|
കേരളോല്‍സവം ഫൂട്ബോള്‍: ബ്രസീല്‍ ചേന്ദമംഗല്ലൂര്‍ ചാമ്പ്യന്മാര്‍(12/12/2010)
മുക്കം പഞ്ചായത്ത് കേരളോല്‍സവത്തോടനുബന്ധിച്ച ചേന്ദമംഗല്ലൂര്‍ ദരസി ഗ്രൗണ്ടില്‍ സംഘടിപ്പിക്കപ്പെട്ട ഏകദിന സെവന്‍സ് ഫൂട്ട്ബോള്‍ ടൂര്‍ണമെന്റിനൊടുവില്‍ പേരിന്റെ പെരുമ നിലനിര്‍ത്തി ബ്രസീല്‍ ജേതാക്കളായി. ആവേശം മുറ്റി നിന്ന ഗോള്‍ രഹിത ഇരുപകുതികള്‍ക്കും ശേഷം ടൈ ബ്രേക്കറിലാണ് എതിരാളികളായ ഫൈറ്റേര്‍സ് പൊറ്റശ്ശേരിയെ ബ്രസീല്‍ ടീം പരാജയപ്പെടുത്തിയത്. ബ്രസീല്‍ ഗോളി ആമിര്‍ സുഹൈലിന്റെ മികവും ഫൈറ്റേര്‍സ് കളിക്കാരുടെ പിഴവുകളും ടൈ-ബ്രേക്കറിന്റെ വിധി നിര്‍ണ്ണയിച്ചു. സുനില്‍, സുബൈര്‍, ഹാരിസ്, ജലീല്‍, ശ്രീജേഷ് തുടങ്ങിയ പ്രതിഭാധനരുടെ നേതൃത്തത്തില്‍ കളത്തിലിറങ്ങിയ ബ്രസീല്‍ ചെന്ദമംഗല്ലൂരിന് കനത്ത വെല്ലുവിളികള്‍ ഉയര്‍ത്താനും ഉജ്ജ്വല മുന്നേറ്റങ്ങളിലൂടെ കാണികളുടെ മനം കവരാനും നെല്ലി, ജിയാസ് എന്നിവരുടെ നേതൃത്തിലിറങ്ങിയ ഫൈറ്റേര്‍സിന് സാധിച്ചു.
റെഡ്ബുള്‍സ് ആഞ്ചാല്‍, ചൈതന്യ മിനിപഞ്ചാബ്, ബ്രൈറ്റ് പുല്പപലമ്പ്, യുവദര്‍ശന്‍ വെസ്റ്റ് ചേന്ദമംഗല്ലൂര്‍ തുടങ്ങി എട്ടോളം ടീമുകള്‍ ചേന്ദമംഗല്ലൂരില്‍ നിന്ന് കളത്തിലിറങ്ങിയ ഫൂട്ട്ബോള്‍ ദിനത്തില്‍ ആകെ പതിനാറ് ടീമുകളാണ് മല്‍സരിച്ചത്. ആദ്യ റൗണ്ട് മല്‍സരങ്ങള്‍ പലതും വിരസമായ കാഴചകളാണ് കാണികള്‍ക്ക് സമ്മാനിച്ചതെങ്കിലും സെമി-ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ ആവേശമായി. ആദ്യ സെമിയില്‍ ഫൈറ്റേര്‍സ് പൊറ്റശ്ശരി, ടൗണ്‍ടീം തറോലിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫൈനലിലെത്തി. രണ്ടാം സെമി ബ്രസീല്‍ ചേന്ദമംഗല്ലൂരും ബ്രൈറ്റ് ആര്‍ട്സ് ജൂനിയേര്‍സും തമ്മിലായിരുന്നു. ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികള്‍ അണി നിരന്ന ബ്രൈറ്റ് ആര്‍ട്ട്സ് ജൂനിയേര്‍സ് തന്നെയായിരുന്നു ടൂര്‍ണമെന്റിലെ കറുത്ത കുതിരകള്‍. സെമിഫൈനല്‍ വരെ എത്തിയ ഇവരുടെ പോരാട്ട വീര്യത്തിനു മുന്നില്‍ പല വമ്പന്മാരും പത്തി മടക്കി. ചാത്തമംഗലത്ത് വെച്ച് നടക്കുന്ന ബ്ലോക്ക് തല മല്‍സരത്തില്‍ ബ്രസീല്‍ ടീം പഞ്ചായത്തിനെ പ്രതിനിധീകരിക്കും. ടൂര്‍ണമെന്റിന് ഷംലാന്‍ സി ടി, നാസര്‍ സെഞ്ച്വറി, സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
|
|