മഴയുടെ ഇരമ്പമില്ലാതെ...
(13-07-2012)
ജൂണ്‍ മാസം കഴിഞ്ഞ് ജൂലൈ പിറന്നിട്ടും മഴയുടെ ഇരമ്പം നാട്ടില്‍ കുറവ്. സാധാരണയായി രണ്ട് വെള്ളപ്പൊക്കങ്ങള്‍ കഴിയേണ്ട സമയം കഴിഞ്ഞു, ഇനിയും ഇരുവഴിഞ്ഞി പോലും നന്നായൊന്ന് നിറഞ്ഞൊഴുകിയിട്ടില്ല. തുടക്കത്തില്‍ ചിലര്‍ക്കെല്ലാം ഏറ്റീന്‍ പിടിക്കാന്‍ ഒത്തെങ്കിലും, പാടത്ത് മുമ്പ് കാലങ്ങളില്‍ ഉണ്ടായിരുന്ന രാത്രി കാല 'ട്രാഫിക്ക്' ഇപ്പോഴില്ല. ഒന്നും രണ്ടും ദിവസങ്ങള്‍ മഴയുടെ അടയാളം പോലും ഇല്ലാതെ കഴിഞ്ഞ് പോകുന്നുണ്ട്. മഴയൊഴിഞ്ഞ സമയത്ത് കൃഷിപ്പണികള്‍ പലയിടത്തും തുടങ്ങിയിട്ടും ഉണ്ട്. മണ്‍സൂണ്‍ വഴിമാറിയത് കാരണം വെയിലിന് നല്ല കാഠിന്യവും ചൂടും ആണിപ്പോള്‍. പതിവിനു വ്യത്യസ്ഥമായി ഫാനുകള്‍ക്ക് വേനല്‍ കഴിഞ്ഞിട്ടും വെറുതെ ഇരിക്കാന്‍ പറ്റുന്നില്ല. മഴയില്ലാത്ത ദിവസങ്ങളിലെ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഫാന്‍ തന്നെ ശരണം. ഇരിവഴിഞ്ഞിയില്‍ ഇപ്പോള്‍ വേനല്‍കാലത്തെ അതെ ജലനിരപ്പാണ്. കടുത്ത ഒഴുക്കോ ചുഴികളോ മലരുകളോ ഒന്നും കാണാനില്ല. പക്ഷെ വെള്ളം ശുദ്ധമാണ്. ശാന്തമായി ഒഴുകുന്ന ഇരുവഴിഞ്ഞിയില്‍ ഇപ്പോള്‍ കുളിക്കാന്‍ ബഹു രസം. മഴമാറി നിന്നപ്പോള്‍ ഭാഗ്യം വന്നത് വാഴകൃഷിക്കാര്‍ക്ക്; ഇത്തവണ കുലവെട്ടാന്‍ കൊങ്ങം വെള്ളം വരെ കാത്തിരിക്കെണ്ടി വന്നില്ല. നന്നായി മൂത്ത ശേഷം തന്നെ വിളവെടുക്കാനായി.
Tags : Chennamangallur
|