Home  |  History  |  News  | Pravasi  | Gallery  | Writers   | Kids Corner  | Institutions  | EmailFonts  |  About
 


അംഗനവാടികളിലും കമ്പ്യൂട്ടര്‍ പഠനം!(3/2/2009)

സാധാരണക്കാരുടെ മക്കള്‍ അറിവിന്റെ ആദ്യാക്ഷരം നുകരുന്ന അംഗനവാടികളിലും ഇനി കമ്പ്യൂട്ടര്‍ പഠനം. പിഞ്ചുകുട്ടികള്‍ക്ക് കമ്പ്യുട്ടര്‍ പരിചയപ്പെടുന്നതിന് അവസരമൊരുക്കിയിരിക്കുന്നത് മുക്കം ഗ്രാമ പഞ്ചായത്താണ്. 2008-09 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. കല്യാണിക്കുട്ടി കഴിഞ്ഞ ദിവസം ചേന്ദമംഗല്ലൂര്‍ അംഗനവാടിയില്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. കരണങ്ങാട്ട് ഭാസ്കരന്‍, മുംതാസ് ജമീല, ജോസ് മാത്യു, ഷബീബ, ഷാനി, സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ചേന്ദമംഗല്ലൂര്‍ അംഗനവാടിയുടെ ഇരുപത്തിനാലാം വാര്‍ഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

റിപ്പോര്‍ട്ട്: ഒ. ശരീഫുദ്ദീന്‍



'തലോടല്‍'(3/2/2009)

നട്ടെല്ലിന് ക്ഷതമേറ്റ് വര്‍ഷങ്ങളായി വീടുകളുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം ഒതുങ്ങിപ്പോയ മുപ്പതോളം പാരാപ്ളീജിയ രോഗികളുടെ സംഗമം മുക്കത്തിന് നവ്യാനുഭവമായി. ചേന്ദമംഗല്ലൂര്‍ ഗ്രെയ്സ് പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച 'തലോടല്‍ - 2009' പരിപാടിയിലാണ് ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമങ്ങളില്‍നിന്നും നിരവധി രോഗികള്‍ സംഗമിച്ചത്. ശരീരം തളര്‍ന്നാലും മനസ്സും തളരാതെ വെല്ലുവിളികളെ ഇഛാശക്തിയോടെ എതിരേറ്റ് ജീവിതം മുമ്പോട്ടുകൊണ്‍ടുപോകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്‍ട് സുപ്രസിദ്ധ സിനിമാ നടന്‍ മാമുക്കോയ ഉണര്‍ത്തി. ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡന്റ് വി. കുഞ്ഞാലി, ആകാശവാണി അവതാരകന്‍ ആര്‍. കനകംബരന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍, സലാം നടുക്കണ്‍ടി, ഒ. അബ്ദുല്ല, അബൂബക്കര്‍ കൂളിമാട് എന്നിവര്‍ സംസാരിച്ചു. പി.കെ. ശരീഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുക്കം സലീമും സംഘവും ഒരുക്കിയ ഗാനവിരുന്ന് പരിപാടിക്ക് തിളക്കമേകി.

റിപ്പോര്‍ട്ട്: ഒ. ശരീഫുദ്ദീന്‍



 

ഗ്രാമത്തിന്റെ അഭിമാനമായി ഷഹിദി.(23/1/2009)


   ഹോമിയോ മെഡിസിനില്‍ ബിരുദാനന്തര ബിരുദത്തിനുള്ള പ്രവേശന പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ 12 ആം റാങ്ക്‌ നേടി നാടിന്റെ അഭിമാന പുത്രനായത്‌ എടക്കണ്ടി അബ്ദുസ്സലാമിന്റെ മകന്‍ Dr.ശഹിദിയാണ്‌. തിരുവനന്തപുരം ഗവണ്‍മന്റ്‌ ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്നും കഴിഞ്ഞ വര്‍ഷം BHMS പൂര്‍ത്തിയാക്കിയ Dr.ശഹിദി നാട്ടില്‍ പ്രാക്റ്റീസ്‌ ചെയ്യാന്‍ ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. ആദ്യ തവണ എഴുതിയപ്പോള്‍ തന്നെ ഉയര്‍ന്ന റാങ്ക്‌ നേടിയതിന്റെ ആഹ്ലാദത്തിലാണ്‌ ഇദ്ദേഹം. സംസ്ഥാന തലത്തില്‍ 30 ഓളം സീറ്റ്‌ മാത്രമേ ഹോമിയോ മെഡിസിനില്‍ ബിരുദാനന്തര പഠനത്തിന്‌ ലഭ്യമായിട്ടുള്ളൂ. materia medica എന്ന വിഭാഗത്തില്‍ ചേര്‍ന്ന് പഠിക്കാനാണ്‌ ഈ മിടുക്കന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നത്‌.


