Home  |  History  |  News  | Pravasi  | Gallery  | Writers   | Kids Corner  | Institutions  | EmailFonts  |  About
 


പൊക്കുട്ട്യാക്കയുടെ ഓര്‍മ്മയില്‍ നിന്ന്(15/12/2008)

   'പറഞ്ഞ്‌ പറഞ്ഞ്‌ ചക്കയായി പോകുന്നത്‌' ചെന്ദമംഗല്ലൂര്‍കാരന്റെ പൊതു ഹാസ്യ ഭാവനക്ക്‌ ഉദാഹരണമായി പറയാറുണ്ട്‌. പോക്കുട്ട്യാക്കയും ജേഷ്ടന്‍ എവെറെസ്റ്റ്‌ മമ്മുട്ട്യാക്കയും തമ്മിലെ സംഭാഷണ ശകലം ഇന്ന് നാട്ടിലെ കൊച്ചു കുഞ്ഞിന്റെ പോലും ഹാസ്യോക്തിക്ക്‌ തുണയാണ്‌. മലയില്‍ പോയി ചക്കയും മാങ്ങയും തേനുമൊക്കെ കൊണ്ട്‌ വന്ന് അങ്ങാടിയിലെ വിശേഷ വസ്തുവായി വില്‍കുന്ന പോക്കുട്ട്യാക്ക, അത്തരത്തില്‍ ഏതോ മലയില്‍ കണ്ട മാങ്ങയെ വിശേഷിപ്പിച്ചപ്പോള്‍, അത്‌ ഹാവഭാവങ്ങളുടെ അത്ത്യോക്തിയില്‍, ചക്കയായി മാറിയതായാണ്‌ നമ്മുടെ അറിവ്‌. എന്നാല്‍ കഥയുടേ വസ്തുതാപരമായ വിവരവുമായാണ്‌ 'സി കെ പി യുടെ ഓര്‍മ്മയില്‍ നിന്ന്' പെരുന്നാള്‍ ദിനത്തില്‍ പ്രകാശനം ചെയ്തത്‌.

   നാടിന്റെ ഇനിയും നശിക്കാത്ത അപൂര്‍വ്വം ഓര്‍മ്മ ചെപ്പുകളില്‍ ഒന്നാണ്‌ സി കെ പോക്കുട്ടി എന്ന പോക്കുട്ട്യാക്ക. അന്‍പതുകളിലെ നാടന്‍ ജീവിതവും, അറുപത്തി നാലിലെ വെള്ളപ്പോക്കവും പറയാന്‍ അവശേഷിക്കുന്ന അപൂര്‍വ്വ കണ്ണിയായ പോക്കുട്ടി കാക്കയുടെ ഓര്‍മ്മയുടേ നേര്‍ കുറിപ്പാണ്‌ ഈ കൊച്ചു പുസ്തകം.
   സാധാരണ പുസ്തകങ്ങളുടെ ആലേഖന രീതിയോ, വാക്യ ഘടനയോ ആമുഖമോ ഇല്ലാതെ കഥ പറഞ്ഞു പോകുന്ന രീതിയിലാണ്‌ പുസ്തകം സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്‌. റമദാനില്‍ പള്ളി മൂലയിലിരുന്ന്, ഖുരആനില്‍ നിന്ന് പതുക്കെ മുഖമുയര്‍ത്തി, കഥ പറയുന്ന പോക്കുട്ടി കാക്കയുടെ അതേ ഭാവമാണ്‌ പുസ്തകത്തിന്നും.
പട്ടിണിയുടെയും പരിവെട്ടത്തിന്റെയും ഗ്രാമചരിത്രത്തില്‍ നിന്ന് തുടങ്ങുന്ന ചരിത്ര കഥനം വര്‍ത്തമാനത്തിന്റെ പൂമുഖത്ത്‌ അവസാനിക്കുന്നു. അതിനിടക്ക്‌ നെല്ലൂളി രാമന്റെ പീടികയിലെ മണ്ണെണ്ണയും, ഇരുവഴിഞ്ഞിയിലെ തോണി ഗതാഗതവും, തോണി വഴി തന്നെയുള്ള എരുന്തു കച്ചവടവും മുക്കത്തെ മുതലാളിമാരുടെ മരക്കച്ചടവും ഒക്കെ കടന്നു വരുന്നു.
   വയലില്‍ മമ്മദാജി പന മുറിച്ച്‌ നാട്ടുകാര്‍ക്ക്‌ വില്‍കുന്നതും, അത്‌ വാങ്ങി ഒരാഴ്ച വീട്ടില്‍ കഴിയാനുള്ള അന്നമാക്കുന്നതും ഹൃദ്ദ്യമായി പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.നാട്ടിലെ കല്ല്യാണങ്ങളുടെ ചേലും മട്ടും വിവരിക്കാന്‍ രണ്ട്‌ മുഴു പേജ്‌ ചിലവഴിച്ചിട്ടുണ്ട്‌. മാലയിട്ട്‌ വന്നിരുന്ന പുതിയാപ്പിളമാര്‍ പിന്നീട്‌ അതു ഒഴിവാക്കാനിടയായ കാരണത്തിന്റെ പോക്കുട്ടി ഭാഷ്യവുമൊക്കെ രസകരമാണ്‌.
   ഒതയമംഗലം ജുമുത്ത്‌ പള്ളിയുടെ ആദ്യ കാല ചിത്രം വിശദമായി തന്നെ വിശദീകരിച്ചിട്ടുണ്ട്‌ ഈ കൊച്ചു ഗ്രന്ഥത്തില്‍. പള്ളിയുടെ വികാസത്തിന്റെ ഘട്ടങ്ങള്‍ ഒന്നൊന്നായി അദ്ദേഹം വിശദീകരിക്കുന്നു. ശേഷം നാടിന്റെ പുരോഗതിയുടെ അമരക്കാരനായി കൊടിയത്തൂര്‍കാരനായ കെ സി അബ്ദുള്ള മൗലവി കടന്നു വരുന്നതും യു കെ യും മറ്റും സാമൂഹ്യ പരിഷ്കരണത്തില്‍ തങ്ങളുടേതായ പങ്ക്‌ വഹിക്കുന്നതും സി കെ പി യുടെ ഓര്‍മമയുലുണ്ട്‌.
   കാതോട്‌ കാതോരം മാത്രം പറഞ്ഞു കേട്ടിരുന്ന ചില ചേന്ദമംഗല്ലൂരിയന്‍ സംഭവങ്ങളും, ഇടര്‍ച്ച തട്ടിയെങ്കിലും, പുസ്തകത്തിന്റെ അവസാന ഭാഗത്ത്‌ പ്രത്യേകം പരാമര്‍ശിക്കുനുണ്ട്‌. ഒലിച്ചു വന്ന പെണ്ണും, അങ്ങാടിയിലൂടെ തോണിയുരുട്ടിയതുമെല്ലാം അത്തരത്തിലെ ചിലതു മാത്രം.
പെരുന്നാള്‍ ദിനത്തില്‍ കെ. മുഹമ്മദ്‌ കുട്ടി, കുഞ്ഞുട്ടി മോന്‍(മുഹമ്മദ്‌ അബ്ദുറഹിമാന്‌) ആദ്യ പ്രതി നല്‍കിയാണ്‌ 32 പേജുള്ള ഈ കൊച്ചു പുസ്തകം പ്രകാശനം ചെയ്തത്‌. വേലായുധന്‍ മാസ്റ്റര്‍,കെ ടി സി, എന്നിവര്‍ ചടങ്ങിന്ന് ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.

 
 
2008 cmr on web Chennamangallur News kunjali master chennamangallur