Home  |  History  |  News  | Pravasi  | Gallery  | Writers   | Kids Corner  | Institutions  | EmailFonts  |  About
 

ഇസ്‌ലാഹിയ മീഡിയാ അക്കാദമി ഉല്‍ഘാടനം ചെയ്തു(25/10/2008)

  കനത്ത മഴയുടെ അകമ്പടിയില്‍ ചേന്ദമംഗല്ലൂരിന്റെ ആധുനിക വിദ്യാഭ്യാസ ഭൂപടത്തിലേക്കുള്ള പ്രവേശനം ഉല്‍ഘാടനം ചെയ്യപ്പെട്ടു. അന്‍പത്‌ വര്‍ഷത്തിലധികം വിദ്യാഭ്യാസ സേവന മേഖലയില്‍ പരിചയമുള്ള ഇസ്ലാഹിയ അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ ഒറീഗ മള്‍ട്ടിമീഡിയയുമായി ചേര്‍ന്നാണ്‌ Islahiya Media Academy നാടിന്റെ തിലകച്ചാര്‍ത്തായി നിലവില്‍ വരുന്നത്‌.
    കേരളമൊട്ടുക്കും രണ്ട്‌ ദിവസമായി തുടരുന്ന കനത്ത മഴയില്‍ വിറങ്ങലിച്ച്‌ നില്‍ക്കുമ്പോള്‍, നമ്മുടെ നാട്ടിലും അവസ്ഥ ഭിന്നമായിരുന്നില്ല. ഒന്ന് ആഞ്ഞു പെയ്താല്‍ വെള്ളം കയറുന്ന പുല്‍പറമ്പില്‍ നല്ലൊരു വെള്ളപ്പൊക്കത്തിന്റെ എല്ലാ ലക്ഷണങ്ങളും ഒത്തു വന്നിരുന്നു.കയറിവരുന്ന വെള്ളത്തോടൊപ്പം സംഘാടകരുടെ ആത്മവീര്യത്തിന്‌ കോട്ടം തട്ടാതിരുന്നത്‌ പരിപാടിയുടെ വിജയത്തിന്‌ ആക്കം കൂട്ടി. തടിച്ചു കൂടിയ ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തി മന്ത്രി എളമരം കരീം Islahiya Media Academy നാടിന്ന് സമര്‍പ്പിക്കുമ്പോള്‍, മാധ്യമ മേഖലയിലെ ചേന്ദമംഗല്ലൂരിന്റെ സംഭാവന അച്ചടി മാധ്യമങ്ങളില്‍ ഒതുങ്ങിപ്പോയതിന്ന് പ്രായശ്ചിത്തമാകുമെന്ന് കരുതാം.
    എല്ലാ വിധ ആധുനിക സൗകര്യങ്ങളും ഇഴകിച്ചേര്‍ന്നാണ്‌ മീഡിയാ അക്കാദമി നിലവില്‍ വരുന്നത്‌. വെബ്‌ ഡെവലപ്പ്‌മന്റ്‌, 3D ആനിമേഷന്‍, സിനിമാ നിര്‍മാണം, സൗണ്ട്‌ ഏഡിറ്റിംഗ്‌ എന്നിങ്ങനെ മള്‍റ്റിമീഡിയയുടെ അനന്തവിഹായസ്സ്‌ അങ്ങനെ തന്നെ ഇസ്ലാഹിയയുടെ അങ്കണത്തില്‍ ഇന്നു ലഭ്യമായിരിക്കുന്നു.






കൂടുതല്‍ വാര്‍ത്തകള്‍...



ഇസ്ലാഹിയയുടെ വിദ്യാഭ്യാസ സേവനങ്ങള്‍ മാതൃകാപരം: മന്ത്രി എളമരം കരീം. (25/10/2008)

ചേന്ദമംഗല്ലൂര്‍: വിദ്യാഭ്യാസം അനുദിനം കമ്പോളവല്‍ക്കരിക്കപ്പെടുമ്പോള്‍ ഇസ്ലാഹിയ അസോസിയേഷന്‍ നടത്തുന്ന വിദ്യാഭ്യാസ സംരംഭങ്ങള്‍ മാതൃകാപരമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം പറഞ്ഞു. ഇസ്ലാഹിയയുടെ പുതിയ വിദ്യാഭ്യാസ സംരംഭമായ മീഡിയ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന പുതുതലമുറക്ക് കേരളത്തില്‍ തന്നെ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിന്ന് വ്യവസായ സംരംഭങ്ങള്‍ കേരളത്തില്‍ വളരേണ്ടതുണ്ടെന്നും അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കി അതിനുള്ള സാഹചര്യം ഒരുക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. കേരളം വിദ്യാഭ്യാസത്തിന് നാല്‍പ്പത് ശതമാനം ബജറ്റ് വിഹിതം നീക്കി വെക്കുന്നുണ്ട്. ഇവിടെ പഠിച്ചവര്‍ അന്യ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും തൊഴിലെടുക്കുന്ന ഖേദകരമായ സാഹചര്യമാണ് നിലവിലുള്ളത് മന്ത്രി ഓര്‍മ്മപ്പെടുത്തി.
ഡിജിറ്റല്‍ ലാബിന്റെ ഉദ്ഘാടനം യു. സി രാമന്‍ എം.എല്‍.എയും കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കുഞ്ഞാലിയും നിര്‍വഹിച്ചു. മീഡിയ അക്കാദമിയുടെ സമര്‍പ്പണം ഒറീഗ മാനേജിംഗ് ഡയറക്ടര്‍ പി.സി. താഹിര്‍ നിര്‍വഹിച്ചു. ഇസ്ലാഹിയാ അലുംനി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന്‍ സ്കോളര്‍ഷിപ്പ് പ്രഖ്യാപനം നടത്തി.
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷം വഹിച്ചു. ഇന്ത്യാ വിഷന്‍ എക്സിക്യുട്ടീവ് എഡിറ്റര്‍ നികേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എ. കല്യാണിക്കുട്ടി, കൊറ്റങ്ങല്‍ സുരേഷ് ബാബു, കരണങ്ങാട്ട് ഭാസ്കരന്‍, മുംതാസ് ജമീല, ടി.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇസ്ലാഹിയ അസോസിയേഷന്‍ പ്രസിഡണ്ട് ഒ.അബ്ദുറഹിമാന്‍ സ്വാഗതവും റഫീഖ് ചെറുകാരി നന്ദിയും പറഞ്ഞു.







 
 
2008 cmr on web Chennamangallur News