാട്ടുകാരനും നാട്ടിലെ ഏക സെന്‍ട്രല്‍ ഗവണ്‍മെന്റ് ജീവനക്കാരനുമായ തേവ്രമണ്ണില്‍ മമ്മികാക്കയുടെ വീടുമുറ്റത്താണു പരാക്രമത്തിന്റെ തുടക്കം. പിന്നെ നമ്പുതൊടി ഷുക്കൂറിന്റെ വീട്ടുപടിക്കല്‍ എത്തിനോക്കും. ഇതിനകം പുല്‍പറമ്പ് അങ്ങാടി അതു വിഴുങ്ങിയിട്ടുണ്ടാവും. മഴപെയ്ത് ആകാശം തുടര്‍ന്നും കാര്‍മേഘാവൃതമാവുന്നതു കണ്ടാല്‍മതി കുറ്റിപ്പറയന്‍മുഹമ്മദും അക്കരടത്തിക്കാരനും മഞ്ചപൂട്ടി കുപ്പിയും ഭരണിയുമെല്ലാം എടുത്തു സ്ഥലം കാലിയാക്കാന്‍. പീടികമുറി വാടകക്കെടുക്കുമ്പോഴേ ഉള്ള നിശ്ചയമാണത്. കൊല്ലത്തില്‍ പത്തുമാസം വാടക. ബാക്കി രണ്ടുമാസത്തെ വാടക ഇരുവഴിഞ്ഞിയെക്കൊണ്ടു വാങ്ങേണ്ടതാണ്. രണ്േടാ നാലോ ദിവസം നീണ്ടുനില്‍ക്കും ഇരുവഴിഞ്ഞിയുടെ ഈ ക്രൌര്യം. ചിലപ്പോള്‍ ഒരാഴ്ച. അത്യപൂര്‍വമായി രണ്ടു മൂന്ന് ആഴ്ച തുടര്‍ച്ചയായി. ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാത്ത ഇരുവഴിഞ്ഞിയുടെ പരാക്രമകാലം മൂന്‍കൂര്‍ പ്രവചിക്കുക അസാധ്യമത്രെ. വെള്ളപ്പൊക്കക്കാലത്തു ഗ്രാമത്തെ പുഴ അക്ഷരാര്‍ഥത്തില്‍ വിഴുങ്ങും. പിന്നെ ഗ്രാമത്തിന്റെ ജീവിതത്തിനു ടൈംടേബിള്‍ ഇല്ല. എല്ലാം തോന്നിയപോലെ. എങ്ങനെയല്ലാതിരിക്കും? ഗ്രാമത്തില്‍നിന്നു പുറത്തു കടക്കാനും അകത്തു കടക്കാനും ഉദ്ദേശിച്ചുള്ള വഴികളിലത്രയും വെള്ളം. മണാശ്ശേരി - ചേന്ദമംഗല്ലൂര്‍ പാതയില്‍ ചരുങ്ങിയത് അഞ്ചുസ്ഥലത്തു വെള്ളപ്പൊക്കം മൂലം വാഹനഗതാഗതം മാത്രമല്ല, എല്ലാവിധ യാത്രകളും മുടങ്ങിയിട്ടുണ്ടാവും.

ചക്കാലന്‍കുന്നത്ത് അലവിയുടെ തോണിയാണ് ഏക ആശ്രയം. ഗ്രാമത്തിന്റെ വിവിധകരകളില്‍ നിന്ന് ആളുകള്‍ അലവിയെ വിളിച്ച് തോണിക്കു കൂവും. കൂവലിന്റെ ശബ്ദത്തില്‍ നിന്ന് ആളെ തിരിച്ചറിയാന്‍ അലവിക്ക് ഒരു പ്രയാസവുമില്ല. അന്യ നാട്ടുകരാരെങ്കിലും അബദ്ധവശാല്‍ ഈ വഴിക്കു വന്നാല്‍ അലവിയുടെ തോണി പറന്നെത്തും. നാട്ടുകാരുടെ കാര്യത്തില്‍ താല്‍പ്പര്യം കാണിക്കേണ്ടതില്ല. തോരാമഴയത്തു വയലിലൂടെയും പൊയിലിലൂടെയും തോണി കുത്തുന്നതു നാട്ടുകാര്‍ക്കു വേണ്ടിയാവുമ്പോള്‍ ഒട്ടുമിക്കപ്പോഴും അതു വെറും കയിലുകുത്തലാണ്. അപൂര്‍വം ചിലരൊഴിച്ച് ആരും ഒന്നും കൊടുക്കില്ല. നാട്ടുനടപ്പിന്റെ ഭാഗമാണ് അതൊക്കെ. മൊല്ലാക്ക സൌജന്യമായി കുട്ടികളെ മദ്രസ്സയില്‍ പഠിപ്പിച്ചുകൊള്ളണം. തലമുടി വളരുകയോ താടി നീളുകയോ ചെയ്താല്‍ ഒസ്സാന്‍ വീടുകള്‍ തോറും കയറി തലമൊട്ടയടിച്ചു കൊടുക്കണം; താടിവടിക്കണം. എല്ലാം വീട്ടില്‍ ചെന്നുചെയ്തു കൊടുക്കണം. നാട്ടുമുപ്പന്‍മാരുടെയും പ്രമാണിമാരുടെയും താടിയും മുടിയും നന്നാക്കുക, പള്ളിയിലെ പുറംകോലായില്‍ വച്ചാണ്. ആര്‍ക്കും എതിര്‍പ്പില്ല. പള്ളികള്‍ ബാര്‍ബര്‍ ഷാപ്പുകളാക്കുന്നതിനെതിരേ പ്രതികരിക്കാതിരിക്കാന്‍ മാത്രം പ്രബലമായി നിന്ന നാടിന്റെ മേലുള്ള കാരണവന്‍മാരുടെ മേധാവിത്വം.

