| | | |
ഈദ്
സന്ദേശം
വ്രതവിശുദ്ധിയുടെ മുപ്പത് രാപ്പകലുകള്‍ക്ക് ശേഷം ലോക മുസ്ലിം
സമൂഹം പെരുന്നാള്‍ ആഘോഷിക്കുകയാണ്. എല്ലാ ഉല്‍സവങ്ങളും ആഘോഷങ്ങളും
ആഹ്ലാദത്തിന്റെ മുഹൂര്‍ത്തങ്ങളും സാഹോദര്യത്തിന്റെ സന്ദേശവുമാണ്
ലോകത്തിന് സമ്മാനിക്കുത്.
പെരുന്നാളിന്റെ ആത്മീയാവേശം ഉപവാസ നാളുകള്‍ നല്‍കിയ അനുഭൂതിയുടെ
ഉത്തുംഗതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുക എന്നതാണ്. അതിന്റെ
ഭൗതിക വശമാവട്ടെ സമസൃഷ്ടി സ്നേഹത്തിന്റെ അനുഭവ സാക്ഷ്യത്തിന്
അവസരമൊരുക്കുക എന്നതും.
ചേന്ദമംഗല്ലൂര്‍ ഗ്രാമം പെരുന്നാളിന്റെ ആഹ്ലാദത്തിമര്‍പ്പിലാണ്.
ആത്മീയ ചൈതന്യം ചോര്‍ന്നു പോവാത്ത ആഹ്ലാദം. വിശാല വിസ്തൃതമായ
ഈദ്ഗാഹില്‍ ഒത്തൊരുമിക്കുന്ന ആബാലവൃദ്ധം ഗ്രാമീണര്‍ ഗ്രാമ്യ
ജീവിതത്തിന്റെ നിത്യവിശുദ്ധിക്ക് ആവശ്യമായ മൈതാന മനസ്കതയുടെ
സന്ദേശം കൈമാറിയാണ് പിരിഞ്ഞുപോകുന്നത്. ദൈവത്തിലേക്ക് തിരിച്ചുവെച്ച
മനസ്സും ചുറ്റുപാടുകളിലേക്ക് തുറന്നു വെച്ച കണ്ണുകളുമാണ് സത്യവിശ്വാസിയുടെ
ഐഡന്റിറ്റി.
പള്ളികളിലൊതുങ്ങാത്ത ആത്മീയത ഈ ഗ്രാമത്തിന് ഒരു പുതിയ അനുഭവമല്ല.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ആതുര ശുശ്രൂഷയിലൂടെയും ആത്മീയ
ഭാവത്തിന് നവഭാഷ്യം രചിച്ച മണ്ണാണിത്. യുവത്വത്തിന്റെ കരുത്തും
മുന്നില്‍ നടക്കുവരുടെ അനുഭവ സമ്പത്തും ഒരുമിച്ചു ചേര്‍ത്ത്
ഈ നാടിന്റെ മുഖഛായ കൂടുതല്‍ തെളിമയാര്‍ന്നതാക്കാന്‍ ഇനിയും ഒരുപാട്
പദ്ധതികളും പരിപാടികളും നമുക്ക് നടപ്പിലാക്കേണ്ടതുണ്ട്.
ഈ ഒരു ആലോചന നാട്ടിലും മറുനാട്ടിലും കഴിയുന്ന ചേന്ദമംഗല്ലൂര്‍
നിവാസികള്‍ക്ക് കൈമാറാന്‍ ഈ പെരുന്നാള്‍ സുദിനം ഏറെ അനുയോജ്യമാണ്.
വ്രതാനുഷ്ഠാനത്തിലൂടെ കൈകഴുകിയെടുത്ത മനസ്സുകളുമായിട്ടാണല്ലോ
നാം പുണ്യ സുദിനത്തെ പുണരുന്നത്.
എല്ലാവര്‍ക്കും ഈദാശംസകള്‍. പെരുന്നാളിന്റെ പെരുത്ത് സന്തോഷങ്ങള്‍
കെ.മുഹമ്മദ്കുട്ടി |
| | |
|