|
ബലി പെരുന്നാള്‍ കാഴചകള്‍(7/11/2011)
ചേന്ദമംഗലൂര്‍: ത്യാഗത്തിന്‍റെ സ്മരണ ഉണര്‍ത്തി വീണ്ടുമൊരു ബലി പെരുന്നാള്‍. മഴയും, വൈദ്യുതി തടസ്സവും ചേര്‍ന്നപ്പോള്‍ ബലി പെരുന്നാള്‍ തീര്‍ത്തും നിറം മങ്ങി. ഈദ് ഗാഹ് ഇല്ലാതിരുന്നത് പെരുന്നാളിന്‍റെ പൊലിമ കുറച്ചതായി പലരുടേയും അടക്കം പറച്ചില്‍ കേള്‍ക്കാമായിരുന്നു. മഹല്ല് പെരുന്നാള്‍ നമസ്ക്കാരത്തിന് ഖത്തിബ് ഇ.എന്‍ അബ്ദുള്ള മൌലവി നേതൃത്വം നല്‍കി. തൌഹീദ് എന്നത് ഏതാനും അനുഷ്ടാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ലന്നും, സാംസ്ക്കാരിക, സാമൂഹിക, കുടുംബ, സാമ്പത്തിക, രാഷ്ട്രീയ, ദേശീയ - അന്തര്‍ദേശീയ പ്രശ്നങ്ങള്‍, രാജ്യഭരണ ക്രമം തുടങ്ങി ജീവിതത്തിന്‍റെ സകല മേഖലയെയും ഉള്‍കൊള്ളുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകന്‍ ഇബ്രാഹിം (അ) മിന്‍റെയും, മകന്‍ ഇസ്മാഈല്‍ (അ) യുടെയും ജീവിത സന്ദേശവും, മുഹമ്മദ് നബി (സ) യുടെ പ്രായോകിക ജീവിതവും കാണിച്ചു തന്ന മാതൃക അതാണെന്നും അദ്ദേഹം ഊന്നി പറഞ്ഞു. പെരുന്നാളിന്‍റെ സവിശേഷ ദിനത്തില്‍ രക്ത ബന്ധങ്ങള്‍, അയല്‍ ബന്ധങ്ങള്‍, രോഗ സന്ദര്‍ശനം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് രണ്ടാം കുതുബയില്‍ അദ്ദേഹം ഉണര്‍ത്തി.
സലഫി മസ്ജിദില്‍ ഫൈസല്‍ നന്മണ്ടയും, പുല്‍പറമ്പില്‍ ദാരിമിയും, വെസ്റ്റ് പള്ളിയില്‍ പോകുട്ടി സാഹിബും പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പതിവുപോലെ നമസ്ക്കാര ശേഷം തങ്ങളുടെ ഉറ്റവരുടെയും, ഉടയവരുടെയും കബറിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം അല്‍പ്പനേരം അങ്ങാടില്‍ ചിലവഴിച്ച് എല്ലാവരും വേഗം ഉദുഹിയ്യത്ത് കര്‍മങ്ങള്‍ക്കായി പിരിഞ്ഞു. പാതാളം മൂവിസിന്‍റെ രണ്ടാമത് short film "Distance, Youth On Trial" അങ്ങാടിയില്‍ വെച്ചു നടന്ന ചടങ്ങില്‍ ബെന്ന മാസ്റ്റര്‍ സിദ്ധിഖ് ചേന്നമംഗലൂരിന് നല്‍കി പ്രകാശനം ചെയ്തു. അലി നസീഫ് പി.ടി, ജൌഹാര്‍ ഇ,ന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചേന്നമംഗലൂര്‍, നോര്‍ത്ത് CMR, ഈസ്റ്റ് CMR, പുല്‍പ്പറമ്പ്, വെസ്റ്റ് CMR, പൊറ്റശ്ശേരി എന്നിവിടങ്ങളിലായി 15000 രൂപ മുതല്‍ 23000 രൂപ വരെയുള്ള 40 - ല്‍ അധികം മാടുകളെയാണ് ബലി നല്‍കിയത്. തലേ ദിവസം രാത്രി തിമിര്‍ത്തു പെയ്ത മഴ ഉദ്ഹിയ്യത്ത് കര്‍മ്മങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കുമെന്ന് ആശങ്കപ്പെട്ടെങ്ങിലും പെരുന്നാള്‍ ദിനം ഉച്ചവരെ മഴ പെയ്യാതിരുന്നത് ആശ്വാസമായി. പെരുന്നാള്‍ സുദിനത്തില്‍ നടത്താനിരുന്ന വെസ്റ്റ് ചേന്നമംഗലൂരിലെ മസ്ജിദുല്‍ ഫാറൂഖിനോടനുബന്ധിച്ചുള്ള മദ്രസയുടെ 20ആം വാര്‍ഷികാഘോഷവും, ഈദ് നൈറ്റും മഴ കാരണം മാറ്റി വെച്ചു. അതേസമയം എസ്.ഐ.ഒ വെസ്റ്റ് ചേന്നമംഗലൂര്‍ യൂണിറ്റ് സംഘടിപ്പിച്ച ഈദ് നൈറ്റ് പെരുന്നാള്‍ പിറ്റേന്ന് അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ വെസ്റ്റ് ചേന്നമംഗലൂരിന്‍റെ പുതിയ ബില്‍ഡിങ്ങില്‍ വെച്ച് നടന്നു. എന്‍.പി ഹമീദ്, ടി. ഷാഹിര്‍ എന്നിവര്‍ പാട്ടുപാടി പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
പെരുന്നാള്‍ ഖുത്തുബ കേള്‍ക്കാം >>
News & Photos : Raheem & Junaise
|
|