യു.പി സ്കൂള്‍ നാടിന് സ്വന്തമാകുന്നു; ആദ്യ ഗഡു 30 ലക്ഷം കൈമാറി (11-07-2012)

നാട്ടുകാരുടെ കൂട്ടായ്മയില്‍ ചേന്ദമംഗലൂര്‍ ജി.എം.യു.പി സ്കൂളിന് സ്വപ്നസാഫല്യം. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ വികസന ഫണ്ടുകള്‍ സര്‍ക്കാറില്‍നിന്ന് സ്കൂളിന് ലഭിക്കാതെ വന്നപ്പോഴാണ് വാടക കെട്ടിടമുള്‍പ്പെടെയുള്ള 45 സെന്‍റ് സ്ഥലം 85 ലക്ഷം രൂപക്ക് പി.ടി.എ വിലക്കെടുത്ത് സര്‍ക്കാറിന് സമര്‍പ്പിക്കുന്നത്.
നാട്ടുകാര്‍, പൂര്‍വവിദ്യാര്‍ഥികള്‍, പ്രവാസികള്‍ തുടങ്ങിയവരില്‍നിന്നായി സമാഹരിച്ച ആദ്യ ഗഡു 30 ലക്ഷം രൂപ മുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ. കല്യാണിക്കുട്ടി സ്ഥലമുടമ വി. മുനീറ, സാബിറ, റസിയ, മെഹബൂബ എന്നിവര്‍ക്കായി കൈമാറി. കഴിഞ്ഞ ഏതാനും മാസങ്ങളായി മുസ്തഫ മാസ്റ്റര്‍, ശഫീഖ് മാടായില്‍, ബന്ന മാസ്റ്റര്‍, ഷരീഫ് മാസ്റ്റര്‍ തുടങ്ങി നിരവധി പേരുടെ കഠിനാദ്ധ്വാനത്തിന്റെ ബാക്കി പത്രമായിരുന്നു ഈ ചടങ്ങ്.
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.എം. അഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍മാരായ ഫാത്തിമ കൊടപ്പന, ശംസുദ്ദീന്‍ നേര്‍ക്കാട്ടിപ്പൊയില്‍, എം.കെ. മീന, പ്രഫ. ഹമീദ് ചേന്ദമംഗലൂര്‍, ഒ. അബ്ദുല്ല, കെ. സുബൈര്‍, കെ.പി. അഹമ്മദ്കുട്ടി, പി.കെ. റസാഖ്, പി.ടി.എ പ്രസിഡന്‍റ് ബന്ന ചേന്ദമംഗലൂര്‍, ഹെഡ് മാസ്റ്റര്‍ കെ. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.


Tags : Chennamangallur GM UP school

 
 
2012 Chennamangaloor on Web