സി.എ ഇനി ഓര്‍മ (18-11-2012)


ചേന്ദമംഗലൂര്‍: സി.എ എന്ന ഇസ്ലാമിക പണ്ഡിതന്‍ ഓര്‍മയായി; കര്‍മലോകത്തില്‍ കത്തിനില്‍ക്കേണ്ട പ്രായത്തില്‍തന്നെ. താന്‍ സ്വന്തമായി കണ്ടെത്തുകയും അനുഭൂതിയായി അനുഭവിക്കുകയും ചെയ്ത ഖുര്‍ആനിക പാഠത്തിന്‍െറ മാധുര്യം തനിക്ക് ചുറ്റും പ്രസരിപ്പിക്കാനും സൗഹൃദങ്ങള്‍ പകരാനും ഭൗതിക താല്‍പര്യങ്ങളേതുമില്ലാതെ കേരളത്തിന് നെടുകെയും കുറുകെയും ഓടുകയായിരുന്നു സി.എ. ഈ നെട്ടോട്ടത്തിനിടയില്‍ പലപ്പോഴും സ്വന്തത്തെപോലും മറന്നുപോയി.
ചേന്ദമംഗലൂരില്‍ ചിറ്റടി മുഹമ്മദിന്‍െറയും ആയിശുമ്മയുടെയും മകനായി ജനിച്ച അബ്ദുറഹീമിന് പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍തന്നെ പിതാവ് ഏറെ കഷ്ടപ്പെട്ടു. ദാരിദ്ര്യവും അനാഥത്വവും ചവിട്ടിക്കുഴച്ചതായിരുന്നു അബ്ദുറഹീമിന്‍െറ ബാല്യവും കൗമാരവും.ജ്ഞാനാന്വേഷണത്തിന് തന്‍െറ സാധ്യതകള്‍ക്ക് ദൈര്‍ഘ്യമില്ലെന്നറിഞ്ഞ അബ്ദുറഹീം ആരുമറിയാതെ നാടുവിട്ടു. ആ യാത്ര പലപ്പോഴും സി.എ ഗൃഹാതുരത്വത്തോടെ വിവരിച്ചിട്ടുണ്ട്.
അലച്ചിലിന്‍െറ അവസാനിക്കാത്ത കാലങ്ങള്‍ പിന്നിട്ട് അറേബ്യന്‍ പ്രവാസത്തിന്‍െറ വസന്തവര്‍ഷങ്ങള്‍. പ്രവാസം ധനസമ്പാദനത്തിനല്ല അദ്ദേഹം ഉപയോഗിച്ചത്; ജ്ഞാന
സമ്പാദനത്തിനായിരുന്നു. അറബിയും ഉര്‍ദുവും ഇംഗ്ളീഷും അനായാസം വഴങ്ങുന്നതായി. കൂടെ ആധുനിക വിവരസാങ്കേതിക സരണികളും കണ്ടെത്തി. ഇത്രയും പക്ഷേ, സി.എ ഉപയോഗിച്ചത് താന്‍ അഗാധമായി സ്നേഹിച്ച വിശുദ്ധഖുര്‍ആന്‍െറ ആഴങ്ങളളക്കാനുള്ള സാമഗ്രികളായി. അറിഞ്ഞതൊന്നും തടഞ്ഞുവെച്ചില്ല. ഉദാരമായി മറ്റുള്ളവരിലേക്ക് തുറന്നുവിട്ടു. അപ്പോള്‍ അദ്ദേഹം അനുഭവിച്ച ആനന്ദാതിരേകം മറുലോകത്തിലേക്കൊരു കരുതലായി.
സി.എക്ക് സ്വന്തമായി ഗുരുവില്ല. ഇക്കണ്ട ജ്ഞാനമത്രയും സ്വയം ആര്‍ജിതമായിരുന്നു. അതുകൊണ്ടുതന്നെയാകാം, ഞാന്‍ നേടിയ ജ്ഞാന ബോധ്യത്തില്‍ അദ്ദേഹത്തിന് അഗാധമായ വിശ്വാസവും അതിനൊത്ത സമര്‍പ്പണവും ഉണ്ടായത്.
വിശ്വാസത്തിന്‍െറ പരിസരത്ത് ഒരു ഒത്തുതീര്‍പ്പിനും അദ്ദേഹം നിന്നുകൊടുത്തില്ല. ഈ ഗ്രാമവും ജ്ഞാനവും അദ്ദേഹത്തിന് നല്‍കിയത് വലിയൊരു പ്രാസ്ഥാനികബോധ്യമായിരുന്നു. ഇസ്ലാമിക പ്രസ്ഥാനത്തിന് എല്ലാം നല്‍കുകയും ഒന്നും അതില്‍നിന്നെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയുംചെയ്തു. കേരളത്തിലുടനീളം സി.എക്ക് ശിഷ്യന്മാരുണ്ട്.


Tags : Chennamangallur, Chittadi Abduraheem Sahib death.

 
 
2012 Chennamangaloor on Web