>>
വിട പറഞ്ഞപ്പോള്‍ >>
മുഖം തിരിച്ചു കിട്ടിയവര്‍
>>
പൂള കള്ളന്‍
>>
ചേന്ദമംഗല്ലൂരിലെ
പണം കായ്ക്കുന്ന മരങ്ങള്
|
എഴാം
ക്ലാസ്സില്‍ പഠിക്കുന്ന കാലം. ചേന്ദമംഗല്ലൂര്‍ GMUP സ്കൂളില്‍
ഇപ്പോള്‍ പുതുതായി നിര്‍മിച്ച ബഹു നില കെട്ടിടത്തിന്റെ സ്ഥാനത്ത്
അന്നൊരു ഓല ഷെഡ് മാത്രമായിരുന്നു. സ്കൂളില്‍ ആകെ മൂന്ന് ഓല ഷെഡുകളാണ്
ഉണ്ടായിരുന്നത്. ഒന്നു 7 C എന്ന സലാം മാസ്റ്ററുടെ സ്വന്തം ക്ലാസ്സ്
ഉള്‍പ്പെടുന്ന ഗ്രൗണ്ടിനോട് ചേര്‍ന്ന രണ്ട് മുറി ഷെഡ്. പിന്നെ
അതിന് അഭിമുഖമായി, ഹെഡ് മാസ്റ്ററുടെ റൂമിനും കിണറിന്നും അരികില്‍
നിന്ന് തുടങ്ങി സാമി മാര്‍ക്ക് പപ്പടത്തിന്റെ അടുത്തെത്തുന്ന
വലിയൊരു ഷെഡ്. ദിവംഗതനായ കൃഷ്ണന്‍ കുട്ടി മാസ്റ്ററുടെ 4 -A യും
ഒക്കെ അതിലായിരുന്നു. മൂന്നാമത്തേത് ഉച്ച ഭക്ഷണത്തിന്നായി ചോറും
പയറും തയ്യാറാക്കുന്ന താത്തയുടെ ഒറ്റ മുറി ഓലഷെഡും. അത് ക്രാഫ്റ്റ്
നമ്പൂരി മാഷുടെ ചര്‍ക്കയും നൂലുമൊക്കെ വെക്കുന്ന റൂമിനോട് ചേര്‍ന്നിട്ടുമായിരുന്നു.
ഈ മൂന്ന് ഷെഡും,
ഹെഡ് മാസ്റ്ററുടെ റൂമും സ്റ്റാഫ് റൂമും ഉള്‍കൊള്ളുന്ന സ്കൂളിന്റെ
പ്രധാന ബ്ലോക്കും ചേരുമ്പോള്‍ ഒരു നാലുകെട്ടിന്റെ പ്രതീതിയായിരിക്കും.
മുമ്പത്തെ ഏതോ ഗാന്ധി ജയന്തി നാളില്‍ നട്ട ആര്യവേപ്പ് തൈകള്‍
ഈ നാലുകെട്ടിന്റെ നടുക്കായി വളരുന്നുണ്ടായിരുന്നു. ഈ തൈകള്‍ക്കിടയിലൂടെയാണ്
ഉസ്മാന്‍ മാഷ് മുമ്പ് നിഷാദിനെ ഓടിച്ചിട്ട് തല്ലിയത്. മടിയുടെ
ഉത്തമ സ്വരൂപവും തരികിടയുടെ ഉസ്താദുമായിരുന്നു നിഷാദ്. ഹോസ്റ്റലില്‍
നിന്ന് സ്കൂളിലേക്ക് അവന്‍ വരുന്നത് തന്നെ, അന്ന് വാങ്ങി വെക്കാനുള്ള
അടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയായിരിക്കും.
ഹെഡ് മാസ്റ്ററുടെ
മുറിയിലെ ജനാലയിലൂടെ നോക്കിയാല്‍ ഈ രണ്ട് ഓല ഷെഡിലേക്കും നല്ല
കാഴ്ച്ചയായിരുന്നു.പഴയ മട്ടില്‍(സമചതുര സ്തംഭത്തിന്റെ രൂപത്തില്‍)
മര അഴികളാല്‍ നിര്‍മിച്ച ജനാലക്ക് പിറകില്‍ സമദ് മാഷ് തന്റെ
കണ്ണടയും വെച്ച് നോക്കി നില്‍ക്കുന്നത് 7-C യിലെ വീരശൂര പരാക്രമികള്‍ക്ക്
കാണാന്‍ പറ്റുമായിരുന്നില്ല. കാരണം ഓഫീസ് മുറി ചെറുതും ഇരുട്ടുള്ളതും
ആയിരുന്നു. ജനാലയുടെ അഴികള്‍ അടുത്തടുത്തായിരുന്നതിനാല്‍ പുറത്ത്
വെളിച്ചത്തില്‍ നില്‍കുന്നയാള്‍ക്ക് സൂക്ഷിച്ചു നോക്കിയാലല്ലാതെ
ജനാലക്ക് പിറകില്‍ ഇരിക്കുന്നയാളെ കാണാന്‍ പറ്റില്ല. 7-C യിലെ
ശൂരന്മാര്‍ക്ക് പക്ഷെ കാഴ്ചയുടെ ഈ തത്വങ്ങളൊന്നും അറിഞ്ഞു കൂടായിരുന്നെങ്കിലും,
ഒരു കാര്യം ഉറപ്പായിരുന്നു. അദ്ധ്യാപകനില്ലാത്ത സമയത്തെ പല അലമ്പുകളിലേയും
യഥാര്‍ത്ഥ പ്രതികളെ തന്നെ സമദ് മാസ്റ്റര്‍ നേരിട്ടു വന്ന് കൈകാര്യം
ചെയ്യും, അത് കട്ടായം.
