സ്നേഹാദരങ്ങളോടെ സുബൈര്‍ സാഹിബ് നാട്ടിലേക്ക്. (22-04-2012)

30 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി കൊടപ്പന സുബൈര്‍ സാഹിബ് നാട്ടിലേക്ക്. ചേന്ദമംഗല്ലൂരില് നിന്നും ഖത്തറിലെത്തിയ നൂറുകണക്കിന് ആളുകളില്‍ മലയാളികളുടെയും മറ്റുളളവരുടെയും സ്നേഹാദരങ്ങള്‍ ഇത്രയധികം ഏറ്റുവാങ്ങിയ മറ്റൊരാളില്ലെന്നു ഒട്ടും അതിശയോക്തിയില്ലാതെ പറയാം. നേതൃനിരയിലായിരിക്കുമ്പോളും അല്ലാത്തപ്പോഴും വലിപ്പചെറുപ്പമില്ലാതെ സാധാരണക്കാരോടും മറ്റുളളവരോടും വിനയാന്വിതനായി ചെറു പുഞ്ചിരിയോടെ പെരുമാറുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഖത്തരിലെ പ്രവാസി സമൂഹം എന്നും ബഹുമാനിച്ചിരുന്നുവെന്നതിന്റെ തെളിവാണ് വിവിധ സാംസ്കാരിക സാമൂഹിക സംഘടനകള്‍ നല്കിയ യാത്രയയപ്പ് യോഗങ്ങളുടെ ബാഹുല്യം.

1959 നവമ്പര്‍ 23 ന്‍ ചേന്ദമംഗ്ലലൂരില്‍ കൊടപ്പന അബ്ദുല്ലയുടെയും ആയിശയുടെയും മൂന്നാമത്തെ മകനായി ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം ചേന്ദമംഗ്ലലൂര്‍ ഗവ.യുപിസ്കൂളിലും ഹൈസ്ക്കൂളിലും പൂര്‍ത്തിയാക്കി. ഇസ്ലാഹിയാ കോളജില്‍ നിന്ന് ആര്‍ട്സ് ആന്‍റ് ഇസ്ലാമിക് കോഴ്സോടെ ഡിഗ്രി പാസ്സായി. മത-ഭൗതിക വിദ്യാഭ്യാസ സമന്വയത്തിലൂടെ കെസി അബ്ദുല്ലാ മൌലവിയും കൂട്ടരും ഉണ്ടാക്കിയെടുത്ത ചേന്ദമംഗല്ലൂരിലെ ധാര്‍‍മിക-വിദ്യാഭ്യാസ പുരോഗതിയും, വീട്ടിലെ മതബോധവും അദ്ദേഹത്തിലെ ഇസ്ലാമിക പ്രവര്‍‍ത്തകനെ സൃഷ്ടിച്ചെടുത്തു.
അക്കാലത്തുതന്നെ മികച്ച സംഘാടകനും പ്രഭാഷകനുമായി അദ്ദേഹം അറിയപ്പെട്ടിരുന്നു. ഫറോക്ക് കോളജില്‍ ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദാന്തര ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഖത്തറിലേക്ക് 1982ല്‍ വിമാനം കയറുന്നത്. അന്നുമുതല്‍ ഖത്തറിലെ ചേന്ദമംഗല്ലൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ ഇസ്ലാഹിയ അസോസിയേഷന്റെ (ഖിയ) എക്സിക്യൂട്ടിവ് അംഗമാണ്. പിന്നീട് ദീര്‍ഘകാലം-12 വര്‍ഷം- ഖിയയുടെ പ്രസിഡണ്ടായിരുന്നു. എത്ര തിരക്കുകള്‍ക്കിടയിലും അദ്ദേഹം നാട്ടുകാരുടെ യോഗത്തിന് നേരത്തെ എത്തിച്ചേരുമായിരുന്നു. ഇന്ന് ഖിയയെ വലിയ റിലീഫ് സംഘമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ ചെറുതല്ല. അദ്ദേഹത്തിന്‍റെ ഖുര്‍ആന്‍ ക്ലാസുകളും, നര്‍മ്മം വിതറുന്ന പ്രഭാഷണങ്ങളുമില്ലാത്ത വരും യോഗങ്ങളെക്കുറിച്ച് പലര്‍ക്കും ചിന്തിക്കാന്‍ പോലുമാവുന്നില്ലയെന്നത് അദ്ദേഹത്തിന്റെ പൊതുസ്വീകാര്യത വിളിച്ചോതുന്നു.

ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഖത്തര്‍ രൂപമായ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍റെ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡണ്ടായും തുടര്‍ന്ന് 1999 മുതല്‍ മൂന്ന് തവണകളായി പ്രസിഡണ്ടായും സേവനമനുഷ്ടിച്ചു. കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രവാസികള്‍ക്കയി നടത്തിവരുന്ന മെഡിക്കല്‍ ക്യാമ്പിന്റെ മുഖ്യ സംഘാടകനായിരുന്നു, ചേന്ദമംഗല്ലൂര്‍ക്കാരുടെ കൊടപ്പന സുബൈര്‍ എന്ന ഖത്തറുകാരുടെ സുബൈര്‍ അബ്ദുല്ല. ആദര്‍ശംകൊണ്ട് എതിര്‍ ചേരിയില്‍ നില്ക്കുന്നവരുമായിട്ടും ഇതര മത-സാമൂഹിക സാംസ്കാരിക സംഘടനകളിലുളളവരുമായിട്ടും വലിയ സുഹൃത്ബന്ധം സുബൈര്‍ സാഹിബിനുണ്ട്. അതുകൊണ്ട് തന്നെ ഖത്തറിലെ ഒട്ടുമിക്ക വേദികളിലെ അദ്ദേഹം സ്ഥിരസാന്നിധ്യവുമായിരുന്നു.

30 വര്‍ഷം എന്നത് ഒരു മനുഷ്യന്റെ ആയുസ്സിന്‍റെ ചെറിയ കാലയളവല്ല. സാമൂഹിക സേവനത്തിനപ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണെന്ന് കര്‍മ്മംകൊണ്ട് തെളിയിച്ച മാതൃകാ ഇസ്ലാമിക പ്രവര്‍ത്തകനാണ് സുബൈര്‍ അബ്ദുല്ല. നാട്ടില്‍ കൂടുതല്‍ കര്‍മനിരതനാവാന്‍ അദ്ദേഹത്തിന് കഴിയുമാറാകട്ടെയെന്ന് എല്ലാനാട്ടുകാരും ഒരു പോലെ ആശിക്കുന്നു. പ്രാര്‍ഥിക്കുന്നു.



News : Mahir P


Tags : Chennamangallur, QIA, Zubair Abdulla, Kodapana zubair

 
 
2012 Chennamangaloor on Web