മരണം(30/3/2010)
കൊയ്യപ്പുറത്ത് ഉസ്സന്‍കുട്ടി ഹാജി അന്തരിച്ചു. ഇന്നു(ചൊവ്വ) രാവിലെ 10:00 ന് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കബറടക്കം ഇന്ന് വൈകു: 5ന് .അനീസ്, അഫ്‌സല്‍, സമീദ, ആയിഷ, ആമിന, റസ്‌ലത്ത് എന്നിവര്‍ മക്കളാണ്.
യു.പി.സ്കൂള്‍ പി.ടി.എക്ക് ഗ്രാമപഞ്ചായത്തിന്റെ അംഗീകാരം(27/3/2010)
ചേന്ദമംഗല്ലൂര്‍: സാധരണക്കാരുടെ മക്കള്‍ക്ക് ആധുനിക സൌകര്യത്തോടെ മികച്ച വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ചേന്ദമംഗല്ലൂര്‍ ഗവ.യു.പി.സ്കൂള്‍ നടപ്പിലാക്കിയ നവീകരണ വികസന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാവുന്നു. നാട്ടുകാര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍-സര്‍ക്കാരേതര ഏജന്‍സികള്‍ എന്നിവയില്‍ നിന്നും വിഭവസമാഹരണം നടത്തിയാണ് സ്കൂള്‍ പി.ടി.എ വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. 4 സ്മാര്‍ട്ട് ക്ളാസ് മുറികള്‍ (4.13 ലക്ഷം), ഐ.ടി.ലാബും മള്‍ട്ടിവിഷന്‍ തീയറ്റര്‍ (8 ലക്ഷം), ചില്‍ഡ്രന്‍സ് പാര്‍ക്ക് (60,000), മിനി ഓഡിറ്റോറിയം (4.5 ലക്ഷം), ഫര്‍ണീച്ചറുകള്‍ (80,000) മെയിന്‍ ഹാള്‍ നവീകരണം (75,000), ടോയ്ലറ്റ് നവീകരണം (1,10,000), ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റ് (6.06 ലക്ഷം), തുടങ്ങി 40 ലക്ഷം രൂപയുടെ പദ്ധതികള്‍ രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തികരിക്കാനയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പി.ടി.എ. ഇതില്‍ 26 ലക്ഷം നാട്ടുകാരില്‍ നിന്നും 14 ലക്ഷം സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും സമാഹരിക്കപ്പെട്ടതാണ്.
സ്കൂളിന്റെ വികസന കുതിപ്പിനുളള അംഗീകാരമായി മുക്കം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസകാര്യ സമിതി 2009-2010 ലെ മികച്ച പി.ടി.എയായി ഈ സ്കൂളിനെ തെരഞ്ഞെടുത്തിരിക്കുന്നു. ഏപ്രില്‍ 1,2,3 തിയ്യതികളില്‍ സ്കൂളില്‍ നടക്കുന്ന വാര്‍ഷികാഘോഷ - യാത്രയപ്പു സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.കല്യാണിക്കുട്ടി പുരസ്കാരം സമ്മാനിക്കും. വാര്‍ഷികത്തോടനുബന്ധിച്ച് പുസ്തകമേള, അന്താരാഷ്ട്ര ചലചിത്രമേള, സാംസ്കാരിക സമ്മേളനം, ബാപ്പുജി-ഗാന്ധി ചരിത്ര പ്രദര്‍ശനം, സ്കൂള്‍ ചരിത്രം-ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ കര്‍മം, ജുഡോ പ്രദര്‍ശനം, വെബ്സൈറ്റ് ഉദ്ഘാടനം, അവാര്‍ഡ് ദാനം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും
News : O.Shareefudheen
പെയിന്റിങ് മല്‍സരം.(27/3/2010)
ഇസ്‌ലാഹിയ മീഡിയ അക്കാദമി ജില്ലാതല പെയിന്റിങ്ങ് മല്‍സരം നടത്തുന്നു. ഏപ്രില്‍ 4 ന് നടക്കൂന്ന ഐ എം എ ഗോള്‍ഡ് മെഡലിന് വേണ്ടിയുള്ള മല്‍സരങ്ങള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ പങ്കെടുക്കാവുന്ന തരത്തിലാണ് തീരുമാനിച്ചിരിക്കുന്നത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സഗീര്‍ പെയിന്റിങ്ങ് മല്‍സരം ഉല്‍ഘാടനം ചെയ്യുന്നതായിരിക്കുമെന്ന് ഐ എം എ സെന്റര്‍ ഹെഡ് ഫദലുറഹ്മാന്‍ അറിയിച്ചു.മല്‍സരത്തിന്റെ നടത്തിപ്പിനായി കെ ടി റഷീദ് മാസ്റ്റര്‍ കണ്‍വീനറായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഇസ്‌ലാഹിയ അലുംനി ഖത്തര്‍ ചാപ്റ്റര്‍ ആണ്.
