ഒരു ഗ്രാമം ഒരു മനസ്സ് ഒരൊറ്റ കൂട്ടായ്മ കാമ്പയിന്‍ സമാപനം വെള്ളിയാഴ്ച. (08-04-2012)

പലവിധ പ്രതിലോമ സാഹചര്യങ്ങള്‍ ഉണ്ടായിരിക്കെ തന്നെ യോജിച്ച കൂട്ടായ്മയിലൂടെ ചേന്ദമംഗല്ലൂരിന്റെ എക്കാലത്തെയും നന്മ നിറഞ്ഞ ആന്തരോര്‍ജ്ജം തിരിച്ചെടുക്കാനായി ഖത്തര്‍ ഇസ്ലാഹിയാ അസോസിയേഷന്‍ (കിയ) ആവിഷ്കരിച്ച് നടപ്പില്‍ വരുത്തികൊണ്ടിരിക്കുന്ന 'ഒരു ഗ്രാമം ഒരു മനസ്സ് ഒരൊറ്റ കൂട്ടായ്മ' കാമ്പയിന്‍ പരിപാടികള്‍ക്ക് ഈ വരുന്ന 13ന് പരിസമാപ്തിയാവുന്നു. പ്രവാസലോകത്തിന് എന്നും മാതൃകകള്‍ മാത്രം സൃഷ്ടിച്ച്കൊണ്ടിരിക്കുന്ന ഖത്തര്‍ ഇസ്ലാഹിയാ അസോസിയേഷന്‍ കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി നാടിനായ് ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണ്. കാമ്പയിനോടനുബന്ധിച്ച് ഖത്തറിലെ ചേന്ദമംഗല്ലൂര്‍ പ്രവാസികള്‍ക്കായി നിരവധി പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിരുന്നു.
കലാമത്സരങ്ങള്‍
ചേന്ദമംഗല്ലൂരിലെ സ്റ്റേജുകളില്‍ ഒരു കാലത്ത് അവിഭാജ്യഘടകമായിരുന്ന സി.ടി. കബീറിന്‍െറ നേതൃത്വത്തില്‍ നടന്ന കലാ സാഹിത്യമത്സരങ്ങള്‍ ശ്രദ്ധേയമായിരുന്നു. മത്സരബുദ്ധിയോടെ അംഗങ്ങള്‍ രചനാമല്‍സരങ്ങള്‍ക്ക് പങ്കെടുത്തപ്പോള്‍ നാട്ടിലെ മരുമക്കളായിരുന്നു വിജയികളിലധികവും. കഥാരചന, കവിതാരചന, മുദ്രാവക്യ രചന. കവിതാ പരായണം, മാപ്പിളപ്പാട്ട്, ക്വിസ്, കഥാപ്രസംഗം തുടങ്ങി വ്യത്യസ്തങ്ങളായ മത്സരങ്ങള്‍ ഉണ്ടായിരുന്നു.

കായിക മത്സരങ്ങള്‍
ഖത്തറിലെ മലയാളി കായിക ഭൂപടത്തില്‍ സവിശേഷ സ്ഥാനം നിലനിര്‍ത്തിപ്പോരുന്ന ചേന്ദമംഗല്ലൂര്‍കാര്‍ക്കിടയില്‍ നടത്തിയ കായിക മത്സരങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പൊടിപാറുന്നതായിരുന്നു. ഫുട്ബാളില്‍ സെന്‍ട്രല്‍ ചേന്ദമംഗല്ലൂരും ക്രിക്കറ്റില്‍ ഈസ്റ്റ് ചേന്ദമംഗല്ലൂരും കമ്പവലിയില്‍ വെസ്റ്റ് ചേന്ദമംഗല്ലൂരും വിജയക്കൊടി നാട്ടിയപ്പോള്‍ എല്ലാവര്‍ക്കും ഭീഷണിയുയര്‍ത്താന്‍ നോര്‍ത്ത് ചേന്ദമംഗല്ലൂരും സജീവമായി രംഗത്തുണ്ടായിരുന്നു.

