|
അദ്രയ്മാന്‍
കാക്കയുടെ തോണി ഇനി എത്ര നാള്‍ കൂടി(19/02/2009)
ആ തോണിയും
തെയ്യത്തും കടവിലെ കാത്തു നില്പ്പും ഇനി എത്ര നാള്‍ കൂടി. ദശാബ്ദന്‍ങളുടെ
ചരിത്രമുള്ള ഈ കടവില്‍ പാലം വരികയാണ്. മഴക്കാലത്ത് രൗദ്രമായി
ഒഴുകുന്ന ഇരുവഴിഞ്ഞിയെ കീറി മുറിച്ച് ആളുകളെ അക്കര ഇക്കരെ എത്തിച്ചു
കൊണ്ടിരുന്ന അബ്ദുറഹിമാന്‍ കാക്കക്ക് ഇനി വിശ്രമത്തിന്റെ നാളുകളായിരിക്കും.
ചേന്ദമംഗല്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങളിലേക്ക് എത്താന്‍ കൊടിയത്തൂരിലെയും,
ചെറുവാടിയിലേയും കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും അബ്ദുറഹിമാന്‍
കാക്കയുടെ തോണി ആശ്രയമായിട്ട് ദശകങ്ങളായി.
ഇരുവഴിഞ്ഞിപ്പുഴക്ക്
തെയ്യത്തുംകടവില്‍ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് ദശകങ്ങളുടെ
പഴക്കമുണ്ട്. 1982 ജൂലൈ 15ന് ഉണ്ടായ തോണിയപകടത്തില്‍ ബി.പി.
മൊയ്തീനും അദ്ദേഹത്തിന്റെ ബന്ധു ഉള്ളാട്ടില്‍ ഉസ്സന്‍കുട്ടിയും
അംജ്ഖാന്‍ എന്ന ബാലനും മരിച്ചിരുന്നു. ഇതോടെ പാലം നിര്‍മിക്കണമെന്ന
ആവശ്യം ശക്തിപ്പെടുകയായിരുന്നു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ
അവസാന നിമിഷങളുടെ സാക്ഷി കൂടിയാണ് ഈ കടവ്.
മുക്കം-കൊടിയത്തൂര്‍
പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തെയ്യത്തുംകടവ് പാലത്തിന് ഭരണാനുമതി
ലഭിച്ചതായി തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസ് വാര്‍ത്താസമ്മേളനത്തില്‍
അറിയിച്ചു. അഞ്ചുകോടി 60 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന
പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ ഫെബ്രുവരി മാസത്തില്‍തന്നെ ആരംഭിക്കുമെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവമ്പാടി ഉപതെരഞ്ഞെടുപ്പില്‍
കൊടിയത്തൂര്‍ മേഖലയിലെ മുഖ്യതെരഞ്ഞെടുപ്പ് വിഷയവും തെയ്യത്തുംകടവ്
പാലമായിരുന്നു.
പാലം
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ സ്മാരകമാക്കാനുള്ള ശ്രമം
നടത്തുമെന്നും എം.എല്‍.എ വ്യക്തമാക്കി. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി
ഏപ്രില്‍ മധ്യത്തോടെ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. പാലത്തിനാവശ്യമായ സ്ഥലം വിട്ടുതന്ന്
നാട്ടുകാര്‍ മാതൃക കാണിച്ചിട്ടുണ്ട്. പാലം പൂര്‍ത്തിയാകുന്നതോടെ
കൊടിയത്തൂര്‍ പ്രദേശത്തുകാര്‍ക്ക് ചേന്ദമംഗല്ലൂരുമായി റോഡുമാര്‍ഗം
ബന്ധപ്പെടാന്‍ 10 കിലോമീറ്റര്‍ ദൂരം ലാഭിക്കാന്‍ കഴിയും. കൊടിയത്തൂര്‍
ഗ്രാമപഞ്ചായത്ത് അംഗം സി.ടി.സി. അബ്ദുല്ല, ഇടതുമുന്നണി കണ്‍വീനര്‍
കരീം കൊടിയത്തൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
'ചലചിത്ര ശില്‍പശാല' സമാപിച്ചു(14/2/2009)
മൂല്യവല്‍കൃത മാധ്യമ ലോകത്തെ വാര്‍ത്തെടുക്കാനുള്ള
ശ്രമങ്ങളുടെ ഭാഗമായി ഇസ്ലഹിയാ അസോസിയേഷന്‍ ആരംഭിച്ച മീഡിയാ അക്കാദമിയുടെ
മുന്നോട്ടേക്കുള്ള യാത്രയിലെ അവിസ്മരണീയ മുഹൂര്‍ത്തമായി മാറിയ
'ചലചിത്ര ശില്‍പശാല' സമാപിച്ചു. തനിമ കലാസാഹിത്യ വേദിയുമായി
സഹകരിച്ചായിരുന്നു ശില്പശാല സംഘടിപ്പിച്ചിരുന്നത്. ശില്‍പശാലയില്‍
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 40 അംഗങ്ങള്‍
പങ്കെടുത്തു. മൂന്നു ദിവസം നീണ്‍ണ്‍ടുനിന്ന ശില്‍പശാലയില്‍ എഡിറ്റിംഗ്,
സിനിമാ ഓട്ടോഗ്രഫി, സ്ക്രിപ്റ്റ് എന്നിവയില്‍ പ്രായോഗിക പരിശീലനം
നല്‍കി. പ്രസിദ്ധ സിനിമാ പ്രവര്‍ത്തകനായ ജോണ്‍പോളായിരുന്നു ക്യാമ്പ്
ഡയറക്ടര്‍. സിനിമാ സാങ്കേതികവശങ്ങളെക്കുറിച്ച് ദീപേഷ്, പ്രദീപ്,
അസ്ലു, ഹസീബ്, ജോണ്‍ റോമിയോ എന്നിവര്‍ ക്ളാസെടുത്തു.
ഫൈസല്‍, നജീബ്, നിഷാന്ത്, റഹ്മാന്‍ മുന്നൂര്‍ എന്നിവര്‍ ക്യാമ്പിന്
നേതൃത്വം നല്‍കി. ഡോക്യുമെന്ററി സംവിധായകന്‍ എം.എ. റഹ്മാനുമായി
ക്യാമ്പംഗങ്ങള്‍ സംവദിച്ചു. സമാപന സമ്മേളനത്തില്‍ ഒറീഗ മള്‍ടി
മീഡിയ ഡയരക്ടര്‍ നജീബ് കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു.
|
|