തങ്ങളുടെ കള്ളത്തരങ്ങള്‍
ഇത്ര കണിശതയോടെ പിടികൂടുനത് എങ്ങനെയെന്ന വിദ്യ, അറിയാതെയെങ്കിലും
പുറത്ത് വന്നത് ഹെഡ് മാസ്റ്റര്‍ വഴി തന്നെയായിരുന്നു.
കല്‍പറ്റക്കാരനായ ജമാലിന് ന്യായം പറയാന്‍
നല്ല നാക്കായിരുന്നു. ഒരിക്കല്‍ ഇതു പോലെ എന്തോ കാരണത്തിന് ജമാല്‍
പിടിക്കപ്പെട്ടു. അതിശയകരമായിരുന്നു അവനത്. ആരും കാണില്ലെന്ന
ആത്മ വിശ്വാസത്തില്‍ ചെയ്ത വികൃതി പിടിക്കപ്പെട്ടതിന്റെ നൈരാശ്യത്തില്‍
അവന്‍ വിദഗ്ദമായി കുറ്റം നിഷേധിച്ചു. അവന്റെ ന്യായം പറച്ചിലിന്റെ
വൈദഗ്ദ്യവും, താന്‍ കണ്ണുകൊണ്ട് കണ്ട കാഴ്ചയെ ചെറുക്കന്‍ ഇത്ര
ശക്തമായി നിഷേധിക്കുന്നതും കണ്ടപ്പോള്‍ രണ്ടെണ്ണം പൊട്ടിച്ച്
കൊടുത്തു കൊണ്ട് മാഷ് ആ സത്യം വെളിപ്പെടുത്തി. തങ്ങളെല്ലാം ഒരദൃശ്യ
കണ്ണുകളാല്‍ വാച്ച് ചെയ്യപ്പെടുന്നുണ്ടെന്ന ഭീകര സത്യം ഞങ്ങളെ
ഒട്ടൊന്നുമല്ല സങ്കടപ്പെടുത്തിയത്. അതില്‍ പിന്നെ ജനാലക്ക് പിന്നില്‍
കണ്ണടത്തിളക്കം ഇല്ലെന്ന് ഉറപ്പു വരുത്തിയേ എന്ത് പോകിരിത്തരവും
ഞങ്ങള്‍ ചെയ്യാറുണ്ടായിരുന്നുള്ളൂ.
ആഴ്ച്ചയില്‍
ഒരിക്കലോ മറ്റോ ഒരു പിരീഡ് കളിയാണ്. പലപ്പോഴും തിങ്കളാഴ്ചയുടെ
മടുപ്പ് ആ ആഴ്ച്കയിലെ കളി പിരീഡിന്റെ പ്രതീക്ഷയിലാണ് തരണം ചെയ്യാറ്.
അങ്ങനെ ആറ്റു നോറ്റു കിട്ടിയ ഒരു കളി പിരീഡില്‍ ഞങ്ങള്‍ അക്കാലത്തെ
ഏറ്റവും വലിയ ആവേശമായിരുന്ന കള്ളനും പോലീസും കളിക്കാന്നാരംഭിച്ചു.
ഓടിയൊളിക്കുന്ന കള്ളന്മാരെ പിടികൂടാന്‍ പാണല്‍ പൊന്തയും കയ്യില്‍
പിടിച്ച് പോലീസുകാര്‍ അന്വേഷിച്ചിറങ്ങും. കളിക്ക് ഏകദേശം ഒരതിര്‍
വരമ്പൊക്കെ ഉണ്ടായിരിക്കും. എന്നാലും അതൊക്കെ കളിയുടെ ആവേശത്തില്‍
കാറ്റില്‍ പറത്തപ്പെട്ടു പോകും. സ്കൂള്‍ പറമ്പുകളെല്ലാം ബഹുദൂരം
പിറകിലാക്കി അത് പലപോഴും ചാളക്കണ്ടി തറവാട്ടിന് പിറകിലെ വിശാലമായ
പറമ്പിലോ, അല്ലെങ്കില്‍ അതിന്നടുത്ത വയലിലോ ഒക്കെ എത്തുമായിരുന്നു.
