>>
വിട പറഞ്ഞപ്പോള്‍ >>
മുഖം തിരിച്ചു കിട്ടിയവര്‍
>>
പൂള കള്ളന്‍
>>
ചേന്ദമംഗല്ലൂരിലെ
പണം കായ്ക്കുന്ന മരങ്ങള്
|
വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങളില്‍' ജീന്‍ വാന്‍ ജിന്‍ ഒരു പ്രതീകമാവുന്നത്,
അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ജീവിക്കാനിടയായി നന്മയുടെ വിളക്ക്
കെടാതെ പ്രകാശിപ്പിച്ചതിനാല്‍ മാത്രമല്ല. സമൂഹത്തിന്റെ മൂര്‍ച്ചയേറിയ
കണ്ണില്‍ അദ്ദേഹം നിരന്തരം അപഹസിക്കപ്പെടുമ്പോള്‍ കൂടിയാണ്. വായനക്കാരനായ
മൂന്നാമന് എന്നും ജീന്‍വാല്‍ജിന്‍ ഒരു നല്ല മനുഷ്യനും, പോലിസ്
ഇന്‍സ്പെക്ടര്‍ കപട മാന്യതയുടെ പ്രതീകവുമാണ്. രണ്‍ടു പേര്‍ക്കും
തങ്ങളുടെ പക്ഷത്തെ ന്യായീകരിക്കാന്‍ കാരണങ്ങള്‍ ആവശ്യത്തിന് ഉണ്‍ടെന്ന
വസ്തുത വിസ്മരിക്കാതെ തന്നെയാണ് ഇത് പറയുന്നത്. പക്ഷേ, ഇത്തരം
കാരണങ്ങള്‍ ഒരു നാലാമന് മാത്രമേ ഉള്‍ക്കൊള്ളാനാവൂ. ഭൂരിപക്ഷം വരുന്ന
വായനക്കാരന് ജീന്‍വാല്‍ ജിന്‍ മാത്രമാണ് ശരി.
ടി.എന്‍. മരിച്ച് എനിക്കൊരു ഷോക്ക് ആയി അനുഭവപ്പെട്ടിരുന്നില്ല.
ഫോണ്‍ വന്നപ്പോള്‍ മനസ്സില്‍ എവിടെയോ ഒരു മുറിപ്പാട് വന്നപോലെ
തോന്നി എന്നു മാത്രം. അല്‍പം കഴിഞ്ഞപ്പോള്‍ മുറിപ്പാട് വലുതാകുന്നതും
ശക്തമായ നീറ്റലും തേങ്ങലുമായത് മാറിയതും അറിഞ്ഞു. എത്ര ശ്രമിച്ചിട്ടും
മനസ്സിനെ അടക്കാനാവുന്നില്ല. ഒരു കൊച്ചു മുറിപ്പാട് ഇങ്ങനെ പെട്ടെന്ന്
വളര്‍ന്ന് ഒരു മുറിവായതും അതിന്റെ വിങ്ങലില്‍ മനസ്സ് തേങ്ങുന്നതും;
എല്ലാം കൂടി ദിവസത്തിന് താളം തെറ്റിയപോലെ.
യഥാര്‍ഥത്തില്‍ എന്റെ ആരായിരുന്നു
ടി.എന്‍. നല്ല സ്നേഹമുള്ള ഒരയല്‍വാസി. കുഞ്ഞുനാള്‍ മുതല്‍ എസ്.ഐ.ഒ
ജമാഅത്ത് പരിപാടികളില്‍ ആകര്‍ഷണീയമല്ലാതെ ചിരിച്ച് എല്ലാവരോടും
കുശലം പറഞ്ഞ് നടന്ന മനുഷ്യന്‍. ബാലസംഘം പരിപാടികള്‍ക്കിടയിലോ,
പള്ളിയില്‍ 'കുട്ടി' ഇഅ്തികാഫുകള്‍ക്കിടയിലോ വെച്ച് ചെറുതായി പുറത്ത്
തട്ടിയ ഓര്‍മയുണ്‍ട്. അന്ന് ടി.എന്‍. ഞങ്ങള്‍ക്ക് നേതാവാണ്. കാലത്തിന്റെ
പ്രയാണത്തില്‍ വളര്‍ന്ന് ടി.എന്നിന്റെ കൂടെ ജമാഅത്ത് യോഗങ്ങളില്‍
എത്തിയപ്പോള്‍ കൊച്ചു തമാശകള്‍ പറയാനായി അദ്ദേഹത്തിന്റെ കുടെ ഇരിക്കാറുണ്‍ടായിരുന്നു.
ഇതിലപ്പുറം എനിക്ക് അദ്ദേഹവുമായുള്ള വ്യക്തിബന്ധങ്ങളെ ഇഴപിരിച്ചെടുക്കാന്‍
പറ്റുന്നില്ല.