 

സാമ്പത്തിക തട്ടിപ്പ്‌ : പ്രതി ഇപ്പോഴും ഒളിവില്‍ (19/1/2009)

   മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി സമ്പാദ്യമെല്ലാം 'സുരക്ഷിതമായി' നിക്ഷേപിച്ച നിരവധി പേര്‍ കബളിക്കപെട്ട കേസില്‍ മുഖ്യ പ്രതി ഇപ്പോഴും ഓളിവില്‍ തന്നെ. മുത്തേരിക്കടുത്ത്‌ കണ്ണന്തറയിലെ മല്‍സ്യക്കച്ചവടക്കാരനായിരുന്ന റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സുകാരന്‍ അറുപത്‌ കോടിയുമായി മുങ്ങിയതോടെയാണ്‌ കോഴിക്കോട്‌, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ നൂറു കണക്കിനാളുകളുടെ പണത്തിന്‌ തുമ്പില്ലാതായത്‌. മുക്കത്തും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ഗള്‍ഫ്‌കാരുടെ ഭാര്യമാര്‍ക്ക്‌ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്‌. ഇതില്‍ പലതും ഭര്‍ത്താക്കന്മാര്‍ അറിയാതെയാണ്‌ 'ബിസിനസ്സിന്‌' നല്‍കിയത്‌. തട്ടിപ്പി നടത്തിയ സ്വര്‍ണം മുക്കത്തെയും കോഴിക്കോടെയും ധനകാര്യ സ്ഥാപനങ്ങളിലാണ്‌ പണയം വെച്ചിട്ടുള്ളത്‌.
പലരും പണം നിക്ഷേപിച്ചതിന്‌ പുറമെ പലരില്‍ നിന്നായി വാങ്ങി നല്‍കുകയും ചെയ്തിരുന്നു. ഇത്തരക്കാര്‍ ഭീമമായ സാമ്പത്തിക ബാധ്യതയില്‍ അകപ്പെട്ടിരിക്കുകയാണിപ്പോള്‍.
ഇടപാടുകാര്‍ക്ക്‌ വന്‍ തുക 'ലാഭ വിഹിതമായി' തുടക്കത്തില്‍ നല്‍കിയാണ്‌ ഇദ്ദേഹം ജനങ്ങളെ വലയില്‍ വീഴ്തിയത്‌. നാട്ടുകാരായ ഏജന്റുമാരില്‍ വിശ്വസിച്ച്‌ ഇതില്‍ പണം നിക്ഷേപിച്ച നിരവധി ചേന്ദമംഗല്ലൂര്‍കാരും ചതിയില്‍ പെട്ടിട്ടുണ്ട്‌. നേരത്തെ വിവിധ പേരുകളില്‍ സമാനമായ തട്ടിപ്പുകള്‍ നാട്ടില്‍ അരങ്ങേറിയപ്പോഴും പലരുടെയും പണം നഷ്ടപ്പെട്ടിരുന്നു.
മതിയായ രേഖകളോ ഈടൊയില്ലാതെ മറ്റുള്ളവരുടെ വാക്കില്‍ മാത്രം വിശ്വസിച്ച്‌ പണമേല്‍പിച്ചവരാണ്‌ പലരും. നിക്ഷേപം സ്വീകരിക്കുന്നവരുടെ മുന്‍കാല ചരിത്രമോ, ആസ്തിയോ പരിഗണിക്കാതെ പണമിറക്കി പണം വാരാന്‍ തുനിഞ്ഞിറങ്ങിയവരാണ്‌ ചതിയില്‍ പെട്ടത്‌. റിസ്കെടുക്കാന്‍ തയ്യാറാവാത്തവര്‍ ഒടുക്കേണ്ടി വന്നത്‌ വന്‍ റിസ്കാണ്‌.

റിപ്പോര്‍ട്ട്‌ : ഒ.ശരീഫുദ്ദീന്‍ മാസ്റ്റര്‍

 
 
2009 cmr on web Chennamangallur News chennamangaloor