ആണ്ടിലൊരിക്കല്‍ ഒരു ചക്കയോ അല്‍പ്പം നെല്ലോ ആണ് ഒസാന്‍മാരുടെ പ്രതിഫലമെങ്കില്‍ ഓത്തുപഠിപ്പിക്കുന്ന മൊല്ലാക്കയുടെ അവസ്ഥയാണു പരമദയനീയം. നിശ്ചിതവേതനം ഇല്ല. വിശുദ്ധ ഖുര്‍ആനിലെ യാസീന്‍ അദ്ധ്യായത്തിലേക്കോ ഖുര്‍ആന്റെ നേര്‍പകുതിയായ സുബ്ഹാന ജുസൂഇലേക്കോ പ്രവേശിക്കുമ്പോള്‍ മൊല്ലാക്ക പഠിതാവിന്റെ വീട്ടുകാരെ വിവരമറിയിക്കും. ചുരുക്കം ചിലര്‍ വല്ലതും കൊടുത്തയക്കും. അധികപേരും കേട്ട ഭാവം നടിക്കില്ല. മൊല്ലാക്ക വേറെയും മാര്‍ഗങ്ങള്‍ പ്രയോഗിച്ചു നോക്കും. കത്തിവാങ്ങണം, വീടുകെട്ടി മേയണം മുതലായ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വിദ്യാര്‍ഥികള്‍ മുഖേന മൊല്ലാക്ക വീട്ടുകാരെ അരിക്കാര്യം അറിയിക്കും. ഒരിക്കല്‍ എന്റെ ഒരു ജ്യേഷ്ഠന്‍ വീട്ടില്‍ വന്ന് ഉമ്മയോടു പറഞ്ഞു മൊല്ലാക്ക കത്തിവാങ്ങാന്‍ കാശുകൊടുക്കാന്‍ പറഞ്ഞിരിക്കുന്നുവെന്ന്. ഉടനെ ഉമ്മയുടെ പ്രതികരണം: കല്ലു മൊല്ലാക്കയുടെ പക്കലുണ്േടാ എന്നു ചോദിച്ചോ?
കത്തിയും കല്ലും ഒന്നിച്ചു ചേര്‍ന്നാലുള്ള പ്രയോഗസാധ്യതയെക്കുറിച്ചറിയാത്ത പാവം ജേഷ്ഠന്‍ പിറ്റേന്നു കാലത്തു മൊല്ലാക്ക കാശാവശ്യപ്പെട്ടപ്പോള്‍ മറ്റു കുട്ടികള്‍കേള്‍ക്കേ വിളിച്ചു പറഞ്ഞു. കത്തി വാങ്ങുന്ന മൊല്ലാക്കയുടെ പക്കല്‍ കല്ലുണ്േടാ എന്ന് ഉമ്മ ചോദിക്കാന്‍ പറഞ്ഞിരിക്കുന്നു! സഹനത്തിന്റെ പ്രതീകമായിരുന്ന മൊല്ലാക്ക പ്രതികരിച്ചതേയില്ല.

