ഏതാണ്ട്
65 കൊല്ലം മുമ്പ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ചേന്ദമംഗല്ലൂരില്‍
ഒരു എല്‍.പി. സ്കൂളും അതിലേക്ക് അടുത്ത പ്രദേശത്തുകാരനായ
ഒരധ്യാപകനെയും അനുവദിക്കയുണ്ടായി. ആ അധ്യാപകന്‍ ചേന്ദമംഗല്ലൂര്‍
എന്ന സ്ഥലം എവിടെയാണെന്ന് കണ്‍ുപിടിക്കാന്‍ പെട്ട പാട്
ഇന്നും സരസമായി പറയപ്പെടാറുണ്ട്. അത്തരം ഒരു ഗ്രാമത്തെ
ഇന്ത്യക്ക് പുറത്ത് പോലും അറിയപ്പെടുമാറ് വളര്‍ത്തിയത്
കെ.സിയുടെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളാണ്.
ചെറുപ്പന്നേ അനുകരണീയമായ സ്വഭാവഗുണങ്ങളുടെ
ഉടമയായിരുന്നു കെ.സി. സഹപാഠികളെ സഹായിക്കുന്നതിലും അവര്‍ക്കൊത്താശകള്‍
ചെയ്യുന്നതിലും അദ്ദേഹം മുന്‍പന്തിയിലായിരുന്നു. വെല്ലൂരിലെ
ഒരു സഹപാഠി കെ.സിയെപ്പറ്റി അന്ന് പറഞ്ഞത് ഓര്‍ക്കുന്നു.
“കെ.സിക്ക് ഒരു കപ്പ് ചായ കിട്ടണമെങ്കില്‍ ചുരുങ്ങിയത്
നാലു കപ്പിനെങ്കിലും ഓര്‍ഡര്‍ ചെയ്യണം.’’ കഷ്ടപ്പെടുന്നവരെ
രഹസ്യമായി സഹായിക്കുകയെന്നത് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷതയായിരുന്നു.
വെല്ലൂരില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ
കെ.സി. വാഴക്കാട് ദാറുല്‍ ഉലൂമില്‍ അധ്യാപകനായി ചേര്‍ന്നു.
പിന്നീട് ദാറുല്‍ ഉലൂം പൂട്ടി. പുതിയ കോളേജാരംഭിക്കാന്‍
പ്രിന്‍സിപ്പാള്‍ അടക്കമുള്ള മൌലവിമാര്‍ തിരൂരങ്ങാടിയിലേക്കു
പോയപ്പോള്‍ അവരുടെ കൂട്ടത്തില്‍ കെ.സിയുമുണ്ടായിരുന്നു.
അന്നൊക്കെ കെ.സി. മുസ്ലിം ലീഗിലെ നല്ല വാഗ്മിയായിരുന്നു.
മുസ്ലിംകളുടെ “”അല്‍ജമാഅത്താണ് ലീഗെന്നും അതില്‍ വ്യക്തിസംസ്കരണം
നടത്തിയാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ ധാരണ.
അത് നടക്കുന്ന കാര്യമല്ലെന്നു കണ്ടാണ് പിന്നീട് ലീഗ് വിട്ടത്.
പല നല്ല നേതാക്കളും ലീഗ് വിട്ടു മറ്റു സംഘടനകളില്‍ ചേരുകയോ
നിഷ്ക്രിയരാവുകയോ ചെയ്തിട്ടുണ്ട്. കെ.സി. തന്റെ ധാരണക്കനുസരിച്ച
സംഘത്തെ ജമാഅത്തെ ഇസ്ലാമിയില്‍ കാണുകയും അതിനോട് സഹകരിക്കുകയും
ചെയ്തു.
കുറച്ച് കാലം തിരൂരങ്ങാടിയില്‍ കഴിച്ചുകൂട്ടിയ കെ.സി.
കാസര്‍ക്കോട്ട് ചെമ്മനാട്ടുള്ള ആലിയ മദ്റസയിലേക്ക് അധ്യാപകനായി
പോയി. കെ.സിയുടെ വരവ് അവിടെയുണ്ടായിരുന്ന യുവ ഇസ്ലാമിക
പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. അവര്‍ ദീനീസേവനത്തിനായി
“”ലജ്നത്തുല്‍ ജിഹാദ്’’ എന്ന സംഘടന രൂപീകരിക്കുകയും ലഘുലേഖകള്‍
പ്രസിധദ്ധീകരിക്കാനാരംഭിക്കുകയും ചെയ്തു. ലജ്നത്തുല്‍
ജിഹാദ് പ്രസിദ്ധീകരിച്ച, “ആരാണ് മുസ്ലിം’’ എന്ന ലഘുലേഖയാണ്
ചേന്ദമംഗല്ലൂരില്‍ പുതിയൊരു ചിന്തക്കു തുടക്കം കുറിക്കുകയും
പിന്നീടുള്ള മാറ്റങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്തത്.
