|
ആവേശപ്പോരാട്ടത്തോടെ നിസ ഫുട്ബോളിന് പരിസമാപ്തി(1/5/2011)
രണ്ടാഴ്ച്ചക്കാലം ചേന്ദമംഗല്ലൂരിലെ ഫൂട്ബോള്‍ പ്രേമികളില്‍
സുവര്‍ണ്ണകാലത്തെ ഓര്‍മകളിലേക്കെത്തിച്ച മേളക്ക് ഉജ്ജ്വല സമാപനം.ആദ്യ
റൗണ്ടിലെ ചില മത്സരങ്ങളെങ്കിലും വിരസത സമ്മാനിച്ചെങ്കിലും സെമി ഫൈനല്‍,
ഫൈനല്‍ മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. ലൈറ്റ്നിംഗ് കൊടുവള്ളിയെ
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ബ്ലാക്ക്
പുല്‍പ്പറമ്പ് ഒരു വശത്തും അരീക്കോട്ടെ കേളീ വിദ്വാന്മാരെ പെനാല്‍ട്ടി
ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയ അനാര്‍ക്ക് ബില്‍ഡേഴ്സ് മറുവശത്തും പന്തു
തട്ടിയ ഫൈനല്‍ മത്സരത്തില്‍ ഇരു നിരകളും ആഫ്രിക്കന്‍ താരങ്ങളെയും
രംഗത്തിറക്കിയിരുന്നു. കളിയുടെ ഗതിക്കനുസരിച്ച് തന്നെയാണ് ആദ്യ ഗോള്‍
വന്നത്;ബ്ലാക്ക് പുല്‍പ്പറമ്പ് വക. ഗോള്‍ വീണതോടെ അനാര്‍ക്ക് ഉണര്‍ന്ന്
കളിക്കാന്‍ തുടങ്ങി.അതിന്റെ ഫലം പെട്ടന്ന് കിട്ടുകയും ചെയ്തു. തുടരെ രണ്ടു
ഗോളുകള്‍ അടിച്ച് കൊണ്ട് കാണികളില്‍ ഹരം പകര്‍ന്നു അവര്‍.ഒപ്പം പോരാട്ടം
കനക്കുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ രണ്ടിനെതിരെ ഒരു ഗോളിന്
അനാര്‍ക്ക് ലീഡ് ചെയ്യുന്നു.
ഇടവേളക്ക് ശേഷം മുഴുവന്‍ പോരാട്ട വീര്യവും പുറത്തെടുത്ത് കളി തുടങ്ങിയ
പുല്‍പ്പറമ്പ് ടീമിന് സമനില ഗോള്‍ നേടാന്‍ വളരെ വേഗത്തില്‍ തന്നെ
സാധിച്ചു. പിന്നെ ഇഞ്ചോടിഞ്ച് പോരാട്ടം,ഒടുവില്‍ മത്സരം അവസാനിക്കാന്‍ ആറു
മിനിറ്റ് മാത്രം ശേഷിക്കേ ബ്ലാക്ക് പുല്‍പ്പറമ്പ് വിജയഗോള്‍ നേടി.തിരിച്ചു
വരവിനുള്ള അനാര്‍ക്കിന്റെ ശ്രമങ്ങള്‍ ബ്ലാക്കിന്റെ പ്രതിരോധ മതിലില്‍
തട്ടി മടങ്ങുകയും ചെയ്തു.വിജയികള്‍ക്കുള്ള ട്രോഫികള്‍ ഒ.അബ്ദുല്ല,ആര്‍.കെ പൊറ്റശ്ശേരി തുടങ്ങിയവര്‍ വിതരണം ചെയ്തു. മുജീബ്, മുസ്തഫ എം.കെ എന്നിവര്‍ സംസാരിച്ചു.
നേരത്തെ ആര്‍.കെ പൊറ്റശ്ശേരി കളിക്കാരുമായി പരിചയപ്പെട്ടു.
ഫോട്ടോ : ഷിഹാബ്
|
|