13.4.2012 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിവിധ പ്രോഗാമുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.
ഗ്രാമസംഗമം - 4.00
നാട്ടില്‍നിന്ന് വരുന്ന അതിഥികളും കിയ കുടുംബങ്ങളും കൂടി ഒരു ചെറു ചേന്ദമംഗല്ലൂര്‍ രൂപീകരിക്കുന്നു. ചടങ്ങില്‍ കിയ മുന്‍നിര പ്രവര്‍ത്തകരും നേതാക്കളുമൊക്കെ ആയിരുന്ന ഒ. അബ്ദുല്‍ അസീസ്, കെ. മുഹമ്മദ്കുട്ടി, കെ.ടി.സി നജീബ്, ബന്ന മാസ്റ്റര്‍ എന്നിവര്‍ സംബന്ധിക്കുന്നു. പ്രസ്തുത പരിപാടി നീണ്ട 30 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോവുന്ന നിലവിലെ ‘കിയ’ പ്രസിഡന്‍റ് കെ. സുബൈര്‍ സാഹിബ് ഉദ്ഘാടനം ചെയ്യുന്നു. പ്രോഗ്രം ജനറല്‍ കണ്‍വീനര്‍ ജ. പി.ടി. യൂനുസ് ആമുഖ ഭാഷണം നിര്‍വഹിക്കുന്നു. ഗൃഹാതുരത്വം പകരുന്നതായിരിക്കും പ്രസ്തുത പരിപാടി എന്ന് പ്രതീക്ഷിക്കാം.

വെബ് സൈറ്റ് പ്രകാശനം (6.30)
കിയ ചേന്ദമംഗല്ലൂരിന്‍െറ വെബ് സൈറ് ഉദ്ഘാടന കര്‍മം ചേന്ദമംഗല്ലൂരുമായി ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്ന ഹൈസ്കൂള്‍ ജുമുഅ മസ്ജിദ് നാടിനായി സംഭാവന ചെയ്ത ജ.ജലാല്‍ ഹാഷ്മി നിര്‍വഹിക്കുന്നു.

സുവനീര്‍ പ്രകാശനം (7.00)
കാമ്പയിനോടനുബന്ധിച്ച് കിയ തയാറാക്കിയ ഒരു ഗ്രാമം ഒരു മനസ്സ് ഒരൊറ്റ കൂട്ടായ്മ സുവനീര്‍ പ്രകാശനം പെനിന്‍സുല സബ് എഡിറ്റര്‍ ടി.കെ. ഇഖ്ബാല്‍ നിര്‍വഹിക്കും. സുവനീറിന്‍െറ എഡിറ്റര്‍ മാഹിര്‍ പയനാടാണ്. ലേ ഔട്ട് സമീര്‍ കെ.പിയാണ് നിര്‍വഹിച്ചത്. നാട്ടുകാരായ നിരവധി എഴുത്തുകാരുടെ രചനകള്‍ സുവനീറിലൂടെ വെളിച്ചം കാണും.

കലാപരിപാടികള്‍
ഏഴ് മണിക്ക് ശേഷം നടക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ എത്തുന്ന മുഴുവന്‍ നാട്ടുകാര്‍ക്കും അയല്‍നാട്ടുകാര്‍ക്കും കുളിര്‍മയേകുമെന്ന് സംഘാടകര്‍ ഉറപ്പ് നല്‍കുന്നു. കൊച്ചുകലാകാരികളുടെ ഒപ്പന ഷഹാന അബ്ദുറഹിമാന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.ചേന്ദമംഗല്ലൂരിന്‍െറ സ്വന്തം കലാരുപമായ വില്‍കലാമേളയില്‍ പഴയകാല കലാകാരന്മാരായ എം.ടി. ഹകീം, സി.ടി.കബീര്‍, ടി.കെ. മന്‍സൂര്‍, മുബാറക് എന്നിവര്‍ അണിനിരക്കുന്നു. എം ടി മുബീന, കെ.സി. മുഹമ്മദലി എന്നിവരുടെതാണ് ഗാനങ്ങള്‍. ഹകീമിന്‍െറ രചനക്ക് സക്കീര്‍ ആറ്റുപുറം സംവിധാനം നിര്‍വഹിക്കുന്നു.
മുഹമ്മദ് മുത്താപ്പുവിന്‍െറ ഓട്ടം തുള്ളലിന്ശേഷം നടക്കുന്ന ഗാനമേളയില്‍ പട്ടുറുമാല്‍ ഫെയിംസ് സിമിയ മൊയ്തു, ഹംദാന്‍ പാവറട്ടി, ഷഹദ് കൊടിയത്തൂര്‍, നബ ഷബിന്‍ എന്നിവര്‍ക്ക് പുറമെ റേഡിയോ ഏഷ്യ മാപ്പിളപ്പാട്ട് മത്സരവിജയി റിയാസ് കരിയാട്, നാട്ടുകാരനായ ഷമീര്‍ പൊറ്റശ്ശേരി എന്നിവരും അണിനിരക്കുന്നു.News : സഫീര്‍, ഖത്തര്‍


Tags : Chennamangallur, Expatriates at Qatar, Qatar Islahiya Chennamangallur.

 
 
2012 Chennamangaloor on Web