അന്ന് പോലീസായി കള്ളന്മാരെ
തേടിയിറങ്ങിയതായിരുന്നു ഞാനും മറ്റു രണ്ടു പേരും.K T മൗലവിയുടെ
വീടിന് താഴെയുള്ള പൊന്തക്കാട്ടില്‍ നിന്ന് ആരെയോ ഓടിച്ച് എത്തിപ്പെട്ടത്
ചാളക്കണ്ടി പറമ്പിന്റെ അതിര്‍ത്തിയില്‍. വയലില്‍ നിന്ന് മതില്
ചാടി ഇപ്പോള്‍ KT ഹാഷിംക്ക വെച്ച വീടിന്റെ അടുക്കള ഭാഗമടങ്ങുന്ന
സ്ഥലത്ത് എത്തിയപ്പോള്‍ തൊട്ടപ്പുറത്ത് നിന്ന് പരിചയമുള്ള ശബ്ദം
കേള്‍ക്കുന്നു. ചെന്നു നോക്കിയപ്പോള്‍ നമ്മുടെ നിഷാദും ജമാലുമെല്ലാം
അവിടെ സൊറ പറഞ്ഞിരിക്കുന്നു. അവരോട് കുശലം പറയാന്‍ അടുത്ത് ചെന്നപ്പോള്‍
ചങ്ങാതിമാര്‍ വെറുതെ ഇരിക്കുകയല്ലെന്ന് മനസ്സിലായി. എല്ലാവരുടെ
കയ്യിലും നല്ല പച്ച പ്പൂളയുണ്ട്. തൊട്ടടുത്ത പറമ്പില്‍ നിന്നെങ്ങാനും
പറിച്ചെടുത്തതായിരിക്കണം. ഹോസ്റ്റലില്‍ താമസിക്കുന്ന അവര്‍ക്കിതൊക്കെ
ഒരു ത്രില്ലാണ്. രാവിലെ പുഴുങ്ങിയ പൂളയും ഉച്ചക്ക് അതിന്റെ തന്നെ
കറിയും കൂട്ടുന്ന നമുക്ക് അതിനോട് പ്രതിപത്തി ഇല്ലെങ്കിലും കൂട്ടത്തിലെ
രസത്തിന് ഒരു കഷണം വാങ്ങി തിന്നു കൊണ്ട് അടുത്ത കള്ളനെ പിടിക്കാന്‍
ഓടി.
വൈകുന്നേരം സമദ് മാഷ്
ഒരു നല്ല ചൂരലും പിടിച്ച് ക്ലാസ്സില്‍ വന്നപ്പോള്‍ ഇന്ന് ജനാലയിലൂടെ
കണ്ട കാഴ്ച എന്തായിരിക്കുമെന്ന് ആശങ്കയോടെ ഒരോരുത്തരും ഓര്‍ത്തെടുക്കാന്‍
ശ്രമിച്ചു. ചങ്കിടിപ്പ് കൂടി വരുന്നു. ആദ്യം ജമാലിനെ പിന്നെ തടിയന്‍
നൗഷാദിനെ ശേഷം നിഷാദിനെ, അങ്ങനെ ഓരോരുത്തരെയായി മേശയുടെ അരികിലേക്ക്
വിളിപ്പിക്കുന്നു. അവര്‍ ആരുടെയോ പേരു പറയുന്നു. അങ്ങനെ അയാളും
മേശക്കരികിലേക്ക് വിറച്ച് വിറച്ച്. ഓരോരുത്തരും താന്താങ്ങളുടെ
നേര്‍ക്ക് ചൂണ്ടപ്പെടുന്ന വിരലിനെ ഭയന്ന് മുഖം താഴ്തി നില്‍ക്കെ,
അതാ ഒരു വിരല്‍ എനിക്കു നേരേയും.
മേശക്കരികില്‍ പൂര്‍ണ
നിഷ്കളങ്കനായി നില്‍ക്കെ, ആ കരളു പിളര്‍ക്കുന്ന ചോദ്യം വരുന്നു.
" നീ ആരാന്റെ പൂള കട്ടു തിന്നും അല്ലെടാാാ ". ഉത്തരം
പറഞ്ഞോ എന്ന് ഓര്‍മ്മയില്ല. അതോ ഒര്‍മ്മയില്‍ സൂക്ഷിക്കാന്‍ മാത്രം
സമയം അനുവദിച്ച് കിട്ടാതിരുന്നതോ,അതിനു മുന്നെ അടി വീണു.
അടിയേക്കാളധികം ആ ചോദ്യമാണ്
കണ്ണീരിന് കാരണമായത്. അന്നാണ് നിരപരാധിയുടെ കണ്ണീരിന്ന് ഇത്ര
ചൂടുണ്ടെന്ന അറിവു ലഭിച്ചത്. പക്ഷെ മോഷണ വസ്തു, തിന്നാലും അടി
ഉറപ്പാണെന്ന് അന്നു തന്നെ മനസ്സിലായി.
|