കടുത്ത വറുതിയും കഷ്ടപ്പാടും കൊടുമ്പിരികൊള്ളുന്ന ഈ ഗ്രാമത്തിലേക്കാണ് ഇരുവഴിഞ്ഞിപ്പുഴയുടെ വര്‍ഷകാലത്തെ പാഞ്ഞുകയറ്റം. താഴ്ന്ന പ്രദേശങ്ങളില്‍ ദിവസങ്ങളോളം അതു വഴിമുടക്കിനിന്നു. ആരേയും പുറത്തുപോവാനോ ആരേയും അകത്തു കടക്കാനോ അനുവദിക്കാതെ. ആകാശം തിമിര്‍ത്തു പെയ്തപ്പോള്‍ അത് ഉടല്‍ വീര്‍പ്പിച്ചു ഗ്രാമത്തെ അക്ഷരാഥത്തില്‍ വിറപ്പിച്ചു. വീടുകളുടെ അട്ടത്തു പോലും അതു കയറിക്കിടന്നു. മലയാളമാസം തൊണ്ണൂറ്റിഒന്നിലെ വെള്ളപ്പൊക്കത്തില്‍ ചേലത്തൂര്‍ അട്ടത്ത് ഒരു തിരുതമല്‍സ്യം കൂടുങ്ങിപ്പോയ കഥ വെള്ളപ്പൊക്കം വരുമ്പോഴൊക്കെയും അതിന്റെ ആധിക്യം വിവരിക്കുന്ന കൂട്ടത്തില്‍ പഴമക്കാര്‍ അനുസ്മരിച്ചു. അന്നത്തെ ഗ്രാമത്തിലെ വറുതിയെക്കുറിച്ചറിയാന്‍ അവരിലൊരാളുടെ അടുത്ത് ഏതാനും സമയം തങ്ങിയാല്‍ മതി. വെള്ളപ്പൊക്കത്തിനടിയില്‍പ്പെട്ട പയനാട്ട് രായിന്‍ഹാജിയുടെ കപ്പ മുങ്ങിപ്പറിച്ചെടുത്തതിന്റേയും ഹാജിയാരുടെ എല്ലാറ്റിനും പോന്ന ഭാര്യഎടച്ചീരുമ്മ അതു പാവങ്ങള്‍ക്ക് നിര്‍ബാധം വീതിച്ചുകൊടുത്തതിന്റെയും വിശദവിവരങ്ങള്‍; കെ.ടി അഹമ്മദ് കുട്ടി എണ്ണത്താറ്റിലെ സ്വന്തം വീട്ടുമുറ്റത്തെ പനമുറിച്ചു പ്രതിഫലം ഒന്നും വാങ്ങാതെ എല്ലാവരെയും മുറിമുറിയായി പനയുടെ തടിക്കഷ്ണം കൊണ്ടുപോവാനനുവദിച്ചതിന്റെയും അതുകൊണ്ടുണ്ടാക്കിയ പനമ്പത്തിരിയെയും പനംകഞ്ഞിയെയും ആശ്രയിച്ചു ഗ്രാമം ഒരാഴ്ച കഴിഞ്ഞുകൂടിയതിന്റേയും വിശദാംശങ്ങള്‍. അതായതു പനയുടെ തടിക്കഷ്ണം ചീന്തി നാരുകളഞ്ഞ് ഉരലിലിട്ട് പൊടിയാക്കി തരിച്ചു വറുത്തു മാവാക്കി അപ്പം ചുടുകയും തടിയുടെ മേല്‍ചീന്തു വിറകാക്കി കത്തിക്കുകയും ചെയ്തതിന്റെ അതിശയോക്തി കലരാത്ത വിവരണങ്ങള്‍.

ഈ ദാരിദ്യ്രത്തിന്റെ നടുക്കയത്തിലേക്ക് ഇരുവഴിഞ്ഞിയില്‍ കുടിയൊഴിക്കപ്പെട്ടവര്‍ കുട്ടികളെയും കെട്ടിയവളെയും പോരാഞ്ഞ് ആടും കോഴിയും പൂച്ചയും പട്ടിയുമൊക്കെയായി വെള്ളംകയറാത്ത വീടുകളിലേക്കു വെള്ളം ഇറങ്ങുംവരെ കഴിച്ചുകൂട്ടാന്‍ വന്നാലോ? ഒന്നുകില്‍ ബന്ധുക്കള്‍ അല്ലെങ്കില്‍ അയല്‍വാസികളാവും ആഗതര്‍. ആരും ആരോടും വിസമ്മതം പറയില്ല. ഒരടുപ്പില്‍ തീ, ഒരേപാത്രത്തില്‍ വിളമ്പല്‍. ദാരിദ്യ്രവും വെള്ളപ്പൊക്കവും മനുഷ്യരെ ജാതിമതഭേദമന്യേ ഒന്നാക്കുന്ന അവസരം. മുസ്ലിംകളും ഹിന്ദുക്കളുമെല്ലാം ഒന്നിച്ചൊരു വീട്ടില്‍. അതാണു പട്ടിണിയുടെ പത്രാസ്. അവിടെ ഉച്ചനീചത്വങ്ങളോ ഉപചാരങ്ങളോ ഇല്ല. മതവും ജാതിയുമില്ല. ആളുകള്‍ പരസ്പരം പറഞ്ഞു: നമുക്കു വവ്വാല്‍ വിരുന്നു വന്നപോലെ മരത്തിന്റെ അങ്ങേ കൊമ്പത്തു തൂങ്ങാം.

കടപ്പാട് : Thejus news Paper

2008 cmr on web