|
ഉത്സവമായി ഫുട്ബോള്‍ ടൂര്‍ണമെന്റ്(24/4/2010)
![Football tournament at chennamangallur](../../pics10/brazil_football1.jpg)
ഫ്ളഡ്‌ലിറ്റ് വെളിച്ചത്തില്‍ ഒരു ഫുട്ബോള്‍ ടൂര്‍മെന്റിന്റെ മനോഹാരിത ചേന്ദമംഗല്ലൂര്‍കാര്‍ നാട്ടില്‍ ആസ്വദിക്കുന്നത് നടാടെയാണ്.ബ്രസീല്‍ എന്ന ക്ലബിന്റെ നിലനില്പ്പ് സുവ്യക്തമാക്കിയ മികച്ചൊരു കായിക വിരുന്നായി കഴിഞ ദിവസം നടന്ന ഫ്ളഡ്‌ലിറ്റ് ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്. നാട്ടില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമായി 16 ടീമുകള്‍, നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ അങ്കം വെട്ടിയപ്പൊള്‍ ഫുട്ബോള്‍ സംഘാടന രംഗത്ത് പുതിയൊരു അധ്യായം കൂടി തുറന്നു ചേന്ദമംഗല്ലൂരില്‍.
പരിസര പ്രദേശങ്ങളില്‍ നടന്ന സമാന മത്സരങ്ങളേക്കാള്‍ വീറും വാശിയും ഇവിടെ കളിയില്‍ ദൃശ്യമായിരുന്നതായാണ് കാണികളുടെ വിലയിരുത്തല്‍. നാട്ടില്‍ നിന്നുള്ള നാലു ടീമുകളടക്കം 16 ടീമുകളില്‍നിന്നായി പ്രാഥമിക മത്സരത്തിനു ശേഷം സെമിയിലേക്ക് യോഗ്യത നേടിയത് വി.കെ മോട്ടോഴ്സ്, ബ്രസീല്‍ ചേന്ദ്മംഗല്ലൂര്‍, എവര്‍ഷൈന്‍ പാഴൂര്‍, ഫൈറ്റേഴ്സ് പൊറ്റശ്ശേരി എന്നീ ടീമുകള്‍.
വീറുറ്റ സെമി പോരാട്ടത്തിനൊടുവില്‍ ഫൈനലില്‍ എത്തിയത് ബ്രസീലും വി.കെ മോട്ടോഴ്സും. ബ്രസില്‍ നാട്ടിലെ ടീം ആണങ്കിലും കളിച്ചത് മുഴുവന്‍ വിദേശികളായിരുന്നു.ഇടക്ക് ഒരു ആഫ്രിക്കക്കാരനും കളത്തിലിറങ്ങി.വി.കെ മൊട്ടോഴ്സിലാകട്ടെ നാട്ടിലേയും കുനി അടക്കമുള്ള പരിസര ദേശങ്ങളിലേയും താരങ്ങള്‍ രംഗത്തിറങ്ങി.
പോരാട്ടം അവസാനിക്കുമ്പോള്‍ വി.കെ മോട്ടോഴ്സിന്റെ ഒന്നിനെതിരെ നാലുഗോളുകള്‍ ബ്രസീല്‍ അടിച്ചു കൂട്ടിയിരുന്നു.
അങ്ങനെ 10001 രൂപയും യൂസുഫലി മെമ്മോറിയല്‍ ട്രോഫിയും ബ്രസീലിന്റെ ഷോകേസിലേക്ക്. 5001 രൂപയും വലിയ കണ്ടത്തില്‍ മന്‍സൂര്‍ മെമ്മോറിയല്‍ ട്രോഫിയും വി.കെ മോട്ടോഴ്സിന്റെ ഷോറൂമിലേക്കും.
കളിയില്‍ ഇടക്ക് കളിക്കാര്‍ തമ്മിലും നാട്ടുകാര്‍ ഇടപെട്ടുകോണ്ടും അടി നടന്നത് കാണികള്‍ക്ക് നല്ല 'കാഴ്ച'യായി.വിജയികള്‍ക്ക് സി.ടി അമീന്‍ ട്രോഫിയും പ്രൈസ് മണിയും വിതരണം ചെയ്തു. നേരത്തെ പി.കെ അബ്ദു റസാക്ക് കളിക്കാരെ പരിചയപ്പെട്ടുകൊണ്ട് ടൂര്‍ണ്ണമന്റ് ഉദ്ഘാടനം ചെയ്തു. ഹസനുല്‍ ബന്ന മാഷ്, നാസര്‍ സെഞ്ച്വറി തുടങ്ങിയവര്‍ സംസാരിച്ചു.
ടൂര്‍ണമന്റ് സംഘാടന രംഗത്തെ ഈ വിജയത്തില്‍ സന്തോഷിക്കുന്നതോടപ്പം ഒരു ഫുട്ബോള്‍ ടീം എന്ന അര്‍ത്ഥത്തില്‍ നാട്ടുകാരുടെ പ്രാതിനിധ്യത്തോടുകൂടിയുള്ള ബ്രസീല്‍ ടീം എന്നേ അസ്തമിച്ചു കഴിച്ചു എന്ന സത്യം നമ്മെ വ്യാകുലപ്പെടുത്തേണ്ടതുമുണ്ട്. പണമെറിഞ്ഞ് ടീമിനെ മൊത്തത്തില്‍ ഇറക്കേണ്ട ഗതികേടിലേക്ക് നാം എത്തിയിട്ടുണ്ട്.അതുകൊണ്ട് തന്നെ കളിയുടേ മേഖലയില്‍ നാട്ടില്‍ പുതിയ തുടക്കം ആവശ്യമുണ്ടെന്ന് ഏവരും തലകുലുക്കി സമ്മതിക്കും.
![Football tournament at chennamangallur](../../pics10/brazil_football2.jpg)
![Football tournament at chennamangallur](../../pics10/brazil_football3.jpg)
Photo: Shuhaib, CMR cable vision
|
|