|
മുത്തലിബ് മാസ്ടര്‍ക്ക് യാത്രാമൊഴി
(27-08-2012)
ചേന്ദമംഗലൂര്‍: ഇസ്ലാഹിയ കോളജ് അധ്യാപകനും ജമാഅത്തെ ഇസ്ലാമി പൊറ്റശ്ശേരി ഘടകം നാസിമുമായിരുന്ന മുത്തലിബ് മുഹ്യിദ്ദീന്‍െറ നിര്യാണം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. സുഹൃത്തുക്കളും വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും അടങ്ങിയ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെ അദ്ദേഹത്തിന്‍െറ ഭൗതികശരീരം ചേന്ദമംഗലൂര്‍ ഒതയമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. രാവിലെ 11.30ഓടെ ഇസ്ലാഹിയയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഇസ്ലാമി പ്രവര്‍ത്തനം, അധ്യാപനം, സാമൂഹ്യപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിന്‍െറ സാന്നിധ്യം വിളിച്ചോതുന്നതായിരുന്നു വന്‍ ജനാവലി. മയ്യിത്ത് നമസ്കാരത്തിന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി നേതൃത്വം നല്‍കി. അസി. അമീറുമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, എം.ഐ. അബ്ദുല്‍അസീസ്, എം.കെ. മുഹമ്മദലി, ജന. സെക്രട്ടറി പി. മുജീബുറഹ്മാന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തു. ഇസ്ലാഹിയ അങ്കണത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ഇ.എന്‍. അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു. ഇസ്ലാഹിയ അസോസിയേഷന്‍ പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍, ദേശീയ വിദ്യാഭ്യാസ അവാര്‍ഡ് ജേതാവ് ആര്‍.കെ. പൊറ്റശ്ശേരി, ശൈഖ് മുഹമ്മദ് കാരകുന്ന്, സത്താര്‍ മൗലവി കൂളിമാട്, ഇസ്ലാഹിയ കോളജ് പ്രിന്‍സിപ്പല്‍ പെരുമയില്‍ മുഹമ്മദ്, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. കൂട്ടില്‍ മുഹമ്മദലി, എന്‍. സുലൈമാന്‍ മാസ്റ്റര്‍, സഹപാഠി കോയക്കുട്ടി, വിദ്യാര്‍ഥി പ്രതിനിധി നൂറുല്‍ഹസന്‍ എന്നിവര്‍ സംസാരിച്ചു. ബന്ന ചേന്ദമംഗലൂര്‍ സ്വാഗതവും സുബൈര്‍ കൊടപ്പന നന്ദിയും പറഞ്ഞു.
Tags : Muthalib Master
|
|