വീണ്ടും ബാഡ്‌മിന്റണ്‍(15/12/2010)
കേരളോത്സവത്തിന്റെ ആവേശത്തിനു പിന്നാലെ നാട്ടില്‍ വീണ്ടൂം ബാഡ്‌മിന്റണ്‍ വസന്തം.ഇത്തവണത്തെ മത്സരത്തിന് വീറും വാശിയും കൂടുതലായിരുന്നു.ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്നെത്തിയ താരങ്ങളുടെ പ്രകടനം കാണികളെ ആവേശക്കൊടുമുടിയിലേറ്റി.
ചേന്ദമംഗല്ലൂര്‍ യൂത്ത് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഒന്നാമത് ജില്ലാതല ഫ്ലഡ്ലിറ്റ് ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍ പതിമൂന്ന് വയസ്സുകാര്‍ മുതലുള്ളവര്‍ പോരാളികളായെത്തിയിരുന്നു.പതിനാറ് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ വിജയികളായത് വാലില്ലാപുഴയിലെ പള്ളിത്തൊടിക ബ്രിക്സിനുവേണ്ടി റാക്കറ്റേന്തിയ അഫ്‌ലഹ്-ഹാറൂണ്‍ ജോഡിയാണ്.രണ്ടാം സ്ഥാനം കീഴുപറമ്പ് സ്വദേശികളായ ഹബീബ്-ഉണ്ണി ടീമിനും.മൂന്ന്‍ സെറ്റ് നീണ്ട ശക്തമായ മത്സരത്തിനൊടുവിലാണ് അഫ്‌ലഹ്-ഹാറൂണ്‍ ജോടി പ്രൈസ് മണി സ്വന്തമാക്കിയത്.കോഴിക്കോട് ചിന്മയ മിഷന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി സംഗീത്, തോട്ടുമുക്കം സ്വദേശിയായ പതിമൂന്നു വയസ്സുകാരന്‍ ബെന്‍സണ്‍ എന്നിവരുടെ ടീമാണ് കാണികളുടെയും സംഘാടകരുടെയും മനം കവര്‍ന്നത്.
സാങ്കേതികത്തികവാര്‍ന്ന കളിയിലൂടെ എതിരാളികളെ നിഷപ്രഭരാക്കിയ ഇരുവരും സെമി-ഫൈനലില്‍ ടൂര്‍ണമെന്റ് ജേതാക്കളുടെ മുന്നിലാണ് മുട്ടുമടക്കിയത്.നാട്ടുകാരായ നൗഫല്‍-സത്താര്‍ ടീമിനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചതിന് പ്രത്യേക ക്യാഷ് അവാര്‍ഡും ഫൈനലിനു ശേഷം നടന്ന പ്രദര്‍ശന മത്സരത്തില്‍ വിജയികളുമായി വീണ്ടും ഏറ്റുമുട്ടാന്‍ കരുത്തു കാണിച്ച 'കൊച്ചു' ടീമിന് വീണ്ടും ക്യാഷ് അവാര്‍ഡ് നല്‍കാനും സംഘാടകര്‍ക്ക് സാധിച്ചു. നാട്ടില്‍ നിന്നിറങ്ങിയ ആറ് ടീമുകളില്‍ സെമി-ഫൈനലിലെങ്കിലും എത്താനായത് ബന്ന ചേന്ദമംഗല്ലൂര്‍-ഷബീബ് ടീമിന് മാത്രമാണ്.
വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ മുര്‍ഷിദ്.കെ.ടി(ഖത്തര്‍), അദീബ് സി.ടി(ദുബൈ) എന്നിവര്‍ വിതരണം ചെയ്തു.
|