സസ്പന്റ് ചെയ്തു(19/3/2010)
കഴിഞ്ഞ മാസം സ്റ്റോക്ക് എടുക്കാത്തത് കാരണം ചേന്ദമംഗല്ലൂരിലെ റേഷന്‍ ഷാപ്പ്, അധികൃതര്‍ സസ്പന്റ് ചെയ്തു. കഴിഞ്ഞ കുറച്ച് നാളുകളായി നാട്ടിലെ റേഷന്‍ വ്യാപാരിയും ഉപഭോക്താക്കളും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതു സമ്പന്ധമായ അസ്വാരസ്യങ്ങള്‍ നിലവിലിരിക്കെയാണ് ഈ മാസം സ്റ്റോക്ക് എടുക്കാതെ ഉപഭോക്താക്കളെ പ്രയാസപ്പെടുത്തുന്ന നടപടി ഉണ്ടായത്. സസ്പന്‍ഷനോട് കൂടി റേഷന്‍ ഷാപ്പിനെ ആശ്രയിക്കുന്ന നൂറു കണക്കിന് കുടുംബങ്ങള്‍ പ്രയാസത്തിലായിരിക്കുകയാണ്. നാട്ടുകാരുടെ നെതൃത്തത്തില്‍ ബദല്‍ സംവിധാനങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ടി വി അബ്ദുള്ള പുല്പറമ്പാണ് ഇപ്പോഴത്തെ ലൈസന്‍സ് ഉടമ.
പഞ്ചാബിലും ഫുട്ബാള്‍ മേള(19/3/2010)
സോളിഡാരിറ്റി ദര്സിയില്‍ നടത്തിയ പ്രാദേശിക ഫുട്ബാള്‍ മേളയുടെ അലയൊലികള്‍ കെട്ടടങ്ങും മുന്പെ മിനിപഞ്ചാബിലും പ്രാദേശിക കാല്പന്തുകളി ആരംഭിച്ചു. തനി പഞ്ചാബികള്‍ മാത്രം കളത്തിലിറങ്ങുന്ന ടൂര്ണമെന്റിലെ ടീമുകളുടെ പേരുവിവരങ്ങള്‍ ബഹുരസകരമാണ്. സിദ്ദീഖ് കെ.വിയും അനു പി.ടിയും നയിക്കുന്ന ചെട്ട്യാര് ബ്രദേഴ്സ്, പ്രദീപ് ബേക്കറിയും തേക്കുംന്പാലി സാനിസും നയിക്കുന്ന ന്യൂ എരുമാസ്, കെ.വി.ശിഹാബുദ്ദീന്റെ ഉടുമ്പുകള്‍, റാഫിയുടെയും മുനീറിന്റെയും ടീമായ വളളികള്‍, പിന്നെ സാലിഹ് കൊടപ്പനയുടെയും ശശീന്ദ്രന്റെയും ടീമായ ടൌണ് ടീം പഞ്ചാബ്, പയ്യടി പറന്പിലെ ഡെയര്‍ ഡെവിള്സ് എന്നീ ടീമുകളാണ് നഗ്നപാദരായി മിനിപഞ്ചാബിലെ പാടത്ത് കളിക്കാനായി ഇടം പിടിച്ച പ്രമുഖ ടീമുകള്. വൈകുന്നേരങ്ങളെ ആവേശമാക്കാന്‍ ഈ ടൂര്ണമെന്റിന് ആവുന്നുണ്ടെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍
News & Photo : Mahir P
റേഷന്‍ വിതരണം സ്തംഭനത്തില്‍(18/3/2010)
അങ്ങാടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന റേഷന്‍ഷാപ്പില്‍ ഈ മാസം റേഷന്‍ സാധനങ്ങളുടെ സംഭരണവും വിതരണവും നടന്നിട്ടില്ല. കഴിഞ്ഞ മാസം റേഷന്‍ സാധനങ്ങളുടെ വിതരണത്തിലെ അപാകതകളെപ്പറ്റി ഉപഭോക്താക്കളും റേഷന്‍കട നടത്തിപ്പുകാരനും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഈ മാസം സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യാതിരിക്കാന്‍ കാരണമെന്നറിയുന്നു. റേഷന്‍ സാധനങ്ങള്‍ക്ക് ബില്ല് കൊടുക്കാത്തതിനെയും ഓരോ കര്‍ഡിനും അര്‍ഹതപ്പെട്ട സാധനങ്ങളുടെ വിഹിതം വിതരണം ചെയ്യാതിരുന്നതിനെയും നാട്ടുകാര്‍ ചോദ്യംചെയ്തിരുന്നു. റേഷന്‍കടയില്‍ സ്വന്തം കച്ചവടവും ശബരി ഉല്‍പന്നങ്ങളുടെ വില്‍പനയും ഒന്നിച്ച് നടത്തിവരുന്നതില്‍ നാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ട്. വിലക്കയറ്റം രൂക്ഷമായിരിക്കെ അരി, പഞ്ചസാര, മൈദ, മണ്ണെണ്ണ തുടങ്ങിയ അവശ്യ വസ്തുക്കള്‍ റേഷന്‍കടകളില്‍ ലഭ്യമല്ലാതായത് നൂറുകണക്കിന് കാര്‍ഡുടമകളെ പ്രയാസത്തിലാക്കിയിരിക്കയാണ്.
നാട്ടുകാര്യങ്ങള്‍(18/3/2010)
ബസിടിച്ച് പരിക്ക്
ചേന്ദമംഗല്ലൂരിലെ ഫെയ്മസ് സ്റുഡിയോ പ്രൊപ്രൈറ്റര്‍ ദിനേശനെ സൌപര്‍ണിക ബസ് ഇടിച്ചു. സാരമായ പരിക്കുകള്‍ പറ്റി.
കളളന്‍ കയറി
എവറസ്റ്റ് അസ്ലമിന്റെ വീട്ടില്‍ ബുധനാഴ്ച്ച (17-03-10) കളളന്‍ കയറി. വീട്ടിലെ അലമാറ കുത്തിതുറന്ന് കുറച്ച് പണം എടുത്തതായും വീട് ആകെ അലങ്കോലമാക്കിയതായും അസ്ലം പറഞ്ഞു. വീട്ടുകാര്‍ പുറത്ത് പോയസമയത്താണ് കളളന്‍ കയറിയത്
News : Ahique A K
|