|
|
മദ്റസത്തുല്‍ ആലിയ സാമ്പത്തികമായി നന്നെ വിഷമിക്കുന്ന
സന്ദര്‍ഭമായിരുന്നു അത്. എല്ലാവരെയും പോലെ കെ.സിയും ആ
പ്രയാസങ്ങള്‍ തുറന്ന മനസ്സോടെ പങ്കിട്ടു. അസറിനുശേഷം കളി
നിര്‍ബന്ധമെന്ന് പറഞ്ഞു സകല വിദ്യാര്‍ഥികളെയും, പ്രത്യേകിച്ച്
വലിയ മുസ്ലിയാക്കളെ, ഗ്രൌണ്ടിലേക്ക് വലിച്ചിറക്കി വോളിബോള്‍
കളിപ്പിക്കുക പതിവായിരുന്നു. കെ.സിയും നന്നായി കളിച്ചിരുന്നു.
എന്നെയും കൂട്ടുകാരെയും സൈക്കിളോടിക്കാന്‍ പഠിപ്പിച്ചത്
കെ.സിയാണ്.
ആയിടെ സുന്നി മുസ്ലിയാക്കള്‍ ഫറോക്കില്‍
യോഗം ചേര്‍ന്ന് പുത്തന്‍ പ്രസ്ഥാനക്കാരുടെ കോളേജുകള്‍ക്കും
മദ്റസകള്‍ക്കും സഹായം ചെയ്യരുതെന്ന് പ്രമേയം പാസാക്കിയത്
ആലിയാ മാനേജര്‍ വി.കെ. അഹ്മദ് മൌലവിയെ (ഇസ്സുദ്ദീന്‍ മൌലവിയുടെ
അനുജന്‍) വളരെ ചൊടിപ്പിച്ചു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം
ആ സമ്മേളനത്തിന്റെ ഒരു കാര്‍ട്ടൂണ്‍ വരക്കപ്പെട്ടിരുന്നു.
സുന്നി മുസ്ലിയാക്കന്മാരെ നീണ്ട വാലുള്ള കുരങ്ങുകളുടെ
രൂപത്തിലാണതില്‍ ചിത്രീകരിച്ചിരുന്നത്. കെ.സിയുടെ ഒരു
ഉസ്താദും അതില്‍പെട്ടു. കെ.സിയുടെ ഗുരുഭക്തിക്ക് അത് സഹിക്കാന്‍
കഴിഞ്ഞില്ല. കാര്‍ട്ടൂണ്‍ കൈവശപ്പെടുത്തി കീറിക്കളയാന്‍
അദ്ദേഹം നടത്തിയ ഓട്ടവും പാച്ചിലും എല്ലാവരെയും ആശ്ചര്യപ്പെടുത്തി.
കെ.സിയുടെ വക അതു വരച്ച വ്യക്തിക്ക് താക്കീതും കിട്ടി.
കെ.സിയുടെ ഉര്‍ദു പരിഭാഷാ പ്രാവീണ്യം സ്തുത്യര്‍ഹമായിരുന്നു.
“”ഇസ്ലാമും സോഷ്യലിസവും’’ എന്ന, മസ്ഊദ് ആലം നദ്വിയുടെ
പുസ്തകമാണ് ആദ്യമായി അദ്ദേഹം പരിഭാഷപ്പെടുത്തിയത്.ശേഷം
നിരവധി പ്രഗത്ഭ ഗ്രന്ധങ്ങള്‍ കെ സിയുടേതായി വന്നിട്ടുണ്ട്
ആദ്യമായി നാട്ടില്‍ (കൊടിയത്തൂര്) വന്ന കെ.സി. മടങ്ങുമ്പോള്‍,
അന്ന് വാഴക്കാട് ദാറുല്‍ ഉലൂമിലെ വിദ്യാര്‍ഥിയായിരുന്ന
എന്നെയും ആലിയയിലേക്ക് കൊണ്ടുപോയി. ഇന്നത്തെ ജമാഅത്ത്
സാരഥികളില്‍പെട്ട ചിലര്‍ അന്നവിടെ വിദ്യാര്‍ഥികളായിരുന്നു.
ഉര്‍ദുവിന് വളരെ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള
സിലബസ്സായിരുന്നതിനാല്‍ കുറഞ്ഞ കാലം കൊണ്ട് ഞങ്ങള്‍ക്കൊക്കെ
ഉര്‍ദുവിലുള്ള സരളമായ ഇസ്ലാമിക സാഹിത്യങ്ങളും പത്രമാസികകളും
വായിക്കാനായി. ചില്ലറ പരിഭാഷകളും ഞങ്ങള്‍ ചെയ്യാന്‍ തുടങ്ങി.
|