പ്രകടനങ്ങള്‍ പൊതുയോഗങ്ങള്‍(21/10/2010)
പഞ്ചായത്ത് ഇലക്ഷന്‍ രണ്ട് ദിവസം മുന്നില്‍ തൂങ്ങി നില്‍ക്കെ, നാട് ഉല്‍സവ ലഹരിയിലേക്ക് നീങ്ങുന്നു. മുന്നണികള്‍ ആവനാഴിയിലെ അവസാന അസ്ത്രങ്ങളും പുറത്തെടുത്ത് അങ്കക്കലിയിലാണിപ്പോള്‍. ജനപക്ഷത്തിന്റെ കൂറ്റന്‍ പ്രകടനത്തിനും ബൈക്ക് റാലിക്കും മറുപടിയെന്നോണം ഇടതു പക്ഷത്തിന്റെ വന്‍ പ്രകടനം നിരവധി വാര്‍ഡുകളെ സ്പര്‍ശിച്ചു കൊണ്ട് കടന്നു പോയി. യു ഡി എഫ് കാമ്പ് ഇതിനെല്ലാം മറുപടിയായി സംസ്ഥാന നേതാവ് ഷാജിയെ തന്നെയാണ് ചേന്ദമംഗല്ലൂരിലേക്ക് കൊണ്ട് വന്നത്.
ജമാഅത്തെ ഇസ്‌ലാമിക്കെതിരെയുള്ള തീവ്രവാദാരോപണങ്ങളും, ഇലക്ഷന്‍ രാഷ്ട്രീയത്തിലറങ്ങാനുള്ള തീരുമാനത്തിനെ ചോദ്യം ചെയ്തും ഷാജി കത്തിക്കയറി. ഇതംപര്യന്തമായ ജമാഅത്തിന്റെ ജനസേവനങ്ങള്‍ രാഷ്ട്രീയ മോഹങ്ങള്‍ ഉള്ളില്‍ സൂക്ഷിച്ചു കൊണ്ടായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്ത് വിലകൊടുത്തും ജനപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രവേശത്തെ എതിര്‍ത്തു തോല്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിറഞ്ഞു നിന്ന അണികളെ തെര്യപ്പെടുത്തി.
ഷാജിക്ക് പകരം ഇടതു പക്ഷം രംഗത്തിറക്കിയ കുടുക്കെങ്ങല്‍ രാജനും പറയാന്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ തീവ്രവാദവും ഭീകരതയും തന്നെയായിരുന്നു അദ്ദെഹത്തിനും ആരോപിക്കാനുണ്ടായിരുന്നത്. ജമാഅത്തെ ഇസ്‌ലാമി നാട്ടില്‍ വളരുന്ന വിഷച്ചെടിയാണെന്നും അവരെ പിഴുതെറിയാനുള്ള ആദ്യാവസരമായ ഈ ഇലക്ഷനില്‍ ഇടതു പക്ഷം എന്ത് രീതിയും സ്വീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഇരുമുന്നണികള്‍ക്കും പ്രാദേശിക വികസനത്തിനേക്കാളേറെ ജനപക്ഷ മുന്നണിയുടെ രാഷ്ടീയ പ്രവേശത്തെയാണ് എതിര്‍ക്കാനുണ്ടായിരുന്നതെന്നായിരുന്നു ഈ പൊതുയോഗങ്ങളുടെയെല്ലാം പ്രത്യേകത. ഇന്നലെ നടന്ന ജനപക്ഷ മുന്നണി പൊതു യോഗത്തില്‍ പ്രാസംഗികര്‍ ചൂണ്ടിക്കാണിച്ചതും അതു തന്നെയായിരുന്നു. കൊടപ്പന മുഹമ്മദ് കുട്ടി, ഹസനുബന്ന, ഡോ: നജീബ് എന്നിവരാണ് ജനപക്ഷ മുന്നണിക്ക് വേണ്ടി തിങ്ങി നിറഞ്ഞ ജനാവലിയെ അഭിമുഖീകരിച്ചത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് ജനപക്ഷ മുന്നണിയെ എതിര്‍ക്കുന്നതിന്റെ പേരില്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു. ഭരണഘടന നല്‍കുന്ന ജനകീയ അവകാശങ്ങള്‍ ജനങ്ങള്‍ക്ക് തന്നെ വിട്ടു കൊടുക്കണമെന്ന് നജീബ് ഇടതു വലതു രാഷ്ട്രീയക്കാരോട് അഭ്യര്‍ഥിച്ചു. ജനപക്ഷ മുന്നണി മുന്നോട്ട് വെക്കുന്ന വികസന കാഴചപ്പാടിനെ സാധ്യമെങ്കില്‍ എതിര്‍ക്കാന്‍ ഇരു മുന്നണികളെയും ഉണര്‍ത്തിക്കൊണ്ടാണ് യോഗം അവസാനിപ്പിച്ചത്.
courtesy : iruvazhinji
courtesy : iruvazhinji
|