സ്വയം വളര്‍ന്നു എന്‍ തോന്നുമ്പോള്‍
നമ്മുടെ പതനം ആരംഭിക്കും എന്നാണ് പറച്ചില്‍. അത്തരം ഏതോ സന്ദര്‍ഭത്തില്‍
ആ മനുഷ്യനെ കളിയാക്കി ചിരിച്ചതും മനസ്സില്‍ കടന്നുവന്നു. ഒട്ടനവധി
കഥകള്‍ അദ്ദേഹത്തിന്റെ പേരില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്‍്. കൊച്ചു
കുട്ടിയായ ഞാനടക്കം അത് പറഞ്ഞു ചിരിക്കുന്നു.
എല്ലാവരുടെ ഉള്ളിലും ഒരു സാഡിസ്റ്റ് ഉണ്ട്.
തനിക്ക് പ്രാപ്യമായവരെ അവമതിക്കുമ്പോള്‍ സ്വയം വലുതാവുന്നു എന്ന
തോന്നലില്‍ ആ സാഡിസം ഉണ്ട്. നമ്മില്‍ പലര്‍ക്കും ഒരു സാഡിസ്റ്റ്
ആവാന്‍ ലഭ്യമായി എന്നും ടി.എന്‍. ഉണ്‍ടായിരുന്നു.
സ്വയം കൃതാനര്‍ഥങ്ങള്‍ക്ക് മനുഷ്യന്‍ ന്യായീകരണങ്ങള്‍
ചമച്ചുകൊണ്‍ടേയിരിക്കും. സ്വന്തം നന്മയുടെ പ്രകാശത്തിന് തീവ്രത
കുറഞ്ഞ് വരുമ്പോള്‍ അപരന്റെ ഉള്ളിലെ തിളങ്ങുന്ന പ്രകാശം പലര്‍ക്കും
അസ്വാസ്ഥ്യങ്ങള്‍ ഉണ്‍ടാക്കും. അങ്ങനെ അസ്വാസ്ഥ്യങ്ങള്‍ ഉണ്‍ണ്‍ടായി
വരുമ്പോള്‍ പെട്ടെന്ന് കടന്നുവരുന്ന വികാരമാണ് പരിഹാസം. മറ്റുള്ളവരുടെ
കൊച്ചു നന്മകള്‍ പോലും കഴിവുകേടായി വിലയിരുത്താന്‍ നാം ശ്രമിക്കും.
ഒന്ന് നിഷ്കളങ്കമായി ചിരിക്കുന്നത് കണ്‍ടാല്‍ ലോകം തിരിയാത്തവനും,
ശത്രുവിനോട് മൃദുലമായി സംസാരിച്ചാല്‍ കാര്യബോധമില്ലാത്തവനുമായി
ചിത്രീകരിക്കാന്‍ നമ്മുടെയുള്ളിലെ അപകര്‍ഷതാബോധത്തില്‍നിന്നും
വരുന്ന സാഡിസം തയാറായി നില്‍പുണ്‍ടാവും.
അല്ലെങ്കിലും നിഷ്കളങ്കത ജീവിതവിജയത്തിന്റെ
നിദാനമായി എണ്ണാത്ത കാലമാണിത്. അത് ബുദ്ധിയും ഉല്‍സാഹവും ഇത്തിരി
കുരുട്ടും കൂടി ചേര്‍ത്താല്‍ മാത്രം നേടിയെടുക്കാവുന്നതായിട്ടാണ്
നാം പഠിച്ചു വെച്ചിട്ടുള്ളത്. നമ്മള്‍ ഇപ്പോഴും ജീവിത വിജയത്തിന്റെ
ഇത്തരം കൂട്ടുകള്‍ തേടി നടക്കുകയാണ്.
പക്ഷേ, ഒരു നല്ല മനുഷ്യന്‍ ചേന്ദമംഗല്ലൂരിന്റെ
ഇടവഴികളിലൂടെ നടന്ന്, മതലുകള്‍ക്കപ്പുറവും ഇപ്പുറവും കുശലം പറഞ്ഞ്,
പശുവിന്റെ തീറ്റയും അതിനിടക്ക് ശേഖരിച്ച് ജീവിതവിജയം നേടി യാത്ര
പറഞ്ഞുകഴിഞ്ഞു. സ്നിഗ്ദമായ വ്യക്തി ബന്ധങ്ങളില്‍, നന്മയുടെ കണ്ണികള്‍
വിളക്കി ചേര്‍ത്ത് ആത്മാര്‍ഥമായി സ്വന്തം പ്രസ്ഥാനത്തെ സ്നേഹിച്ച
ടി.എന്‍. അബ്ദുറഹ്മാന്‍ സാഹിബ് നാടിന്റെ തേങ്ങലാവുന്നത് അങ്ങനെയാണ്.
|