അവസ്മരണീയം ഈ സായാഹ്നം (13-04-2012)


ദോഹ: മൂന്ന് പതിറ്റാണ്ടിലേറെ സേവനപ്രവര്‍ത്തന പാരമ്പര്യമുളള ഖത്തര്‍ ഇസ്ലാഹിയ അസോസിയേഷന്‍ ചേന്ദമംഗല്ലൂരിന്റെ (ഖിയ) വാര്‍ഷിക പരിപാടികള്‍ക്ക് വര്‍ണാഭമായ സമാപനം. അക്ഷരാര്‍ഥത്തില് ഗ്രാമോല്‍സവം തന്നെയായിരുന്നു ഈ ഏപ്രില്‍ 13 ലെ സായാഹ്നം.ഒരു വര്‍ഷം മുന്‍പ് കെ.സി.ആര്‍.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്ത “ഒരു ഗ്രാമം ഒരു മനസ് ഒരൊറ്റകൂട്ടായ്മ” എന്ന കാമ്പയിന്റെ പരിസമാപ്തിയായിരുന്നു വെളളിയാഴ്ച ദോഹയില്‍ കണ്ടത്. ചേന്ദമംഗല്ലൂര്‍കാരുടെ ക്ഷണം സ്വീകരിച്ച് കൊടിയത്തൂര്‍, കക്കാട്, ഓമശ്ശേരി, നെല്ലിക്കാപറമ്പ്, മുക്കം തുടങ്ങിയ അയല്‍‌നാട്ടുകാരും ചേന്ദമംഗല്ലൂരുകാരുടെ മരുമക്കളും ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയവരും ഈ കലാസായാഹ്നം ആസ്വദിക്കാനെത്തിയിരുന്നു.

കെ.വി. അബ്ദുല്‍ ഗഫാറിന്റെയും വളണ്ടിയര്‍ ക്യാപ്റ്റന്‍ അമീന്‍ സി.ടിയുടെയും നേതൃത്വത്തില്‍ സജ്ജമാക്കിയ എം.ഇ.സ് സ്കൂളിലെ ഓഡിറ്റോറിയത്തില് സംഘടിപ്പിച്ച പരിപാടി വഴി ഒരു മിനിചേന്ദമംഗല്ലൂര്‍ തന്നെ സൃഷ്ടിക്കപ്പെട്ടു. പ്രോഗ്രാം ജനറല്‍ കണ്‍‌വീനര്‍ പി.ടി.യൂനുസ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ദീര്‍ഘകാലം ഖിയയുടെ പ്രസിഡണ്ടായി സ്ത്യുതര്‍ഹ സേവനം അനുഷ്ഠിച്ച കൊടപ്പന സുബൈര്‍ സാഹിബായിരുന്നു ഗ്രാമസംഗമം ഉദ്ഘാടനം ചെയ്തത്. ചേന്ദമംഗല്ലൂരിലും പരിസരപ്രദേശത്തും സേവനത്തിന്റ ഉദാത്തമാതൃക സൃഷ്ടിച്ച ഖിയുടെ(QIA) ചരിത്രവും വര്ത്തമാനവും സദസ്സിനെ ബോധ്യപ്പെടുത്തിയ അദ്ദേഹം ഈ കൂട്ടായ്മ നിലനില്ക്കേണ്ടത് നാടിനും നാട്ടാര്‍ക്കും ആവശ്യമാണെന്ന് ഉണര്‍ത്തി.

