|
പെരുന്നാള്‍ ഒരുക്കങ്ങള്‍ പൂത്തിയായി(9/9/2010)
റമദാന്‍ ഇരുപത്തൊന്‍പത് പൂര്‍ത്തിയായതോടെ ശവ്വാലിന്റെ നിലാവോളി തെളിഞ്ഞു, നാട്ടില്‍ ആഘോഷത്തിരയിളക്കത്തിന് നാന്ദിയായി. ഇഅത്തിക്കാഫുകാര്‍ പായ മടക്കി, ഒന്‍പതു ദിവസത്തിന്റെ ആത്മീയ രാത്രങ്ങള്‍ക്ക് ശേഷം കുടുംബത്തോട് ചേരാനുള്ള വ്യഗ്രതയില്‍ യാത്രയായി. ഇത്തവണയും മുഴു സമയ ഇഅത്തികാഫിന് നാട്ടില്‍ നിന്ന് ആളുകള്‍ കുറവായിരുന്നു. പുതു തലമുറ ഏറെക്കുറെ ഈ ചടഞ്ഞിരിക്കലില്‍ നിന്നും അകന്നു തുടങ്ങിയതായി പഴയ തലമുറ നിശ്വാസത്തോടെ മൊഴിയുന്നു.
ഫിത്ത്‌റ് സക്കാത്തിന്റെ വിതരണം വിവിധ പള്ളികളില്‍ ഏറെക്കുറെ പൂര്‍ത്തിയായി. പലരും അരിയുടെ കൂടെ ഇതര വിഭവങ്ങളും നല്‍കി ഫിത്ത്‌റ് സക്കാത്തിന് അര്‍ഥം വൈപുല്യം നല്‍കി തുടങ്ങിയിട്ടുണ്ട്. 50 ഉം 55 ഒക്കെ രൂപയാണ് വിവിധ ഫിത്ത്‌റ് സക്കാത്ത് കമ്മിറ്റികള്‍ ആളുകളില്‍ നിന്ന് സക്കാത്തായി സ്വീകരിക്കുന്നത്. പ്രാദേശിക മഹല്ല് കമ്മിറ്റി ബിരിയാണി അരിയുടേ കൂടെ നെയ്യു കൂടി നല്‍കുന്നുണ്ട്.
ഏതാനും വര്‍ഷങ്ങളായി പ്രദേശത്തെ പെരുന്നാളിന്റെ പൊലിമ കൂട്ടുന്ന ഈദ് ഗാഹിന് ഇത്തവണയും വേദി ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ കമ്മിറ്റി തന്നെ ആഘോഷത്തിന്റെ പൊലിമ നിലനിര്‍ത്താനായി രൂപീകരിക്കപ്പെട്ടിട്ടുണ്ട്. അതേ സമയം സലഫി മസ്ജിദിന്റെ നേതൃത്തത്തില്‍ കഴിഞ്ഞ തവണ പോലെ തന്നെ വേറെ പെരുന്നള്‍ നമസ്കാരം സംഘടിപ്പിച്ചിട്ടുണ്ട്. സലഫി മസ്ജിദില്‍ വെച്ചു തന്നെ ആയിരിക്കും സലഫി വിഭാഗത്തിന്റെ പെരുന്നാള്‍ നമസ്കാരം.
സോളിഡാരിറ്റി സംഘടിപ്പിക്കുന്ന പെരുന്നാള്‍ പൊലിമയുടെ ഭാഗമായി പ്രദേശത്തെ പാട്ടുകാര്‍ക്ക് മറ്റുരക്കാനും, കാണികള്‍ക്ക് തന്നെ ജേതാവിനെ തിരഞ്ഞെടുക്കാനും പറ്റും വിധത്തില്‍ ഗാനമേള സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, നാട്ടിലെ മല്ലന്മാര്‍ക്ക് ഘോ ഘോ വിളിക്കാന്‍ കമ്പവലി മല്‍സരവും ഉണ്ട്. ടീമിന്റെ മൊത്തം തൂക്കം നിജപ്പെടുത്തിയാണ് പക്ഷെ ഇത്തവണത്തെ മല്ലന്മാരുടെ ഗോദയൊരുങ്ങുന്നത്. നാട്ടിലെ വിവിധ ടീമുകള്‍ തൂകമൊപ്പിച്ചു കൊണ്ട് കമ്പവലി ടീമിനെ ഒരുക്കി നിര്‍ത്തിക്കഴിഞ്ഞതായാണ് അറിയാന്‍ സാധിക്കുന്നത്.
|
|