നാട്ടില്‍ നിന്നും വന്ന അതിഥികളും ഖിയയുടെ ആദ്യകാല പ്രവര്‍ത്തകരും നേതൃരംഗങ്ങളില്‍ സജീവരുമായിരുന്ന നജീബ് കെ.ടി, ഒ.അബ്ദുല്‍ അസീസ്, കെ. മുഹമ്മദ് കുട്ടി, ഹസനുല് ബന്ന, തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന്, നേരത്തെ നടന്ന കലാകായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന ദാനം നടന്നു.മഗ്രിബ് നമസ്കാരത്തിനു ശേഷം നടന്ന കലാസായാഹ്നത്തില് ഖിയ പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാന് സ്വാഗതം പറഞ്ഞു. ചേന്ദമംഗല്ലൂര്‍ ഹൈസ്കൂള് മസ്ജിദിന്റെ പുനര്‍ നിര്മാണത്തിന് സംഭാവന ചെയ്ത ജലാല്‍ ഹാശ്മി, അസോസിയേഷന്റെ വെബ്‌സൈറ്റും (www.qiacmr.com) കലാസായാഹ്നവും ഉദ്ഘാടനം ചെയ്തു. കലാകായിക മത്സരങ്ങള്‍ക്ക് വിധികര്‍ത്താക്കളായെത്തിയ വി.ടി.ഫൈസല്‍, ഷഹദ് കൊടിയത്തൂര്‍, അബൂട്ടി അരീക്കോട് തുടങ്ങിയവര്‍ക്ക് ഖിയയുടെ ഉപഹാരം കെ.സി ലത്വീഫ്, കെ.പി.ഫൈസല് എന്നിവര് നല്കി. ശേഷം ഖിയയുടെ ചരിത്രത്തില്‍ ആദ്യമായി ഇറക്കുന്ന സുവനീര്‍ എല്ലാ ചേന്ദമംഗല്ലൂര്‍കാര്‍ക്കുമായി സമര്‍പ്പിച്ചു. പെനിന്സുല അസി.എഡിറ്റര് ടി.കെ. ഇക്‌ബാലായിരുന്നു സോവനീര്‍ സി.ടി.റഊഫിന് നല്കികൊണ്ട് പ്രകാശനം നിര്‍‌വഹിച്ചത്. ചേന്ദമംഗല്ലൂരിലെ വിദ്യാര്‍ഥികാലത്തിന്റെ ഗൃഹാതുര സ്മരണകളുമായി ടി.കെ.ഇക്‌ബാല്‍ സദസ്സുമായി സംവദിച്ചു. പിന്നീട് സ്റ്റേജില് അരങ്ങേറിയത് കലാപ്രകടനങ്ങളായിരുന്നു. ഷബാന അബ്ദുറഹിമാന് അണിയിച്ചൊരുക്കിയ കുട്ടികളുടെ ഒപ്പന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സദസ്സ് ഹര്ഷാരവത്തോടെ സ്വീകരിച്ചു. ഹക്കിം എം.ടിയുടെ നേതൃത്വത്തില് നടന്ന വില്കലാമേളയും മുത്താപ്പുവിന്റെ ഓട്ടന് തുളളലും സദസ്സിന് ചിരിക്കാനും ചിന്തിക്കാനും വകനല്കി. പിന്നീട് പ്രമുഖ ഗായകര്‍ അണിനിരന്ന ഗാനമേള സദസ്സിനെ അക്ഷരാര്ഥത്തില് ഇളക്കിമറിച്ചു. രാത്രി 11 മണിക്ക് പരിപാടി അവസാനിക്കുമ്പോള്‍ എല്ലാവര്‍ക്കും സംതൃപ്തിയും ആവേശവും. ഇതുപോലൊരു കൂട്ടുസംരംഭം ചേന്ദമംഗല്ലൂരിലും ഏറെവൈകാതെ സംഭവിക്കട്ടെയെന്ന് ഖിയ പ്രവര്‍ത്തകര്‍ ആശംസിച്ചു.
പരിപാടിയുടെ ലൈവ് ടെലികാസ്റ്റിംഗ് www.cmronweb.comല്‍ ഉണ്ടായിരുന്നു. നാട്ടിലും ജിസിസിയിലുമായി മുന്നൂറിലധികം പേര് പരിപാടി വീക്ഷിച്ചതായി ടെലികാസ്റ്റിന് നേതൃത്വം നല്കിയ മുശീര് അറിയിച്ചു.











News : Mahir P


Tags : Chennamangallur, Qatar Islahiya Association, ഒരു ഗ്രാമം ഒരു മനസ് ഒരൊറ്റകൂട്ടായ്മ

 
 
2012 Chennamangaloor on Web